കൃഷിയും യുട്യൂബും വായനയും; കാഴ്ചപ്പാടുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന എംബിഎക്കാരനായ യുവ കർഷകൻ

ഭൂരിഭാഗം യുവാക്കളും നഗരങ്ങളിലെ ശീതീകരിച്ച ഓഫീസുകളും ഉയർന്ന ശമ്പളവും കോർപ്പറേറ്റ് ജോലികളും സ്വപ്നം കണ്ടുണരുമ്പോൾ നിതിൻ വിജയ് എന്ന യുവാവ് തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ പാതയാണ്. എംബിഎ ബിരുദത്തിന് ശേഷം ഏഴ് വർഷത്തോളം വിവിധ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്ത നിതിൻ തന്റെ ഇഷ്ടജീവിതത്തിലേക്ക് തിരികെനടന്നപ്പോൾ അദ്ദേഹത്തിന് നാടിനോടും മണ്ണിനോടുമുള്ള അഭിനിവേശമായിരുന്നു മുതൽക്കൂട്ട്. ഇടുക്കിയിലെ മഞ്ഞണിഞ്ഞ ഏലത്തോട്ടങ്ങളിൽ മണ്ണറിഞ്ഞ് കൃഷി ചെയ്യുന്ന ഈ യുവകർഷകൻ വലിയൊരു പ്രചോദനമാണ്.
കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങളും ലക്ഷ്യങ്ങൾക്കായുള്ള നെട്ടോട്ടവും നിതിനെ അസംതൃപ്തനാക്കിയിരുന്നു. "ചെയ്യുന്ന കാര്യത്തിൽ നമുക്ക് സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ലെങ്കിൽ പിന്നെ അത് ശരിയാവില്ല" എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ എത്തിച്ചത്. വിദേശത്തേക്ക് പോകാനുള്ള അവസരം മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് പിതാവിനൊപ്പം കൃഷിയിൽ വ്യാപൃതനാകാൻ നിതിൻ തീരുമാനിച്ചതിന് പിന്നിലും കൃഷിയോടുള്ള പകരം വെക്കാനില്ലാത്ത താത്പര്യമാണ്.
ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യുക
ചെറുപ്പം മുതലേ മണ്ണിനെ തൊട്ടറിഞ്ഞു വളർന്നതുക്കൊണ്ട് തന്നെ താനെടുത്ത തീരുമാനത്തിൽ നിതിന് രണ്ടാമതൊരു ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല. മാതാപിതാക്കൾ എല്ലാ തീരുമാനങ്ങളെയും പിന്തുണച്ചതുപോലെ കൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തെയും പിന്തുണച്ചു. ഇത്രയും പഠിച്ചിട്ട് എന്തിനാണ് കൃഷി ചെയ്യാൻ പോകുന്നതെന്ന പലരുടെയും ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ മറുപടിയുമുണ്ട്. പഠനം എന്നത് കേവലം ഒരു ജോലിക്കുള്ള ഉപാധിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തിനും സ്വയം മെച്ചപ്പെടുത്തലിനുമുള്ളതാണെന്ന് നിതിൻ വിശ്വസിക്കുന്നു. എംബിഎ എന്നല്ല, എന്ത് ഉയർന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ഒരാൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇടുക്കി കുമളിയിൽ ഒരേക്കർ സ്ഥലത്താണ് ഏലവും കുരുമുളകും കൃഷി ചെയ്യുന്നത്. അച്ഛൻ വർഷങ്ങളായി കൃഷി ചെയ്യുന്ന ആളായതിനാൽ, തുടക്കത്തിൽ ഒരു സഹായമായിട്ടാണ് നിതിൻ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്, അതും നന്നേ ചെറുപ്പത്തിൽ. കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അച്ഛനും അമ്മയും തന്നെയാണ്. ഇന്നും താൻ അച്ഛന്റെ സഹായിയാണെന്ന് പറയാനാണ് നിതിൻ ഇഷ്ടപ്പെടുന്നതും. എന്നാൽ, കൃഷിയിടത്തിലെ എല്ലാ പണികളും നിതിന് കാര്യക്ഷമതയോടെ പൂർത്തിയാക്കാൻ അറിയാമെന്നതാണ് മറ്റൊരു വസ്തുത. മണ്ണിനെയും കൃഷിയെയും കുറിച്ച് ഇനിയും പഠിക്കാനുണ്ടെന്നും ഇത് എല്ലാകാലത്തേക്കും നീണ്ടുനിൽക്കുന്ന ജീവിതചര്യയാണെന്നും നിതിൻ പറയുന്നു.
വേണം അടുക്കളത്തോട്ടം, അതും ജൈവം
ഏലത്തിനും കുരുമുളകിനും പുറമെ നിതിൻ സ്വന്തമായി ഒരു അടുക്കളത്തോട്ടവും പരിപാലിക്കുന്നുണ്ട്. പയർ, മത്തൻ, പാവൽ, വെള്ളരി, ഇഞ്ചി, മഞ്ഞൾ, മുളക് എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ മിക്കവാറും എല്ലാ പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കുന്നു. ചെറുപ്പം മുതൽ അമ്മയ്ക്കൊപ്പം അടുക്കളത്തോട്ടം ഒരുക്കാൻ ഒപ്പം ചേർന്നിരുന്ന നിതിന് ജീവിതത്തിന്റെ ഭാഗമാണ് പൂക്കളും പച്ചക്കറികളുമെല്ലാം. അടുക്കളത്തോട്ടത്തിലെ കൃഷി ലാഭത്തിന് വേണ്ടിയല്ല, വീട്ടുപയോഗത്തിന് വേണ്ടിയുള്ളതാണ്. മിച്ചം വരുന്നത് അയൽക്കാർക്ക് നൽകുന്നതിലാണ് നിതിൻ സന്തോഷം കണ്ടെത്തുന്നത്.
കൃഷി ലാഭകരമാണോ എന്ന കാര്യത്തിൽ നിതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇടനിലക്കാരുടെ ഇടപെടലുകൾ കർഷകർക്ക് അർഹമായ വില ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ഒരു കുടുംബത്തിന്റെ കാര്യങ്ങൾ നടന്നുപോകാനുള്ള വരുമാനം കൃഷിയിൽനിന്ന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏലത്തിന് ഉണ്ടാകുന്ന പുതിയ തരം രോഗങ്ങൾ കാരണം പൂർണ്ണമായും ജൈവകൃഷി എന്നത് ഈ സാഹചര്യത്തിൽ അപ്രായോഗികമാണെന്ന് നിതിൻ തുറന്നുപറയുന്നു. എങ്കിലും, പരമാവധി അളവ് കുറച്ച് സർക്കാർ അംഗീകൃതമായ മരുന്നുകൾ മാത്രമേ പ്രയോഗിക്കാറുള്ളൂ. മണ്ണിലേക്ക് അനിയന്ത്രിതമായി രാസവളങ്ങൾ തള്ളുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറയുന്നു. കൃത്യമായ ഇടവേളകളിൽ മണ്ണ് പരിശോധിച്ച് കൂടുതലായി ജൈവവളങ്ങളെ ആശ്രയിച്ച് ആവശ്യമായ അളവിൽ മാത്രം രാസവളങ്ങൾ ചേർത്ത് കൃഷി ചെയ്യുക എന്നതാണ് നിതിന്റെ പക്ഷം. എന്നാൽ, പച്ചക്കറികളുടെ കാര്യത്തിൽ രാസവളം ഉപയോഗിക്കാതെ ജൈവ മാർഗ്ഗങ്ങളാണ് നിതിൻ സ്വീകരിച്ചുവരുന്നത്.
കൃഷിയോടൊപ്പം തന്നെ തന്റെ പാഷനുകളായ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കൂടി പൊടിതട്ടിയെടുക്കാൻ നിതിൻ തീരുമാനിച്ചിരുന്നു. കൃഷിവിശേഷങ്ങളും ഇടുക്കിയുടെ പ്രകൃതിഭംഗിയും ഉൾപ്പെടുത്തി തുടങ്ങിയ 'ഡിവൈൻ ഹിപ്പി' എന്ന യുട്യൂബ് ചാനൽ ഇന്ന് വലിയ വിജയമാണ്. നിതിൻ പങ്കുവെക്കുന്ന വീഡിയോകൾ കണ്ട് ഒട്ടേറെ ആളുകളാണ് കൃഷിചെയ്യാനും ഇടുക്കിയെ അറിയാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ പരിമിതമായ അറിവുകൾ കൃഷി ചെയ്യാൻ താത്പര്യമുള്ളവരുമായി പങ്കുവെക്കുന്നതിലൂടെ അവർ സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെങ്കിലും കൃഷി ചെയ്യാൻ തയ്യാറായാൽ അതിലും വലിയ സംതൃപ്തി മറ്റൊന്നിനും നൽകാൻ സാധിക്കുകയില്ലെന്ന് നിതിൻ പറയുന്നു.
ഓരോ ചെറിയ വീഡിയോ പങ്കുവയ്ക്കുമ്പോഴും, കമന്റ് ബോക്സിൽ നിറയുന്ന സ്നേഹത്തിന്റെ കുറിപ്പുകൾ നിതിന് കൂടുതൽ പ്രചോദനം നൽകുന്നു. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെങ്കിലും നാം തന്നെ ഉൽപ്പാദിപ്പിക്കുന്നത് സാമ്പത്തിക ലാഭത്തേക്കാൾ ഉപരിയായി മനസ്സിന് സമാധാനവും മികച്ച ആരോഗ്യവും നൽകും. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ തന്റെ വീഡിയോകൾക്ക് കഴിയുന്നു എന്നതിൽ നിതിന് അതിയായ സന്തോഷം ഉണ്ട്. മണ്ണിൽ പണിയെടുക്കുന്നത് കുറച്ചിലല്ല, മറിച്ച് അഭിമാനമാണെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.
ജോലി ഉപേക്ഷിച്ച ശേഷമുള്ള നിതിന്റെ ജീവിതം കൂടുതൽ ക്രിയാത്മകമാണ്. ഒഴിവുസമയങ്ങളിൽ വായനയ്ക്കും എഴുത്തിനുമായി സമയം മാറ്റിവെക്കുന്നു. വായന തന്റെ ആശയവിനിമയ ശേഷിയെയും ഭാഷയെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കോളേജ് കാലം മുതൽക്കേ കവിതകളും കഥകളും എഴുതുന്ന ശീലമുണ്ടായിരുന്ന നിതിൻ, ഇപ്പോഴും തന്റെ ചിന്തകൾ ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്താറുണ്ട്.
ഭാവിയിൽ സംരംഭത്തിലേക്ക്
ഭാവിയിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ സ്പൈസസ് ബിസിനസ് തുടങ്ങണമെന്ന ആഗ്രഹവും നിതിനുണ്ട്. അതിനുവേണ്ട ലൈസൻസുകളെക്കുറിച്ചും മറ്റും പഠിച്ചുകൊണ്ടിരിക്കുകയാണ്. കർഷകന് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഓരോ കർഷകനും ഓരോ സംരംഭകരാകേണ്ടതുണ്ട്. എന്നാൽ, കൃഷിയിലെന്നതുപോലെ സംരംഭകത്വത്തിലേക്ക് തിരിയുമ്പോഴും വ്യക്തമായ ബോധ്യവും അറിവുമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായ പഠനങ്ങളിലൂടെ മാത്രമേ സംരംഭകത്വത്തിലേക്ക് തിരിയുകയുള്ളൂവെന്നും നിതിൻ പറയുന്നു.
നിതിൻ വിജയിയെ സംബന്ധിച്ചിടത്തോളം കൃഷിയിടം വെറുമൊരു വരുമാന മാർഗ്ഗമല്ല. ലോകത്ത് എവിടെ പോയാലും എത്ര ദൂരം സഞ്ചരിച്ചാലും മടങ്ങിയെത്താനുള്ള മനോഹരമായ ഒരിടം ഒരുക്കുക എന്നതാണ് ആഗ്രഹം. അവിടെ തനിക്കിഷ്ടപ്പെട്ട കൃഷിയും വീഡിയോഗ്രഫിയും വായനയും എഴുത്തുമെല്ലാം വേണമെന്ന് നിർബന്ധമുണ്ട്. സ്വപ്നങ്ങളിലേക്ക് താൻ ചിറകുവിരിച്ചുതുടങ്ങിയിട്ടില്ലെന്നും ഇനിയും കടമ്പകളേറെയുണ്ടെന്ന് പറയുമ്പോഴും നിതിൻ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്ന് മാത്രമല്ല, ഒരുപാട് പേരെ മണ്ണിനോടും കൃഷിയോടും അടുപ്പിക്കുകയും ചെയ്യുന്നു.
Content Highlights: Nitin Vijay, who left a corporate career to become a successful farmer in Idukki