ഉമ്മൻചാണ്ടി കാർഷിക പുരസ്‌കാരം ചെറുവയൽ രാമന്

#ന്യൂസ് ഡെസ്ക്
ചെറുവയൽ രാമൻ | PHOTO: MATHRUBHUMI
ചെറുവയൽ രാമൻ | PHOTO: MATHRUBHUMI

തിരുവനന്തപുരം: കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്. അഞ്ചുലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഇക്കൊല്ലം പുതുതായി ഏർപ്പെടുത്തിയതാണ് സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം.

സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരത്തിന് രാജനാരായണനും(തിരുവില്വാമല), കേരകേസരി പുരസ്‌കാരത്തിന് കോഴിക്കോട് ചക്കിട്ടപ്പാറ കെ.കെ.സേവ്യറും അർഹരായി. ഇരുവർക്കും 2,00,000 രൂപ വീതം ലഭിക്കും.

പുതുതായി ഏർപ്പെടുത്തിയതുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ മന്ത്രി ടി.സിദ്ദിഖ് പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള പുരസ്‌കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമപ്പഞ്ചായത്തും പങ്കിട്ടു(5,00,000 രൂപ വീതം). വി.വി.രാഘവൻ സ്മാരക അവാർഡ് തിരുവല്ല കുറ്റൂർ കൃഷിഭവനാണ്-5,00,000 രൂപ.

കെ.വിശ്വനാഥൻ(മിത്രാനികേതൻ) നെൽക്കതിർ അവാർഡ് പാലക്കാട് നെന്മേനി നെൽ ഉത്പാദക പാടശേഖരസമിതിക്കാണ്(3,00,000 രൂപ). പൈതൃക കൃഷി, വിത്തുസംരക്ഷണം, വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്-ഗോട്ടിയാർകണ്ടി ഉന്നതി, പുതൂർ അഗളി-2,00,000 രൂപ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ.

മറ്റു പുരസ്‌കാരങ്ങൾ:

ജൈവകർഷകൻ- ഷാജഹാൻ വി.വൈ., കൊടുങ്ങല്ലൂർ, 2,00,000 രൂപ.

യുവകർഷകൻ- ഹാഷിക് കെ., പൊഴുതന, വയനാട്, 1,00,000 രൂപ.

ഹരിതമിത്ര- രജീഷ് കെ., തളിപ്പറമ്പ, കണ്ണൂർ, 1,00,000 രൂപ.

ഹൈടെക് കർഷകൻ- പുഷ്പഹാസ് പി., ചിതറ, കൊല്ലം, 1,00,000 രൂപ.

കർഷകജ്യോതി- കിഷോർ വി., കടപ്ലാമറ്റം കോട്ടയം, 1,00,000 രൂപ.

തേനീച്ചക്കർഷകൻ- അനീഷ് കെ.പി., വണ്ടൂർ, മലപ്പുറം, 1,00,000 രൂപ.

കർഷകതിലകം വനിത- സാവിത്രി കെ., പുല്ലൂർ-പെരിയ, കാസർകോട് 1,00,000 രൂപ.

മട്ടുപ്പാവ് കൃഷി(ചങ്ങനാശ്ശേരി ഫാത്തിമാപുരം അനിത മൻസിലിൽ അനിത എം.കാസിം- 50,000 രൂപ), ഉദ്യാനശ്രേഷ്ഠ (കോട്ടയം നാഗമ്പടം പടിപുരയ്ക്കൽ ഡോളി വർഗീസ്- 50,000 രൂപ) എന്നിവയാണ് പുതിയ പുരസ്‌കാരങ്ങൾ. 35 വിഭാഗങ്ങളിലായിരുന്നു ഇതുവരെ പുരസ്‌കാരം നൽകിയിരുന്നത്. ചിങ്ങം ഒന്ന്, ഓഗസ്റ്റ് 17-ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫലകവും ക്യാഷ് അവാർഡും ഉൾപ്പെട്ട പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

50,000 രൂപവീതമുള്ള മറ്റു പുരസ്‌കാരങ്ങൾ

ശ്രമശക്തി- രണ്ടുപേർക്ക്- സുനിലാൽ വി. ഇടവ, ശ്രീനോജ് കെ.എസ്. തിരുനെല്ലി വയനാട്.

കർഷകഭാരതി അച്ചടിമാധ്യമം- ജിതിൻജോസ്, മലയാള മനോരമ, ആലപ്പുഴ.

നവമാധ്യമം- അഭിലാഷ് കരിമുളയ്ക്കൽ, ആലപ്പുഴ.

ദൃശ്യമാധ്യമം- മനോജ് എസ്., കൃഷി അസി. ഡയറക്ടർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി.

കൂൺകൃഷി- സച്ചിൻ ജി. പൈ., ന്യൂട്രി ബഡ്‌സ് മഷ്‌റൂം ഫാം, പരപ്പ, കാസർകോട്.

പഴവർഗസംസ്‌കരണം- ജ്യൂസ് ക്രഷ്, തിരുവാലി മലപ്പുറം.

വിദ്യാഭ്യാസസ്ഥാപനം- സിദ്ധാർഥ സെൻട്രൽ സ്‌കൂൾ, നെടുമ്പന കൊല്ലം.

സ്‌പെഷ്യൽ സ്‌കൂൾ- കാർമൽ ജ്യോതി, അടിമാലി ഇടുക്കി.

പച്ചക്കറി സ്റ്റാൾ-കിണർമുക്ക് പായം, ഏറ്റുകുടുക്ക കണ്ണൂർ.

പൊതുമേഖലാസ്ഥാപനം- സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, കണ്ണൂർ.

സ്വകാര്യസ്ഥാപനം- പീരുമേട് ഡിവലപ്‌മെന്റ് സൊസൈറ്റി, ഇടുക്കി

ഭിന്നശേഷി കർഷകൻ- തോരപ്പ മുസ്തഫ, കോഡൂർ, മലപ്പുറം.

25,000 രൂപവീതമുള്ള പുരസ്‌കാരങ്ങൾ

കൃഷിക്കൂട്ടം- അഗ്രോ സർവീസ് സെന്റർ നീലേശ്വരം, കാസർകോട്, പോരുവഴി കാർഷിക കർമസേന, കൊല്ലം.

കർഷകവിദ്യാർഥി (സ്‌കൂൾ)- ആദിത്യൻ കെ.എ. കറുകയിൽ ചേർത്തല സൗത്ത് ഗവ. എച്ച്.എസ്.എസ്.

എഫ്.പി.ഒ./എഫ്.പി.സി.-പാലാ സാന്തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി.

പ്രാഥമിക കാർഷിക വായ്പാസംഘം- ആലുവ വെളിയത്തുനാട് സർവീസ് സഹകരണസംഘം, കാർഷിക ഗവേഷണത്തിന് എം.എസ്. സ്വാമിനാഥന്റെ പേരിലുള്ള പുരസ്‌കാരം- ഡോ. ഹസീന ഭാസ്‌കർ, െറസിെഡന്റ് അസോസിയേഷൻ- സ്‌നേഹസംഗമം കണ്ണൂർ, അഴീക്കോട്, കൃഷി ഓഫീസർ- മുഹമ്മദ് മുനീർ ബിലാൽ(വാഴയൂർ കൃഷിഭവൻ, മലപ്പുറം), കൃഷി ഓഫീസർ/അസിസ്റ്റന്റ്- ഹസ്‌ന പി.എ.(കൃഷിഭവൻ ഉണ്ണികുളം കോഴിക്കോട്), സതീഷ് എം.(പെരുമാട്ടി കൃഷിഭവൻ, പാലക്കാട്), ഷിനു എസ്.(കൃഷിഭവൻ കല്ലിയൂർ, തിരുവനന്തപുരം), എൻജിനിയർ- വിനിയാ വി.എസ്.(കോട്ടയം) എന്നിവർക്ക് ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. നാമനിർദേശം ലഭിക്കാത്തതിനാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു പുരസ്‌കാരമില്ല.

Content Highlights: Padma Shri Cheruvayal Raman awarded the maiden Oommen Chandy Agricultural Award., He cultivates over 30 traditional paddy seed varieties in Wayanad., Recognized for his lifelong dedication to heritage seed conservation and organic farming., Continues to live a simple life in his thatched hut, inspiring future generations.