’പാൽതോണി’യിലേറി പാടത്തേക്ക്; പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ഒരുക്കി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ

കുമളി: മലയാളിയുടെ ഭക്ഷണശീലത്തിൽ നിന്ന് ഒഴിച്ചുകൂടാവാനത്തതാണ് ഊണ്. നല്ലയൂണിനോ.....തുമ്പപ്പൂപോലെയുള്ള കുത്തരിച്ചോറ് നിർബന്ധം. എന്നാൽ ഊണിനോടുള്ള ആ താത്പര്യം നെല്ല് കൃഷി ചെയ്യുന്ന കാര്യത്തിൽ മലയാളി കാട്ടുന്നില്ല. സാമ്പത്തിക നഷ്ടമാണ് നെൽകൃഷിയിൽ നിന്നും കർഷകരെ പിന്നോട്ടു വലിക്കുന്ന വലിയ പ്രശ്നം. ആവശ്യത്തിന് തൊഴിലാളികളെയും കിട്ടാനില്ല. എന്നാൽ നെൽകൃഷിയിലെ നഷ്ട സാധ്യതകൾ നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം കൂടുതൽ പേരെ നെൽകൃഷിയിലേക്ക് ആകർഷിക്കാൻ കച്ചമുറുക്കി പാടത്തിറങ്ങിയിരിക്കുകയാണ് കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ. വണ്ടന്മേട് കൃഷിഭവനിന്റെ കൃഷി അസിസ്റ്റന്റുമാരായ ബിബിൻ കെ.ജോൺ, ബിനു ശങ്കർ, അനികുമാർ, മനോജ് അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കൃഷി ഒരുക്കുന്നത്.
കുടിയേറ്റകാലം മുതൽ നെൽ കൃഷിയുടെ ഈറ്റില്ലമാണ് അണക്കര പാടം. 250 ഹെക്ടർ നെല്പാടമാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനവും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതും മൂലം കാലക്രമേണ കർഷകർ നെൽകൃഷിയിൽ നിന്നും പിന്തിരിഞ്ഞു. നിലവിൽ അണക്കര പാടത്ത് 30 ഹെക്ടറിൽ മാത്രമാണ് നെൽകൃഷി ചെയ്യുന്നത്.
കർഷകരുടെ നെൽകൃഷിയിൽ നിന്നുള്ള പിന്മാറ്റം എന്തുകൊണ്ടാണെന്ന് കൃഷി ചെയ്ത് തന്നെ മനസിലാക്കിയെടുക്കാനാണ് കൃഷിഭവൻ ഉദ്യോഗസ്ഥരായ നാലുപേർ ഫയലുകളുടെ ലോകത്ത് നിന്നും പാടത്തിലേക്ക് ഇറങ്ങിയത്.
പാൽതോണി ചില്ലറക്കാരനല്ല
അണക്കര പാടത്തെ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ പാടം ഒരു വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ഇവർ കൃഷി നടത്തുന്നത്. അയ്യായിരം രൂപയാണ് പാട്ടം. കൃഷിക്കായി ഉപയോഗിക്കുന്നത് പ്രദേശിക നെല്ലിനമായ അണക്കര പാൽതോണിയാണ്. 150 ദിവസംകൊണ്ട് വിളവെടുക്കാന് കഴിയുന്നതിനൊപ്പം നല്ല വിലയും ലഭിക്കും. കിലോയ്ക്ക് 80 രൂപയാണ് വിപണിവില. ഒരു വർഷത്തിൽ രണ്ട് തവണ കൃഷിയിറക്കാം. മികച്ച രീതിയിൽ കൃഷി നടത്താൻ സാധിച്ചാൽ ഇവരുടെ ചുവടുവെയ്പ്പ് പിഴക്കില്ലെന്നുറപ്പാണ്.
ചെലവുണ്ട് പക്ഷേ ലാഭമൂണ്ടാക്കാം
സ്ഥലം പാട്ടത്തിനെടുത്തതിന് പുറമേ വിത്ത്, ഉഴവുകൂലി, വരമ്പ് പണി, നടീൽ, പൂട്ട് കൂലി ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപ ഇവർക്ക് ഇതിനോടകം ചെലവായിട്ടുണ്ട്. നാല് മാസങ്ങൾക്ക് ശേഷം നെല്ല് കൊയ്യാം. അപ്പോൾ കൊയ്ത്തുകൂലിയായി 30,000 രൂപ കൂടി ചെലവാകും. കൃഷിക്കുള്ള തുക വഹിക്കുന്നത് നാലുപേരും ചേർന്നാണ്. ഒരേക്കറില് നിന്നും 1500 കിലോ നെല്ലാണ് ലഭിക്കുക. ഇത് കുത്തി അരിയാക്കി മാറ്റുമ്പോള് 860 മുതൽ 900 കിലോ അരി കിട്ടും. ഞാറ് നട്ട സമയത്ത് മഴ ലഭിച്ചതിനാൽ നല്ല വിളവാണ് ഇത്തവണ ഇവർ പ്രതീക്ഷിക്കുന്നത്.
കൃഷിഭവനിലെ ഉദ്യോഗസ്ഥർക്ക് എല്ലാവിധ പിന്തുണയുമായി വണ്ടന്മേട് കൃഷി ഓഫീസർ ലിനറ്റ് ജോർജ് അടക്കമുള്ളവർ രംഗത്തുണ്ട്. അണക്കര പാടത്തെ കൃഷി വിജയമാകുന്നതോടെ മറ്റ് ജില്ലകളിലേക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തിൽ നെൽകൃഷി നടത്താനുള്ള പദ്ധതികളും ഇവർ തയാറാക്കുന്നുണ്ട്.
Content Highlights: agriculture department officials rice cultivation at leased field