പക്ഷിപ്പനി; 10 വർഷംകൊണ്ട് 1,400 കർഷകർ താറാവുകൃഷി ഉപേക്ഷിച്ചു

പ്രതീകാത്മക ചിത്രം | ഫോട്ടോ: ജയേഷ് പി.‌മാതൃഭൂമി(ഫയൽചിത്രം)
പ്രതീകാത്മക ചിത്രം | ഫോട്ടോ: ജയേഷ് പി.‌മാതൃഭൂമി(ഫയൽചിത്രം)

കുട്ടനാട്: പക്ഷിപ്പനി അടക്കമുള്ള രോഗങ്ങളും തുടർന്നുള്ള നിയന്ത്രണങ്ങളും താറാവുകർഷകർക്ക് വലിയ തിരിച്ചടിയാകുന്നു. 10 വർഷംകൊണ്ട് പകുതിയിലധികം കർഷകർ താറാവുകൃഷി ഉപേക്ഷിച്ചു.

2014-ൽ 1,860 താറാവുകർഷകർ ജില്ലയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ 427 പേരാണ് ഈ രംഗത്ത് സജീവമായി ഉള്ളത്. ഐക്യ താറാവുകർഷകസംഘം നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം.

ഒരു താറാക്കൂട്ടത്തെ വളർത്തി വിൽപ്പനപ്പരുവമാക്കാൻ കർഷകനെക്കൂടാതെ രണ്ടുപേർ കൂടി വേണം. ഉപജീവനത്തിനു താറാവുകൃഷി ഉതകാത്തതുമൂലമാണ് ഇവരുടെ പിന്മാറ്റം.

രോഗംവന്നാൽ നഷ്ടം മാത്രം

2014 മുതൽ രണ്ടുവർഷത്തെ ഇടവേളകളിൽ കുട്ടനാടൻമേഖലയെ പക്ഷിപ്പനി ബാധിച്ചു. ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കുമെന്നു പറയുമ്പോഴും അവ പൂർണമായും ഫലപ്രദമായിട്ടില്ല. ആലപ്പുഴ, കോട്ടയം ജില്ലകളിലെ താറാവുകളിലാണ് ഇത്തവണ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രണ്ടിടത്തും എച്ച് 5 എൻ 8 വൈറസാണു കണ്ടെത്തിയത്. പല വകഭേദങ്ങളുള്ള ഇൻഫ്ളുവൻസ ടൈപ്പ്‌ എ എന്ന വൈറസാണു രോഗകാരണം. രോഗംബാധിച്ച താറാക്കൂട്ടത്തെ മാനദണ്ഡങ്ങൾക്കനുസരിച്ചു കൊല്ലുകയാണ് പ്രതിവിധി. കൊന്നതിന്റെ കണക്കുവെച്ച് നഷ്ടപരിഹാരവും നൽകും. പക്ഷേ, രോഗബാധ സർക്കാർ പരിശോധനാകേന്ദ്രം സ്ഥിരീകരിക്കേണ്ടതുണ്ട്.

രോഗം സ്ഥിരീകരിക്കാതെ കൊന്നാൽ നഷ്ടപരിഹാരവും ലഭിക്കില്ല. അതുവരെ ഇവയ്ക്ക് തീറ്റ നൽകേണ്ടിയുംവരും. കുട്ടനാട്ടിൽ പക്ഷിപ്പനി പരിശോധനാകേന്ദ്രം എന്നത് വെറും വാഗ്ദാനമായി തുടരുകയാണ്.

താറാവുകർഷകരെ പട്ടിണിയിലാക്കരുത്
60 വർഷമായി താറാവുവളർത്തലാണ് തൊഴിൽ. പക്ഷിപ്പനിയുടെ പേരിൽ തങ്ങളെ പട്ടിണിയിലാക്കരുത്. പനിവന്ന മനുഷ്യരെ കൊന്നൊടുക്കിയാണോ രോഗം നിയന്ത്രിക്കാറ്, മരുന്നു നൽകിയല്ലേ? അതു പോലെ താറാവുകൾക്ക് മരുന്നു നൽകുകയാണു വേണ്ടത്. കെ. ശമുവേൽ - സെക്രട്ടറി, ഐക്യ താറാവുകർഷകസംഘം

Content Highlights: bird flu 1,400 farmers gave up duck farming in 10 years