ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക്, പുന്നച്ചാൽ പാടശേഖരത്തിൽ വിത്തുവിതയ്ക്കൽ ചൊവ്വാഴ്ച

ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യര്‍ \ മാതൃഭൂമി
ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യര്‍ \ മാതൃഭൂമി

ഉദയംപേരൂർ: അച്ഛൻ നടൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് നടൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക്. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിലാണ് നടൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ചൊവ്വാഴ്ചയാണ് വിത്ത് വിതയ്‍ക്കൽ. ഇതിനായി പാടശേഖരം ഉഴുത് ഒരുക്കിക്കഴിഞ്ഞു.

ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വർഷങ്ങളായി ഇവിടെ നെൽകൃഷി ചെയ്തുവന്നത്. പാടശേഖരത്തിന് ചേർന്നു തന്നെയാണ് ശ്രീനിവാസൻ കുടുംബസമേതം താമസിക്കുന്നതും. സാജു കുര്യൻ, മനു ഫിലിപ്പ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

80 ഏക്കറിലാണ് ഇത്തവണ നെൽകൃഷി ചെയ്യുന്നതെന്ന് മനു ഫിലിപ്പ് പറഞ്ഞു. ഉദയംപേരൂർ പഞ്ചായത്ത്, കൃഷിഭവൻ, എംഎഫ്സി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10-ന് നടക്കുന്ന വിത മഹോത്സവം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി അധ്യക്ഷയാകും.
ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മണികണ്ഠൻ ആചാരി, മധ്യ കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഫൗണ്ടർ ജോർജ് കുളങ്ങര എന്നിവർ മുഖ്യാതിഥികളാകും.

Content Highlights: Actor Dhyan Sreenivasan follows in his father Sreenivasan`s footsteps, participating in rice cultivation at Punnachal Padasekharam. Sowing begins Tuesday.