അലര്‍ജി നല്‍കിയ പാഠം; പ്രകൃതിയിലേക്ക് മടങ്ങി, വീണാസ് തണലിലെത്തിയ യാത്ര

#കെ മധു
വീണാ രാജ് കുമാർ
വീണാ രാജ് കുമാർ

സുരഭിയെ ചേർത്തുപിടിച്ചു വീണാ രാജ് കുമാർ. തിരുവനന്തപുരത്തെ പുന്നയക്കാ മുകൾ. രാവിലെ കറവ കഴിഞ്ഞതേയുള്ളൂ. കിടാങ്ങൾക്ക് പ്രത്യേകം പാൽ മാറ്റിവയ്ക്കുന്നുണ്ട്- വീണ പറഞ്ഞു. ഇവളെന്റെ പ്രിയപ്പെട്ടവൾ. കൃഷ്ണപ്പശു. എറണാകുളത്തെ മഹി വളർത്തിയ മോളാണ്. അവൾ പഠിക്കാൻ പുറത്തുപോയി. അപ്പോൾ എനിക്കു തന്നു. ഇപ്പോൾ എന്റേയും ഓമന. എന്നാലും മഹി ഇടയ്ക്കിടെ വിളിച്ച് ഇവളുടെ വിശേഷം തിരക്കും. വീഡിയോ കോളിൽ സുരഭി എത്തും. കൃഷ്ണപ്പശുക്കളെ വളർത്തിയാൽ പിന്നെ അവയെകൈവിടാൻ പറ്റില്ല.'

'കൃഷ്ണപ്പശുവോ ? അങ്ങനെ ഒരിനമുണ്ടോ ? '

കൃഷ്ണപ്പശു എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നത്'. ആ നാടൻപശു വീണയോട് കുറേക്കൂടി ചേർന്നു നിന്നു. കാൽ നൂറ്റാണ്ട് കുവൈറ്റിലായിരുന്നു വീണ. തിരിച്ചെത്തിയാൽ സാധാരണ പ്രവാസികൾ വെറുതേ ഇരിക്കാനാണ് ഇഷ്ടപ്പെടാറുള്ളത്.

വീണാ കൃഷ്ണപശുവിനൊപ്പം

'എനിക്ക് വെറുതേ ഇരിക്കാൻ വയ്യ. എന്തെങ്കിലും ചെയ്യണം. അങ്ങനെയാണ് ഈ കൃഷിയിലേക്ക് വന്നത്. പശുവും പച്ചക്കറികളും എല്ലാമുള്ള ഫാമാണ് ലക്ഷ്യം. ഇപ്പോൾ വീണാസ് തണൽ അതിന്റെ ആദ്യ ചുവടുകളിലാണ്. എനിക്കും നാട്ടുകാർക്കും ഗുണം കിട്ടുന്ന എന്തെങ്കിലും ചെയ്യണം. അതിനാണ് ഈ ഫാം. പാലും മുട്ടയും പച്ചക്കറിയും വിതരണം ചെയ്യുന്നു. ദിവസേന നൂറിലേറെ പേർ ഇവിടെ എത്തുന്നു. അത്രയും പേരുടെ ആരോഗ്യത്തിന് നല്ലതു ചെയ്യുന്നു എന്ന ആത്മവിശ്വാസമുണ്ട്. എല്ലാവരും സന്തുഷ്ടരാണ് എന്നത് കൂടുതൽ ആനന്ദം.'

ഫാമിൽ കൂടുതലും വെച്ചൂർ പശുക്കളാണ്. കാസർഗോഡ് കുള്ളൻ വിഭാഗത്തിൽ പെട്ടവരും ഉണ്ട്. കൃഷ്ണപ്പശുക്കൾ രണ്ടെണ്ണം. അതിലൊന്ന്‌ ഇപ്പോൾ പ്രസവിച്ചു. ആ കുഞ്ഞാണ് ഇപ്പോൾ തൊഴുത്തിലെ ബേബി.

ആശുപത്രിക്ക് പകരം കൃഷി

വീണ ഫാമിലേക്ക് വന്നതിന് പിന്നിൽ ഒരു അനുഭവമുണ്ട്. കുവൈറ്റിൽ ആയിരുന്നു വീണ. അവിടെ ഇരിക്കേ സ്‌കിൻ അലർജി തുടങ്ങി. അലർജി പാലിനാണോ ബ്രഡിന് ആണോ എന്ന് അറിയാതെ കുഴങ്ങി. അവസാനം മനസ്സിലായി. പാലിന്റെ പ്രിസർവേറ്റീവാണ് അലർജിക്ക് കാരണം. അതിനിടെ കോവിഡ് വന്നു. ലോക് ഡൗൺ സമയത്ത് ഫാം എന്ന സങ്കൽപത്തിലേക്ക് പതിയേ ചുവടു വച്ചു.

'ഓർഗാനിക് ഫാം തുടങ്ങുമ്പോൾ ഒരു പശു എന്തായാലും വേണം. ഗോമൂത്രവും ചാണകവും ഉണ്ടെങ്കിൽ പച്ചക്കറികൾ നന്നാവും. അങ്ങനെ പശുവിനെ വാങ്ങി. ആ പാൽ ഉപയോഗിച്ച് തുടങ്ങിയപ്പോൾ എന്റെ അലർജി മാറി. ഒപ്പം നാട്ടുകാർക്കും ഗുണമായി'

വീണാ രാജ് കുമാർ

പശു വളർത്തൽ  കണ്ടു വളർന്ന ഒരു കുട്ടിക്കാലമുണ്ട് വീണയ്ക്ക്. അമ്മാവൻ ബാലചന്ദ്രനാണ് ആദ്യം ഒരു പശുവിനെ കുട്ടിക്കാലത്ത് കൊണ്ടു വന്നത്. അതിന്റെ പാലുകുടിച്ചാണ് വളർന്നത്. അമ്മൂമ്മ ഒരു മികച്ച കൃഷിക്കാരിയായിരുന്നു. ആ ഓർമ്മകളും തുണയായി.

'അതെല്ലാം പക്ഷേ ഓർമ്മകളാണ്. ഇപ്പോൾ പശുവിനെ വളർത്താൻ എളുപ്പമല്ല. തീറ്റ ഒരു പ്രശ്‌നം തന്നെ. എനിക്ക് 25 സെന്റ് സ്ഥലം വേറെയുണ്ട്. അവിടെ പുല്ല് വളർത്തുന്നു. കൂടാതെ എന്നെ പരിചയമുള്ളവരെല്ലാം എനിക്കായി പുല്ല് അന്വേഷിക്കുന്നു. അങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നത്. സ്ഥിരമായി പുല്ലെത്തിക്കുന്ന ആളുകളുണ്ട്. പിണ്ണാക്കാണ് പശുക്കൾക്ക് ഇതുകൂടാതെ നൽകുന്നത്. എള്ളിൻപിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും നൽകുന്നു.' വീണ തുടർന്നു.

'തുടക്കത്തിൽ വലിയ സമ്മർദ്ദമായിരുന്നു. വീട്ടുകാർ അടക്കം എല്ലാവരും എതിർത്തു. അതൊരു വശത്ത്. വളർത്തുന്നതിനുള്ള പ്രയാസങ്ങൾ മറുവശത്ത്. എന്നാലും ഒരാൾ ഒരു കാര്യം പ്രാർത്ഥനാപൂർവ്വം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ  അത് ദൈവം നടത്തിത്തരും. അതിനുള്ള തെളിവാണ് ഞാൻ. എത്ര ഉദാഹരണം വേണമെങ്കിലും ഇപ്പോൾ എനിക്ക് പറയാനാവും. അത്രത്തോളം ഞാൻ ആഗ്രഹിച്ചിരുന്നു. നല്ല ഭക്ഷണം കഴിക്കണം. നല്ല വെള്ളം, നല്ല വായു. ഒപ്പം മറ്റുള്ളവർക്ക് നല്ല ഭക്ഷണം കൊടുക്കണം എന്ന ആഗ്രഹം'

പശുക്കൾക്കും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഭക്ഷണം നൽകാൻ വീണ ശ്രദ്ധിക്കുന്നു. ഇതാകട്ടെ പതിയെ ഒരു ജീവിതരീതിയായി മാറുന്നു.

'രാവിലെ തേങ്ങാപ്പിണ്ണാക്കും പരുത്തിക്കുരുവും നൽകും. മനസ്സ് ഉണ്ടെങ്കിൽ എല്ലാ നടക്കും. നാടൻ പശുക്കളായതിനാൽ അസുഖം കുറവാണ്. എന്നാലും തൊഴുത്ത് ഏറ്റവും വൃത്തിയായി കൊണ്ടു നടക്കണം. പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇപ്പോൾ നടത്തുന്നത്. പ്രകൃതിയെ വിട്ടതോടെയാണ് മനുഷ്യന് അസുഖം കൂടുതലായി വന്നു തുടങ്ങിയത്. ഭക്ഷണത്തിന് പ്രകൃതിയോട് ബന്ധം വിട്ടത് ആശുപത്രിയോട് അടുപ്പിച്ചു. അതിനാലാണ് ഞങ്ങൾ പറയുന്നത് , ആശുപത്രിയിൽ കൊടുക്കുന്ന പണത്തിന്റെ ചെറിയൊരംശം ഇവിടെ പ്രകൃതിയോട് ചേർന്ന് ചെലവിട്ടാൽ ആശുപത്രിയിൽ പോകുന്നതു തന്നെ ഒഴിവാക്കാം.'

പശുക്കളിൽ നിന്ന് പച്ചക്കറിത്തോട്ടത്തിലേക്ക്

പശുക്കളുടെ തുടർച്ചയായിരുന്നു വീണയുടെ പച്ചക്കറി തോട്ടം. ഫാമിൽ നിന്നുള്ള വളമെല്ലാം അടിവളമായി. ഗോമൂത്രവും ചാണകവുമെല്ലാം പറമ്പിലെത്തി. ആദ്യ ഘട്ടത്തിന് ശേഷം പ്രിസിഷൻ ഫാമിങ് തുടങ്ങി.  കൃത്യമായി തടമെടുത്തു. സൂക്ഷ്മ നനയ്ക്ക് പൈപ്പിട്ടു. അടിവളം ചേർത്തു. മൾച്ചിങ് നടത്തി. ഇതു നാലാം വർഷമാണ്. മികച്ച വിളയാണ് കിട്ടുന്നത്.
 
തിരുവനന്തപുരത്തെ പുന്നയ്ക്കാമുകളിലെ തരിശുനിലത്താണ് ഇത് സാധ്യമാക്കിയത് എന്നതാണ് ഏറ്റവും കൗതുകം. ഇപ്പോൾ ഇവിടെ പാവലും പടവലവും കിട്ടും. വെണ്ടയും വഴുതനയും തക്കാളിയും കിട്ടും. മത്തനും കുമ്പളവും സാലഡ് വെള്ളരിയും കിട്ടും. ചീരയും പയറും കിട്ടും. എന്തിന് കാബേജും ക്വാളി ഫ്ലവറും കിട്ടും. എല്ലാത്തിനും ഈ തൊഴുത്തിലെ വളം. നൂറുശതമാനം ഓർഗാനിക്.

52 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഒരുപാട് മരങ്ങൾ വേണമെന്നത് വീണയുടെ മറ്റൊരു മോഹം. അതും സഫലമാവുകയാണ്. 52 സെന്റിൽ 85 മരങ്ങളുണ്ട് ഇപ്പോൾ. പലതരം പ്ലാവുകൾ, കൊടമ്പുളി, കടപ്ലാവ്, വെള്ളഞാവൽ, സീതാഫലം, മാവുകൾ പലതരം. നെല്ലിയുടെ വൈവിദ്ധ്യങ്ങൾ, കുരുവില്ലാത്ത ചാമ്പ, അബിയു, മാംഗോസ്റ്റീൻ തുടങ്ങി വരത്തന്മാരും നിറയെ. നാലഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ ഇവിടെ മരങ്ങൾ കൊണ്ട് നിറയും. വീണ പറയുന്നു.

തരിശായി കിടന്ന മറ്റൊരു പറമ്പിൽ വീണ പച്ചക്കറി മാത്രമായി വളർത്തുന്നുമുണ്ട്. അവിടേയും ഇതേ തൊഴുത്തിലെ വളം തന്നെയാണ് അടിവളം. മൂന്നാലു വിളയ്ക്കുള്ള വളം ഒറ്റത്തവണത്തെ മൾച്ചിങ് തടത്തിൽ തന്നെ കിട്ടും.

കുമ്പളങ്ങയാണ് എടുത്തു പറയേണ്ട കൗതുകം. ഉറപ്പുള്ള സ്റ്റാൻഡാണ് പ്രത്യേകത. വള്ളികളെ മുകളിലേക്ക് പടർത്തി വിടുന്നു. അങ്ങനെ കുമ്പളങ്ങാപ്പന്തൽ തന്നെ മാനത്ത് ഉയർത്തുകയാണ്. വിളവ് സമൃദ്ധം. ഔഷധക്കുമ്പളങ്ങ കൂടി വളർത്താനുള്ള ശ്രമത്തിലാണ് വീണ ഇപ്പോൾ.

വീണാ രാജ് കുമാർ പച്ചക്കറിത്തോട്ടത്തിൽ

വിഷുക്കിറ്റ് തന്നെ തരിശുഭൂമി

ഇത്തവണത്തെ വിഷു കിറ്റ് പ്രത്യേക അനുഭവമായിരുന്നു. ഇവിടെയുള്ളതിന് പുറമേ പലയിടത്തു നിന്നും നേരിട്ട് പോയി ഓർഗാനിക് പച്ചക്കറി കൂടി എടുത്താണ് വിഷുക്കിറ്റ് വിപണിയിൽ നൽകിയത്. വൻ വിജയമായിരുന്നു. ഇതൊക്കെയാണ് ഏറ്റവും സന്തോഷം. കാബേജ് ഒരു ശീതകാലവിള അല്ലാതായിരിക്കുന്നു ഇവിടെ. എല്ലാക്കാലത്തും  കാബേജ് ഉണ്ടാവുന്നുണ്ട്. തൊഴുത്തിലെ ഓവു ചാലിനരികിൽ നിന്നുള്ള വെള്ളം നേർപ്പിച്ചാണ് നൽകുന്നത്.

എന്നാൽ ഈ മണ്ണ് ഇങ്ങനെ ആയിരുന്നേയില്ല. പാമ്പു നിറഞ്ഞ് കാടുപിടിച്ച് കിടന്ന നഗരഭൂമി. വെട്ടിത്തെളിച്ച് വിത്തിട്ടപ്പോൾ ആദ്യത്തെ തവണ നല്ല വിള കിട്ടി. അടുത്ത വർഷം മണ്ണ് എല്ലാവരേയും ഞെട്ടിച്ചു. തീർത്തും ഊഷരമായ ഭൂമി. കൃഷി ആകെ തകർന്നു. അപ്പോഴും ജെവകൃഷി മാത്രം ആശ്രയിക്കാമെന്ന് വീണ നിശ്ചയിച്ചു. നാടൻ പശുക്കളുടെ ചാണകവും മൂത്രവുമെല്ലാമായി മുന്നോട്ട് നീങ്ങി. ഈ ചാണകവും കമ്പോസ്റ്റുമെല്ലാമായി മുന്നോട്ടു നീങ്ങി. പതിയെപ്പതിയെ ഭൂമി ഉർവ്വരമായി. ഇവിടെയാണ് ഇപ്പോൾ ഈ വിളവ് കിട്ടുന്നത്.

വാഴകളും പലതരമുണ്ടിവിടെ. വാഴ നനയുന്നതിനൊപ്പം ചീരയും നനയുന്നു. എല്ലാക്കാലത്തും ചീര വിൽപ്പനയ്ക്കുണ്ട്. കോഴി വളർത്തലും സജീവമായി ഒപ്പം മുന്നോട്ടു പോകുന്നു. പശുവിനെ മേയ്ക്കാനായി മാറ്റിവച്ചിട്ടുള്ള സ്ഥലത്ത് കോഴികളേയും തുറന്നുവിടുന്നു. കോഴിമുട്ടയ്ക്കും ആവശ്യക്കാർ നിരവധി..

ഈ പറമ്പിലെ തേങ്ങ ആട്ടി വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നുണ്ട് വീണ.  ഇതിനായി വീണാസ് തണലിൽ സ്വന്തമായി ഒരു യൂണിറ്റുമുണ്ട്. മായം കലരാത്ത വെളിച്ചണ്ണയ്ക്ക് ആവശ്യക്കാർ ധാരാളം. വേണ്ടത്ര നൽകാനാവുന്നില്ലെന്ന പ്രതിസന്ധി മാത്രമാണ് ഇവിടേയും വീണ നേരിടുന്നത്.

പടരുന്ന വനിതാ കൂട്ടായ്മ

വീണ വിത്തു വാങ്ങുന്നത് ചില വനിതാ കർഷകരിൽ നിന്നാണ്. വീണയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തുന്നതും കൂടുതലും വനിതകളാണ്. നഗരത്തിലെ വനിതാ കൂട്ടായ്മ മെല്ലെ വികസിക്കുകയാണ്. നൂറ്റമ്പതോളം പേരുണ്ട് ഇപ്പോൾ ഈ വനിതാ സംഘത്തിൽ. വിളവെടുത്ത് കഴിഞ്ഞ് വാട്‌സ് ആപ്പ് ഗ്രൂപ്പിലിടും. ഇടൻ ഓർഡറുകൾ വന്നു തുടങ്ങും. വൈകുന്നേരമാകുമ്പോഴേക്കും വിൽപന പൂർത്തിയാവുന്നു. വനിതകൾക്കായി അടുക്കളയിലേക്കുള്ള കറിക്കൂട്ടുകളും വീണ തയ്യാറാക്കുന്നുണ്ട്. മുളകും മഞ്ഞളും അടക്കമുള്ള പൊടികൾ. അടുക്കളയ്ക്ക് ആവശ്യമുള്ളവ. മായമില്ലാത്തവ. ആളുകൾ ഏറും തോറും പേടിയാണ്. മിക്കപ്പോഴും  ഓർഡറുകൾ ബാക്കിയാണ്.

ഒരു ഗൃഹാതുരതയുടെ പിന്നാലെ ഓടുകയായിരുന്നു വീണാ രാജ്കുമാർ. അങ്ങനെ ഓടിയവർ ഒരുപാടുണ്ട്. എന്നാൽ സ്വന്തം പരിമിതികളെ മനസ്സിലാക്കി വീണ മുന്നോട്ടു നീങ്ങി. വലിയ സ്വപ്‌നത്തിലേക്ക് ചെറിയ ചുവടുകൾ വച്ചു. പതറാതെ നടന്നു വിജയത്തിലേക്ക് നീങ്ങുകയാണ് വീണ. വീണയുടെ വാക്കുകളിൽ പറഞ്ഞാൽ 'മനസ്സിൽ നിറഞ്ഞ പച്ചപ്പ്. തളരാത്ത കഠിനാധ്വാനം. പിന്നെ ഈശ്വരാധീനം'

തൊഴുത്തിൽ പുതിയ അതിഥികൾ എത്തുകയാണ്. സ്വന്തം തൊഴുത്തിൽ നിന്ന് തന്നെ അടുത്ത തലമുറ പശുക്കളെ വളർത്താനാവുന്ന ഘട്ടത്തിലേക്ക് വീണാസ് തണൽ വളരുകയാണ്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)

Content Highlights: Veena Raj Kumar`s organic farm in Thiruvananthapuram