ജൈവകാർബൺ നിലനിർത്തി കൃഷി, ആഗോളതാപനത്തെ പ്രതിരോധിക്കാം; ഇത് വാണിയുടെയും വിജിത്തിന്റെയും രാഷ്ട്രീയം

വാണിയും വിജിത്തും കൃഷിയിടത്തിൽ
വാണിയും വിജിത്തും കൃഷിയിടത്തിൽ

മണ്ണിലെ ജൈവ കാർബൺ മെച്ചപ്പെടുത്തി പൊന്നുവിളയിപ്പിക്കുകയാണ് ആലപ്പുഴ ഹരിപ്പാട് ഡാണപ്പടി സ്വദേശികളായ വാണിയും വിജിത്തും. ജൈവകൃഷി ലാഭകരമല്ലെന്ന ധാരണയിൽ കൃഷി ഉപേക്ഷിക്കുകയും രാസവളങ്ങൾ അനിയന്ത്രതിമായി പ്രയോ​ഗിക്കുകയും ചെയ്യുന്നവർക്കിടയിൽ, മണ്ണിന്റെ സ്വഭാവിക ഘടനയിൽ മാറ്റം വരാതെ പ്രകൃതിതിക്ക് അനുയോജ്യമായ കൃഷിരീതി അവലംബിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്ന ഈ ദമ്പതിമാർ പറയും: കൃഷിയാണ് ഞങ്ങളുടെ രാഷ്ട്രീയം.

ഹരിപ്പാടിന് അരിപ്പാടം എന്നൊരു പേരുണ്ടായിരുന്നു. അരി സമൃദ്ധമായി വിളഞ്ഞിരുന്ന നാട്.. കാർഷികവിളകളാൽ സമ്പന്നമായ നാട്. വാണി ജനിച്ചു വളർന്നത് ആ നാട്ടിലാണ്. വ്യവസായിയായിരുന്ന അച്ഛൻ 1960-കളിൽ വീടിനു ചുറ്റും സ്ഥലം വാങ്ങിയിരുന്നു. കൃഷിയോടുള്ള താല്പര്യം അദ്ദേഹത്തെ ആ മണ്ണിൽ കാർഷിക ലോകം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റു വിളകളും വ്യത്യസ്തമായ മരങ്ങളും പരിപാലിച്ചുപോന്നു. അതുകൊണ്ടുതന്നെ തുമ്പ, തുളസി, മുക്കുറ്റി  തുടങ്ങി ഒട്ടേറെ ചെടികൾ, പശുക്കൾ. അങ്ങനെ പ്രകൃതിയെ അറിഞ്ഞു വളർന്ന ബാല്യമായിരുന്നു വാണിയുടേത്. 

അച്ഛൻ കൃഷി അവസാനിപ്പിച്ചിട്ടില്ല. വ്യവസായത്തിനൊപ്പം കൃഷി ശ്രദ്ധയോടെ മുന്നോട്ടുക്കൊണ്ടുപോകുന്നുണ്ട്. പ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണ് എന്നൊരു തിരിച്ചറിവൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കുഞ്ഞു മനസിലെ ആശങ്കകൾ ചോദ്യങ്ങളായി പുറത്തുവന്നുതുടങ്ങി. താൻ കണ്ടുവളർന്ന ചെടികളിൽ പലതും തൊടിയിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. വ്യക്തമായ ഉത്തരങ്ങളൊന്നും ലഭിച്ചില്ല. പതിയെ വാണി കാർഷിക മാഗസിനുകൾ വായിച്ചു തുടങ്ങി. അമിതമായ രാസവളപ്രയോഗം മണ്ണിനെയും പരിസ്ഥിതിയെയും നശിപ്പിച്ചു തുടങ്ങിയെന്ന യാഥാർത്ഥ്യം അപ്പോഴാണ് മനസ്സിലായി തുടങ്ങിയത്. അത് മണ്ണിനെ ബാധിക്കുന്നുണ്ടെന്നും ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും തിരിച്ചറിഞ്ഞു. 

വാണിയും വിജിത്തും കൃഷിയിടത്തിൽ

കൃഷിയോടുള്ള താത്പര്യം പിന്നീട് കൃഷിയിൽ ബിരുദം എടുക്കാനുള്ള ആഗ്രഹമായി വളർന്നു. സഹോദരി ആയുർവേദ ഡോക്ടർ ആയതുകൊണ്ടും മാതാപിതാക്കൾക്ക്  എം.ബി.ബി.എസിന് ചേർക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതിനാലും അഗ്രികൾച്ചർ പഠനം എന്ന തീരുമാനത്തെ എല്ലാവരും എതിർത്തു. സ്വന്തം ഇഷ്ടത്തിന് പഠിക്കാൻ തീരുമാനിച്ചാൽ സഹായിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. എങ്കിലും വാണി അഗ്രികൾച്ചർ കോഴ്സിന് തന്നെ ചേർന്നു. അതുവരെ അനുഭവിച്ച സാമ്പത്തിക സ്വാതന്ത്ര്യം പിന്നീടങ്ങോട്ട് ഇല്ല എന്ന യാഥാർത്ഥ്യം കുറഞ്ഞ നാളുകൾക്കുള്ളിൽ  തിരിച്ചറിഞ്ഞു. തോറ്റുകൊടുക്കില്ലെന്ന തീരുമാനം മുന്നോട്ട് നയിച്ചു. പാർട് ടൈം ജോലിയൊക്കെ ചെയ്ത് പണം കണ്ടെത്തിയാണ് പഠനം പൂർത്തിയാക്കിയതെന്ന് വാണി അഭിമാനത്തോടെ പറയും.

രാത്രിയിൽ അലാറം വച്ചുണർന്ന് തൈകൾ നട്ട വിജിത്ത്

വിജിത്ത് കണ്ണൂർ കണ്ണപുരം സ്വദേശിയാണ്. വാണിയുടെ നേതൃത്വത്തിൽ നടന്ന ഒരു പരിസ്ഥിതി ക്യാമ്പിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സ്വയം പരിചയപ്പെടുത്തുന്ന സമയത്ത് വിജിത്ത് പറഞ്ഞ വരികളാണ് ഇരുവർക്കും ഇടയിൽ  സൗഹൃദം സൃഷ്ടിച്ചത്. രാത്രിയിൽ അലാറംവെച്ച് ഉണർന്ന് സുഹൃത്തുക്കൾക്കൊപ്പം പോയി തൈകൾ വച്ചു പിടിപ്പിക്കുന്ന വിജിത്ത്. നല്ല സുഹൃത്തുക്കൾ ആവാൻ അതിനപ്പുറം ഒന്നും അവർക്കിടയിൽ ആവശ്യമായി വന്നില്ല. പറയത്തക്ക കൃഷി പാരമ്പര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വളർച്ചയിൽ കൃഷിയെയും പ്രകൃതിയെയും ഒപ്പം കൂട്ടിയ മനുഷ്യനാണ് വിജിത്ത്. വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ കൃഷിയോടും പ്രകൃതിയോടും താല്പര്യം ഉള്ള ഒരാളെ കൂടെ കൂട്ടണമെന്ന് വാണി ആഗ്രഹിച്ചു.

കൃഷി ഉപജീവനമാർഗം ആക്കുന്നതിൽ അല്ലെങ്കിൽ മുഴുവൻ സമയം കൃഷിയിലേക്ക് തിരിയുന്നതിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു.  ഇഷ്ടമുള്ള ഒരാളെ വിവാഹം ചെയ്തുകൊള്ളാൻ സമ്മതിച്ചെങ്കിലും ഒരു കർഷകനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നിയിരുന്നില്ല. പിന്നീട് സുഹൃത്തുക്കളോട് തന്റെ താല്പര്യത്തിന് ചേർന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു. പലരും വിജിത്തിനെ എന്തുകൊണ്ട് ആലോചിച്ചു കൂടാ എന്ന ചോദ്യമായി. ആലോചിച്ചപ്പോൾ വാണിക്കും അത് ഉചിതമാണെന്ന് തോന്നി. വിജിത്തിനോട് അവതരിപ്പിച്ചപ്പോൾ ആദ്യം എതിർക്കുകയാണ് ചെയ്തത്. പിന്നീട് പലവട്ടം തമ്മിൽ സംസാരിക്കുകയും രണ്ടുപേരുടെയും സ്വപ്നങ്ങളും ആശയങ്ങളും ഒന്നിച്ചുപോകുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ വിജിത്ത് വിവാഹത്തിന് സമ്മതിച്ചു. എൻജിനീയറായിരുന്നതുകൊണ്ടുതന്നെ വീട്ടുകാർക്കും എതിർപ്പുണ്ടായില്ല. അതേസമയം, വിവാഹത്തിനുശേഷം മുഴുവൻ സമയം കൃഷിയിലേക്ക് തിരിയാൻ ഇരുവരും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇത് അറിഞ്ഞിരുന്നെങ്കിൽ വീട്ടുകാർ ഒരിക്കലും വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും വാണി പറയുന്നു.

ലളിതമായ വിവാഹം, സദ്യ സ്വന്തം മണ്ണിൽ വിളവെടുത്ത അരി ഉപയോഗിച്ച്

ലളിതമായ വിവാഹം ഇരുവരുടെയും തീരുമാനമായിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉൾപ്പെടുത്തി നടത്തിയ വിവാഹത്തിന് സ്വന്തം മണ്ണിൽ കൃഷി ചെയ്ത് വിളവെടുത്ത അരി ഉപയോഗിച്ച് സദ്യക്ക് ചോറു വിളമ്പണമെന്നത് വാണിയുടെ ആ​ഗ്രഹമായിരുന്നു. ഇരുവരും ഒന്നിച്ച് നെല്ല് കൃഷി ചെയ്യുകയും ആ അരി ഉപയോ​ഗിച്ച് സദ്യക്ക് ചോറു വിളമ്പുകയും ചെയ്തു. സുഹൃത്തുക്കൾ കൃഷി ചെയ്ത പച്ചക്കറികൾ ഉപയോഗിച്ചായിരുന്നു കറികൾ ഒരുക്കിയത്. സമ്മാനമായി കിട്ടിയതോ ആയിരത്തോളം വൃക്ഷത്തൈകളും.

മുഴുവൻ സമയ കൃഷിയിലേക്ക്

മുഴുവൻ സമയവും കൃഷിയിലേക്ക് തിരിയുമ്പോഴും കൃഷിയിൽനിന്ന് ലാഭം കൊയ്യുക എന്നതായിരുന്നില്ല ലക്ഷ്യം. മണ്ണിനെ തിരികെ പിടിക്കുക, പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുക. അതായിരുന്നു ചുവടുവെപ്പ്. കൃഷി ഞങ്ങളുടെ രാഷ്ട്രീയമാണെന്ന് ഇരുവരും പറയും. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുക, വിഷരഹിതമായ പച്ചക്കറികളും ഭക്ഷ്യ ഉൽപ്പന്നങ്ങളും ജനങ്ങളിലെത്തിക്കുക, സുസ്ഥിര പരിസ്ഥിതി ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഇരുവരും പ്രവർത്തിക്കുന്നത്.

മണ്ണിനെ തിരികെ പിടിക്കുകയെന്നതായിരുന്നു ആദ്യ കടമ്പ. തുടക്കം ലളിതമായിട്ടായിരുന്നു. മുള ഉൾപ്പെടെയുള്ള പെട്ടെന്ന് വളരുന്ന മരങ്ങൾ നട്ടുപിടിപ്പിച്ച് ഒരു കാവ് നിർമ്മിച്ചെടുത്തു. മൂന്നുവർഷംകൊണ്ട് മരങ്ങൾ വളർന്ന് തണൽ വിരിച്ചു. പക്ഷികൾക്കും ചെറുജീവികൾക്കും കാവ് ആവാസമൊരുക്കി. വനസസ്യങ്ങൾ, ഔഷധച്ചെടികൾ, നാട്ടുപൂമരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞ കാവ്. 32 ഇനം മുളകളും അയ്യായിരത്തിലധികം സസ്യ വൈവിധ്യങ്ങളും ഉള്ള കാവ്. കൊഴിഞ്ഞുവീഴുന്ന ഇലകൾ കമ്പോസ്റ്റാക്കി വളമായി ഉപയോഗിച്ചു. ഇത് മണ്ണിലെ ജൈവ കാർബൺ ഉയർത്തി. കാവ് കൃഷിയിടത്തിന് സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിച്ചു. സുഭിക്ഷമായി ജലം ലഭിക്കുന്നതിന് കാവിനു ചുറ്റും 9  കുളങ്ങളും നിർമിച്ചു. മത്സ്യ ഉത്പാദനത്തിനും ജലസേചനത്തിനും ഈ കുളങ്ങൾ ഉപയോഗിച്ചു. അങ്ങന തങ്ങളുടെ സ്വപ്നഭൂമിയായി മണ്ണിനെ ഒരുക്കാനുള്ള അവരുടെ ശ്രമം ചുരുങ്ങിയ കാലം കൊണ്ട് പൂവണിഞ്ഞു തു‍ടങ്ങി.

മണ്ണിൽ ജൈവ കാർബൺ നിലനിർത്തിയുള്ള കൃഷിയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഹൈബ്രിഡ് വിത്തുകൾക്ക് പകരം നാടൻ വിത്തുകൾ ഉപയോഗിച്ചായിരുന്നു കൃഷി. ഇവയ്ക്ക് പുറമെ പശുക്കൾ, കോഴി, താറാവ്, മത്സ്യങ്ങൾ എന്നിവയും വളർത്തിവരുന്നു. വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ 120-ൽപരം വാഴകൾ ഔഷധ ചെടികൾ സമ്പന്നമാണ് വിജിത്തിന്റെയും വാണിയുടെയും വാസു ജൈവാങ്കണം.

2015-ലാണ് ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപണിയൊരുക്കുക എന്ന ചിന്തയിൽ എത്തുന്നത്. വീട്ടുമുറ്റത്ത് വെച്ച് തന്നെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചു. കൂടാതെ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ന്യായവില നൽകി ഇവയും വില്പനയ്ക്ക് ആയി വച്ചു.  കർഷകരിൽനിന്ന് സംഭരിക്കുന്ന വിലയും വിൽക്കുന്ന വിലയും പുറത്ത് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വില്പന. ഇത് പതിയെ ജനകീയമായി.

വിപുലമായ രീതിയിൽ വിപണന നിർമ്മാണ കേന്ദ്രം ഒരുക്കുക എന്നത് വിജിത്തിന്റെ ആശയമായിരുന്നു. വാണിക്ക് അതിനോട് ആദ്യം എതിർപ്പുണ്ടായിരുന്നു. ഇതൊരു ബിസിനസായി മാറുമോ എന്നതായിരുന്നു വാണിയുടെ ആശങ്ക. എന്നാൽ ഇത് കർഷകർക്ക് പ്രയോജനം ചെയ്യുന്ന, കൂടുതൽ പേർക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്ന ഒരു മാതൃകയാകും എന്ന തിരിച്ചറിവ് ഇരുവരെയും മുന്നോട്ട് നയിച്ചു.  ഓരോ പഞ്ചായത്തിലും ഓരോ ഇക്കോ ഷോപ്പ് എന്ന ആശയം മാറ്റങ്ങൾക്ക് വഴി തുറന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ എലിസബത്ത് പ്രോത്സാഹനം നൽകിയതോടെ 13 കർഷകരെ ഉൾപ്പെടുത്തി 'പ്രകൃതി' എന്ന പേരിൽ ഒരു ക്ലസ്റ്റർ രൂപവൽക്കരിച്ചു. 2019-ൽ 'വാസു ജൈവാങ്കണം' എന്ന പേരിൽ വിപണന കേന്ദ്രം ആരംഭിച്ചു. 'രുചിര' എന്ന പേരിൽ ഭക്ഷ്യ നിർമ്മാണ യൂണിറ്റും ആരംഭിച്ചു.

ഇതൊരു കച്ചവടകേന്ദ്രമല്ല സാംസ്കാരിക കേന്ദ്രമാണെന്ന് വിജിത്തും വാണിയും ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. കൃഷിയിലും വിപണിയിലും ഗവേഷണത്തിലും മുൻതൂക്കം നൽകിയുള്ള പ്രവർത്തനമാണ് ഇരുവരും അവലംബിച്ചിട്ടുള്ളത്. മൂന്നു കോടി വരെ വാർഷിക വിറ്റുവരവ് ലഭിക്കാറുണ്ടെന്ന് ഇരുവരും പറയുന്നു. നാലരയേക്കർ വസ്തുവിൽ വിശാലമായ കൃഷിയിടവും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും കാർഷിക വിപണനവും ഒരു സുസ്ഥിര ജീവിതരീതിക്ക് തന്നെ തുടക്കം കുറിച്ചു.

കർഷകന് സമൂഹത്തിൽ അംഗീകാരമില്ല

കർഷകന് സമൂഹത്തിൽ അംഗീകാരം ലഭിക്കുന്നില്ല. അവന്റെ അന്തസ്സ് എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൃഷി ഉപജീവനമായി സ്വീകരിക്കുന്നതിന് പലരെയും പിന്തിരിപ്പിക്കുന്നതും ഇതുതന്നെയാണ്. ഈ ഒരു ചിന്താഗതി തന്നെയാണ് തന്റെ കുടുംബവും തന്നെ കൃഷിയിലേക്ക് തിരിയുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് വാണി പറയുന്നു.

ചെടിക്ക് മാത്രമല്ല മണ്ണിനും വേണം തീറ്റ

മണ്ണിൽ യൂറിയ ചേർക്കുന്നതാണ് ഹരിതഗ്രഹ വാതകങ്ങളുടെ പുറം തള്ളലിന്റെ പ്രധാന കാരണം. ഇത് മണ്ണിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുന്നുണ്ട്. ചെടിക്ക് മാത്രമല്ല മണ്ണിനും പോഷകങ്ങൾ ആവശ്യമാണ്. ജൈവ കാർബൺ നിലനിർത്തി കൃഷി ചെയ്യുന്നതാണ് പ്രകൃതിക്കും മണ്ണിനും അനുയോജ്യമായ രീതി. മണ്ണിന്റെ ആരോഗ്യം ഉറപ്പാക്കാൻ ജൈവ കാർബൺ കൂട്ടാൻ കൃഷിയിടത്തിൽ തന്നെ ഉറവിട വള നിർമ്മാണമാണ് ആവശ്യം. ജൈവവിശിഷ്ടങ്ങൾ പരമാവധി മണ്ണിലേക്ക് കൊടുക്കണം. കൊഴിഞ്ഞുവീഴുന്ന ഇലകൾ ചുള്ളിക്കമ്പുകൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. മൂന്ന് ബയോഗ്യാസ് പ്ലാന്റുകളും ഉണ്ട്.

മണ്ണ് തിരിച്ചുപിടിക്കുക, സാമൂഹിക നീതിക്കൊപ്പം പാരിസ്ഥിതിക നീതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാണിയുടെയും വിജിത്തിന്റെയും യാത്ര. കാലാവസ്ഥ വ്യതിയാനത്തെയും ആഗോളതാപനത്തെയും അതിജീവിക്കുകയും പ്രതിരോധിക്കുകയും വേണം. കാലോചിതമായി കർഷകർ മാറേണ്ടതുണ്ടെന്ന് ഇരുവരും പറയുന്നു. നിരവധി വിദ്യാർഥികളും കർഷകരും വാസു ജൈവാങ്കണത്തെ അടുത്തറിയാനും പരിചയപ്പെടാനും ഇവിടെ എത്താറുണ്ട്.

കാർഷിക രീതികളിലും മാതൃകാപരമായ മാറ്റം അനിവാര്യമാണ്. പരമ്പരാഗത കൃഷിരീതികളിൽനിന്ന് വ്യത്യസ്തമായി,  കൃത്രിമ വളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിയിലൂടെ ഹരിതഗ്രഹ വാതകങ്ങളുടെ  പുറംതള്ളൽ ഗണ്യമായി കുറയ്ക്കൻ സാധിക്കും. മണ്ണിൻ്റെ സംരക്ഷണം, വിള ഭ്രമണം(Crop Rotation), ജൈവവൈവിധ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജൈവകൃഷി മണ്ണിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മണ്ണിലെ ജൈവ കാർബൺ വർധിപ്പിക്കുകയും ചെയ്യുന്നു. ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിൻ്റെ ഏകദേശം 20% കാർഷിക കാർബൺ മൂലമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ജൈവകൃഷി രീതികൾ അവലംബിക്കുന്നതിലൂടെ, കാർഷിക കാർബൺ കാൽപ്പാടുകൾ(carbon footprints) കുറയ്ക്കാൻ കഴിയും. കൂടാതെ, ജൈവകൃഷി ആരോഗ്യകരവും കൂടുതൽ പോഷകഗുണമുള്ളതുമായ ഭക്ഷണത്തിൻ്റെ ഉൽപ്പാദനം ഉറപ്പാക്കുന്നു. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയായി ലോകത്ത് പിടിമുറുക്കുമ്പോൾ, ജൈവകൃഷി രീതികൾ സ്വീകരിക്കുന്നത് കൂടുതൽ സുസ്ഥിരവും പരിസ്ഥിതി ബോധമുള്ളതും കാലാവസ്ഥാ- പ്രതിരോധശേഷിയുള്ളതുമായ ഭക്ഷ്യ സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി മാറും.

Content Highlights: Harippad couple`s journey from conventional to organic farming, boosting soil health and community.