സൈന്യത്തിൽനിന്ന് ലഭിച്ച അടുക്കും ചിട്ടയും കൃഷിയിലും; ജൈവകൃഷിയിൽ വിജയഗാഥയുമായി വിമുക്തഭടൻ

രാഹുലൻ കുട്ടമ്പൂരിലെ കൃഷിയിടത്തിൽ
രാഹുലൻ കുട്ടമ്പൂരിലെ കൃഷിയിടത്തിൽ

കാക്കൂർ(കോഴിക്കോട്): സമ്മിശ്രകൃഷിയിൽ വിജയം തീർക്കുകയാണ് കുട്ടമ്പൂരിലെ വിമുക്തഭടൻ തൽപ്പാടി രാഹുലൻ. 28 വർഷത്തെ സൈനികസേവനത്തിനുശേഷം വിരമിച്ച ഇദ്ദേഹം കൃഷിയിൽ പുത്തൻ പരീക്ഷണവുമായി വിശ്രമമില്ലാതെ വിയർപ്പൊഴുക്കി കുട്ടമ്പൂർ വയലിനെ ഹരിതാഭമാക്കി മാറ്റുകയാണ്‌. സൈനിക സേവനത്തിനുശേഷം ജെൻഡർ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന രാഹുലൻ ജോലി കഴിഞ്ഞുള്ള ബാക്കിസമയത്താണ് കാർഷിക കാര്യങ്ങൾ ചെയ്യുന്നത്. ജൂനിയർ കമ്മിഷൻ ഓഫീസറായാണ് സൈന്യത്തിൽനിന്ന്‌ വിരമിച്ചത്.

സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലത്താണ് കൃഷിയിറക്കാറുള്ളത്. വിവിധതരം വാഴകൾ, ഇടവിളക്കൃഷികളായ കപ്പ, ചേമ്പ്, മഞ്ഞൾ എന്നിവയും പാവൽ, വെണ്ട, പയർ, ചീര, വെള്ളരി തുടങ്ങി വിവിധ പച്ചക്കറികളും രാഹുലൻ കൃഷി ചെയ്യാറുണ്ട്. ജലസേചനത്തിന് കിണറും മോട്ടോറും ഘടിപ്പിച്ച് ജലസേചന സൗകര്യം ഒരുക്കിയതിനാൽ കടുത്ത വേനലിലും പച്ചക്കറിക്കൃഷി ചെയ്യാൻ കഴിയുന്നതായി രാഹുലൻ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ വർഷം വിഷരഹിത പച്ചക്കറികൾ സമീപത്തെ അങ്ങാടികളിൽ വിൽപ്പനയ്ക്കായി എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഈ കർഷകൻ പങ്കുവെക്കുന്നുണ്ട്.

സൈന്യത്തിൽനിന്നു ലഭിച്ച അടുക്കും ചിട്ടയും കൃഷിയിലും കാണിക്കുന്നതാണ് കൃഷികളുടെ വിജയരഹസ്യമായി രാഹുലൻ പറയുന്നത്‌. പൂർണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്. കീടങ്ങളെ തുരത്തുന്നതിന് ജൈവരീതിയിലുള്ള കഷായങ്ങൾ നിർമിച്ച് പ്രയോഗിക്കുന്നതിനാൽ വിളവുകൾ കാര്യക്ഷമമാക്കാൻ കഴിയുന്നുണ്ട്. ശക്തമായ വേനൽമഴ പച്ചക്കറിക്കൃഷികളെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും വാഴ, കപ്പ, മറ്റു കിഴങ്ങുവർഗങ്ങളുടെ കൃഷിക്ക് ഇത് ഗുണം ചെയ്തതായി ഇദ്ദേഹം പറയുന്നു.

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture

കൃഷി വ്യാപകമാക്കാൻ ഉദ്ദേശ്യമുണ്ടെങ്കിലും കാട്ടുപന്നികളുടെ ശല്യമാണ് പ്രധാന വെല്ലുവിളി. പന്നികളെ തുരത്തുന്നതിന് കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്ത് കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്നത് ചെറുക്കാൻ കഴിയാത്ത സ്ഥിതിയാണ്. പന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ശക്തമാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. 

Content Highlights: retired soldier achieves organic farming