സംസ്ഥാനത്ത് നെല്ല് 'വളരുന്നില്ല': മീന്‍ കൃഷി മുതല്‍ സംഭരണവില വരെ പ്രതികൂലഘടകങ്ങള്‍

#കെ.വി. കല
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തൃശ്ശൂര്‍: സംസ്ഥാനത്തെ നെല്ലുത്പാദനം വീണ്ടും താഴേക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷം തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ ഉത്പാദനത്തില്‍ 10.5 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഉത്പാദനക്ഷമതയിലും വിസ്തൃതിയിലും പിന്നാക്കംപോയിട്ടുണ്ട്. രാജ്യത്തെ നെല്ലുത്പാദനത്തില്‍ 2023-24-ല്‍ 20.7 ലക്ഷം ടണ്ണിന്റെ വര്‍ധനയുണ്ടായപ്പോളാണ് കേരളത്തില്‍ 62,400 ടണ്‍ കുറഞ്ഞത്.

5.3 ലക്ഷം ടണ്ണാണ് കഴിഞ്ഞവര്‍ഷത്തെ ഉത്പാദനം. സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിമൂലം കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിക്കുകയാണ്. കേരളത്തിലാണ് ഏറ്റവുംകൂടുതല്‍ സംഭരണവിലയെന്ന് സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സ്ഥിതി മറിച്ചാണെന്നാണ് കണക്ക്.

ഒരുവര്‍ഷംകൊണ്ട് നെല്‍വയല്‍ വിസ്തൃതിയില്‍ 5.9 ശതമാനത്തിന്റെ കുറവുണ്ടായി. മൊത്തം കൃഷിവിസ്തൃതിയുടെ 7.1 ശതമാനമാണ് നെല്‍ക്കൃഷി. 2023-24-ല്‍ മുണ്ടകന്‍ നെല്‍ക്കൃഷി വിസ്തൃതി കൂടിയെങ്കിലും വിരിപ്പ്, പുഞ്ച കൃഷി കുറഞ്ഞു. ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും മൂന്നുസീസണിലും കുറവുണ്ടായി.

കൃഷി കുറയാന്‍ അഞ്ച് കാരണങ്ങള്‍

•  ഉയര്‍ന്നകൂലിയും ഉത്പാദനച്ചെലവും കാരണം കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍. പലരും കൃഷി ഉപേക്ഷിക്കുന്നു

•  കാലാവസ്ഥാമാറ്റത്തെത്തുടര്‍ന്നുണ്ടായ കൃഷിനഷ്ടം

•  കാലംതെറ്റിയ മഴയെ ഓര്‍ത്തുള്ള ആശങ്കയില്‍ കൃഷിയിറക്കുന്നതില്‍ ചില കര്‍ഷകര്‍ താത്പര്യക്കുറവ് കാണിക്കുന്നു

•  വയല്‍ഭൂമി ദീര്‍ഘനാളായി തരിശിട്ട് പിന്നീട് തരംമാറ്റുന്ന പ്രവണത

•  സര്‍ക്കാരിന്റെ 'ഒരു മീനും നെല്ലും പദ്ധതി'യും ചിലയിടങ്ങളില്‍ നെല്‍ക്കൃഷിക്ക് തിരിച്ചടിയാവുന്നു. മീന്‍കൃഷി സമയബന്ധിതമായി നിര്‍ത്തി നെല്ലിലേക്കുമാറാന്‍ പല കര്‍ഷകരും തയ്യാറാകുന്നില്ല.

Content Highlights: decline in paddy cultivation kerala