അഗ്രിസ്റ്റാക്ക് കർഷക ഐഡി: ഈ മാസം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആനുകൂല്യങ്ങൾ മുടങ്ങിയേക്കാം

#അഗ്രി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Ajith Sankaran / Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Ajith Sankaran / Mathrubhumi

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി’ പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ കർഷകരും ഈ മാസം തന്നെ രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.

ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ വഴിയായിരുന്നു അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നടന്നിരുന്നത്. നിലവിൽ കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. നിലവിൽ സ്വന്തമായി ഭൂമിയുള്ള കർഷകർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഏകീകൃത കർഷക ഐഡി ലഭിക്കും. ഭാവിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ ഐഡി നിർബന്ധമായിരിക്കും.

കർഷകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഏകീകൃത ഐഡി നമ്പറുമായി ബന്ധിപ്പിക്കും. ഭൂരേഖാ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് റവന്യു വകുപ്പ് കർഷക ഐഡിക്ക് അനുമതി നൽകുന്നത്. അതിനാൽ വില്ലേജ് ഓഫിസുകളിലെ പരിശോധന പൂർത്തിയായാലേ ഐഡി ലഭ്യമാകൂ.

ആധാറും ഭൂമിയുടെ രേഖകളും ഒരിക്കൽ ബന്ധിപ്പിച്ചുകഴിഞ്ഞാൽ, ഓരോ പുതിയ പദ്ധതികൾക്കും ആവർത്തിച്ച് രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും എന്നതാണ് കർഷക രജിസ്ട്രിയുടെ പ്രധാന പ്രത്യേകത. ഇതുവഴി ആനുകൂല്യങ്ങളും സബ്സിഡികളും കൂടുതൽ സുതാര്യമായും വേഗത്തിലും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാകും. ഭാവിയിൽ ഡിജിറ്റൽ ക്രോപ്പ് സർവേയുമായി ബന്ധിപ്പിക്കുന്നതോടെ ഇൻഷുറൻസ് ക്ലെയിമുകളും അതിവേഗം ലഭ്യമാക്കാൻ സാധിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ഭൂമിയുടെ രേഖകൾ (കരമടച്ച രസീത്/പോക്കുവരവ് രേഖകൾ) എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ, കൃഷിഭവനുകൾ എന്നിവ വഴി ഫാർമർ ഐഡിക്കായി രജിസ്റ്റർ ചെയ്യാം. തുടർന്ന് റവന്യു വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കർഷക ഐഡി അനുവദിക്കുക.

പ്രത്യേക ക്യാമ്പുകൾ ഈ മാസം

ഈ മാസം അവസാനത്തോടെ പരമാവധി കർഷകരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി കൃഷിഭവനുകളും കർഷക കൂട്ടായ്മകളും ചേർന്ന് വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. രജിസ്ട്രേഷനിൽ പിന്നിൽ നിൽക്കുന്ന ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

രാജ്യത്താകമാനം ഒമ്പത് കോടിയിലധികം കർഷകർ ഇതിനോടകം ഫാർമർ ഐഡി സ്വന്തമാക്കിയിട്ടുണ്ട്. അർഹതപ്പെട്ട കാർഷിക ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി കേരളത്തിലെ മുഴുവൻ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെടുക.

Content Highlights: Register for AgriStack 2026 to ensure uninterrupted access to agricultural subsidies and insurance. Complete your farmer ID registration today. Click to learn how.