ചെണ്ടുമല്ലിത്തോട്ടമായി ഗുണ്ടൽപേട്ട്; ഓണത്തിന് കേരളത്തിലേക്ക് പൂക്കളൊഴുകും

#ന്യൂസ് ഡെസ്ക്
ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലിത്തോട്ടം | File Photo: Shameer Machingal/Mathrubhumi
ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലിത്തോട്ടം | File Photo: Shameer Machingal/Mathrubhumi

മൈസൂരു: ഗുണ്ടൽപേട്ടിൽ ഇക്കുറി പൂപ്പാടങ്ങൾ ചെണ്ടുമല്ലികളാൽ സമൃദ്ധമാണ്. അതിനാൽ ഓണത്തിന് കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് അതിർത്തികടന്ന് പൂക്കളുടെ ഒഴുക്കായിരിക്കും. കിലോമീറ്ററുകളോളം കടുംമഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിത്തോട്ടങ്ങൾ പരന്നുകിടക്കുകയാണ്.

കേരളത്തിൽ ഓണത്തിന് എല്ലാക്കാലത്തും പൂക്കളെത്തുന്നത് ഗുണ്ടൽപേട്ട്, തോവാള, ഹൊസൂർ, മൈസൂരു തുടങ്ങിയയിടങ്ങളിൽനിന്നാണ്. തിരുവോണം അടുക്കുന്നതോടെ ടൺകണക്കിന് മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലികളും വാടാമല്ലികളും ഗുണ്ടൽപേട്ടിൽനിന്നെത്തും.

ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കൾക്കാണ് ഓണക്കാലത്ത് വൻ ഡിമാൻഡ്. കഴിഞ്ഞവർഷം ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 60-ഉം മഞ്ഞയ്ക്ക് 140-ഉം രൂപയായിരുന്നു വില. ഈ വർഷം വില അല്പം കൂടും. കർണാടകത്തിൽ കാലവർഷം കുറഞ്ഞതുകാരണം ജലസേചനത്തിനും മറ്റും കൂടുതൽ തുകയാണ് കർഷകർക്ക് ചെലവായത്.

ഗുണ്ടൽപേട്ടിൽനിന്ന് ആദ്യം പൂക്കളെത്തുന്നത് തൊട്ടടുത്തുള്ള വയനാട് ജില്ലയിലാണ്. അതിനാൽ ഇവിടെ വിപണിയിൽ പൂക്കൾക്ക് അല്പം വില കുറവാണ്. കണ്ണൂർ, കോഴിക്കോട്, കാസർകോട് പൂവിപണികളിലും ഗുണ്ടൽപേട്ടിലെ പൂക്കൾതന്നെയാണ് ഓണവിപണിയിലെ രാജാക്കൻമാർ. ബെംഗളൂരുവിൽനിന്നും കേരളത്തിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യാറുണ്ട്. ഇതിന് വില അല്പം കൂടും.

Content Highlights: Gundlupet marigold farms bloom for Onam 2026, ensuring steady flower exports to Kerala despite higher prices.