കൂൺകൃഷി: സാമ്പത്തിക സഹായമോ വായ്പയോ ലഭിക്കുമോ? തുടക്കക്കാർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

#സുരേഷ് മുതുകുളം
പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

പോഷകഭക്ഷണം, വരുമാനദായകമായ വീട്ടുസംരംഭം എന്നീ നിലകളിൽ കൂൺകൃഷിമാറി. സംരംഭം എന്ന നിലയിൽ ഇതാരംഭിക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്- നന്നായി കൂൺകൃഷി നടത്തിവരുന്ന ഫാമുകളോ സ്ഥാപനങ്ങളോ സന്ദർശിച്ചു കാര്യങ്ങൾ പ്രയോഗികമായി നേരിൽക്കണ്ട് മനസ്സിലാക്കുക. രണ്ട്- ചെറിയതോതിൽമാത്രം തുടങ്ങി വിജയമുറപ്പിച്ചിട്ടുമാത്രം കൂടുതൽ വിപുലീകരിക്കുക. ഇത് രണ്ടും തുടക്കക്കാർ ശ്രദ്ധിക്കണം.

കൃഷിക്കാര്യം

കേരളത്തിലെ കാലാവസ്ഥയിൽ ആദായകരമായി വളർത്താൻ യോജിച്ചതാണ് ചിപ്പിക്കൂൺ. വൈക്കോൽ, മരപ്പൊടി എന്നിവയാണ് ഇതിനുവേണ്ട മാധ്യമങ്ങൾ. അധികം പഴയതല്ലാത്ത നല്ല സ്വർണനിറമുള്ള വൈക്കോലാണ് വേണ്ടത്. ഇത് ചുമ്മടുപോലെ ചുരുട്ടിയോ, ചെറുകഷണങ്ങളായി മുറിച്ചോ ഉപയോഗിക്കാം. ഇങ്ങനെ ഒരുക്കിയ വൈക്കോൽ 12 മുതൽ 18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിവെക്കണം. തുടർന്ന് അല്പം ഉയർത്തി വെള്ളം വാലാൻ ​വെക്കുക. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞ്‌ ഈ വൈക്കോൽ ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്തു അര മുതൽ മുക്കാൽ മണിക്കൂർ നേരം തിളപ്പിക്കണം. ആവിയിൽ പുഴുങ്ങിയെടുത്താലും മതി. ഇത് വൃത്തിയുള്ള ഒരിടത്ത്‌ ഏഴ്-എട്ട് മണിക്കൂർ നിരത്തിയിടണം. പാകമാക്കിയ വൈക്കോൽ മുറുകെ പിഴിയുമ്പോൾ കൈയിൽ നനവ് പറ്റാത്ത അവസ്ഥയാണ് പാകം എന്നുദ്ദേശിക്കുന്നത്.

ബെഡ്ഡുകൾ തയ്യാറാക്കാൻ 30 സെന്റിമീറ്റർ വീതിയും 60 സെന്റിമീറ്റർ നീളവുമുള്ള പോളിത്തീൻ കവറുകൾ (200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടർത്തിവച്ചു അതിലൂടെ ആദ്യം ഒരു വൈക്കോൽ ചുരുൾ കൈകൊണ്ട് അമർത്തി വെക്കുക. അതിനുമീതെ വശങ്ങളിൽമാത്രം കൂൺവിത്തു വിതറണം. ഇങ്ങനെ മൂന്നോ നാലോ തട്ടുവരെ ഒരു കവറിൽ നിറയ്ക്കാം. ഏറ്റവും മുകളിൽ നന്നായി കൂൺവിത്തു വിതറിയിട്ടു ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവർ മുറുക്കിക്കെട്ടണം. അണുവിമുക്തമാക്കിയ ഒരു മൊട്ടുസൂചികൊണ്ട് കവറിന്റെ വശങ്ങളിൽ ചെറുസുഷിരങ്ങൾ ഇട്ടതിനുശേഷം കൂൺതടങ്ങൾ വൃത്തിയുള്ള ഇരുട്ടുമുറിയിൽ തൂക്കിയിടുക. 12-15 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ കവറിനുള്ളിൽ വളർന്നുവ്യാപിക്കും. ഹാൻഡ് സ്പ്രേയർ കൊണ്ട് വെള്ളം തളിച്ച് ബെഡ്‌ഡിൽ നനവ് നിലനിർത്തണം. ഒരു ബ്ലേഡ്കൊണ്ട് കവറിൽ ചെറിയ കീറലുകൾ ഉണ്ടാക്കണം. ഇനി തടങ്ങൾ സാമാന്യം ഈർപ്പവും വെളിച്ചവുമുള്ള മുറിയിലേക്ക് മാറ്റാം. ദിവസവും രണ്ടുനേരം നനയ്ക്കണം. മൂന്ന്-നാല് ദിവസംകൊണ്ട് കൂൺ പുറത്തുവരും. അപ്പോൾ വിളവെടുക്കാം. ബെഡ്ഡുകൾ വീണ്ടും അല്പം വെള്ളം നനച്ചു സൂക്ഷിച്ചാൽ നാലഞ്ചു ദിവസം കഴിയുമ്പോൾ വീണ്ടും കൂണുകൾ മുളച്ചുവരും. ഇങ്ങനെ ഒരു ബെഡ്‌ഡിൽ നിന്നുതന്നെ മൂന്നുതവണവരെ വിളവെടുക്കാം.

കൂൺ ഗ്രാമങ്ങൾ

ഇനി കൃഷിവകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പാക്കുന്ന കൂൺ ഗ്രാമങ്ങളെക്കുറിച്ച് പറയാം. ചെറുകിട-വൻകിട കൂൺ ഉത്‌പാദന യൂണിറ്റുകൾക്ക് സഹായമുണ്ട്. 80 മുതൽ 100 ബെഡ് ശേഷിയുള്ള ചെറുകിട കൂൺഗ്രാമങ്ങൾക്ക് യൂണിറ്റൊന്നിന്‌ 11,250 രൂപ, 300 ബെഡ് ശേഷിയുള്ള വലിയ യൂണിറ്റിന് രണ്ടുലക്ഷം രൂപ, ആധുനിക സംവിധാനമുള്ള കൂൺവിത്തുത്‌പാദന യൂണിറ്റിന് രണ്ടുലക്ഷം രൂപ, പാക്ക് ഹൗസിന് രണ്ടുലക്ഷം രൂപ, മൂല്യവർധനയ്ക്കുള്ള സംഭരണയൂണിറ്റിന് ഒരു ലക്ഷം രൂപ, കമ്പോസ്റ്റ് യൂണിറ്റിന് 50,000 രൂപ എന്നിങ്ങനെയാണ് സഹായം. വേണ്ടത്ര പരിശീലനവും നൽകും. വിവരങ്ങൾക്ക്: 0471 -2330857

Content Highlights: Learn how to cultivate mushrooms at home.