താങ്ങുവില കൂട്ടി; ഗുണം കിട്ടുമോയെന്ന ആശങ്കയില്‍ നെല്‍ക്കര്‍ഷകര്‍

#ടിജോ ജോസ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: REUTERS/ JAYANTA DEY
പ്രതീകാത്മക ചിത്രം| ഫോട്ടോ: REUTERS/ JAYANTA DEY

പാലക്കാട്: നെല്ലിന്റെ താങ്ങുവില കേന്ദ്രം കിലോയ്ക്ക് 23 രൂപയായി ഉയര്‍ത്തിയെങ്കിലും അതിന്റെ പ്രയോജനം കിട്ടുമോയെന്ന ആശങ്കയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍. നിലവില്‍ സംസ്ഥാനം നല്‍കിവരുന്ന പ്രോത്സാഹനവിഹിതവും ചേര്‍ത്ത് നെല്ലുവില കിലോയ്ക്ക് 29.37 രൂപയായി ഉയരേണ്ടതാണ്. എന്നാല്‍, ഇപ്പോള്‍ കിട്ടുന്ന സംഭരണവിലയായ 28.20 രൂപതന്നെ കൂടുതലാണെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കൂ.

2023 ജൂണില്‍ 20.40 രൂപയായിരുന്ന താങ്ങുവില കേന്ദ്രം 21.83 രൂപയാക്കിയെങ്കിലും ഈ ആനുകൂല്യം സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിയില്ല. സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹനത്തുക ആനുപാതികമായി കുറച്ചതോടെ വില കിലോയ്ക്ക് 28.20 രൂപയായി തുടരുകയായിരുന്നു. മുമ്പ് നല്‍കിയിരുന്ന പ്രോത്സാഹനവിഹിതമായ 7.80 രൂപ 6.37 രൂപയായി കുറയ്ക്കുകയാണ് സംസ്ഥാനം ചെയ്തത്. മുമ്പ് കേന്ദ്രം വില കൂട്ടിയിരുന്ന സമയത്ത് ആനുപാതികമായി സംസ്ഥാനവിഹിതവും കൂട്ടിയിരുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. കൂട്ടിയില്ലെങ്കിലും വിഹിതം നിലനിര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് (സി.എ.സി.പി.) നിര്‍ദേശപ്രകാരം കഴിഞ്ഞ ഖാരിഫ് വിളക്കാലത്തെ (വേനല്‍ക്കാല) ഉത്പാദനച്ചെലവ് കണക്കാക്കി കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവിലയുടെ ആനുകൂല്യം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദനച്ചെലവ് നാലുവര്‍ഷത്തിനിടെ മൂന്നിരട്ടിയായി ഉയര്‍ന്നതോടെ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് നെല്‍ക്കൃഷി വലിയ ബാധ്യതയായി മാറുകയാണ്. ?

Content Highlights: cabinet approves increase of kharif crops, paddy farmers concerned over statewise implementation