കരിമ്പ് പാടങ്ങള്‍ മറയുന്നു; മറയൂര്‍ ശര്‍ക്കര ഇല്ലാതാകുമോ?

#ജയന്‍ വാര്യത്ത്
മറയൂർ പട്ടം കോളനിയിലെ 2021-ൽ കരിമ്പ് കൃഷി ചെയ്തിരുന്ന സ്ഥലം, ഇപ്പോൾ കരിമ്പ് കൃഷി ഒഴിവായ നിലയിൽ |ഫോട്ടോ: മാതൃഭൂമി
മറയൂർ പട്ടം കോളനിയിലെ 2021-ൽ കരിമ്പ് കൃഷി ചെയ്തിരുന്ന സ്ഥലം, ഇപ്പോൾ കരിമ്പ് കൃഷി ഒഴിവായ നിലയിൽ |ഫോട്ടോ: മാതൃഭൂമി

മറയൂര്‍ (ഇടുക്കി): ഭൗമസൂചിക പദവി കിട്ടിയ മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്ന കരിമ്പ് വിളഞ്ഞപാടങ്ങള്‍ അപ്രത്യക്ഷമാകുന്നു.

ഏഴുവര്‍ഷം മുമ്പ് 2500 ഏക്കര്‍ സ്ഥലത്ത് കരിമ്പ് കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ അത് 400 ഏക്കറായി ചുരുങ്ങി. ബാക്കി ഭൂരിഭാഗം സ്ഥലത്തും കമുകും തെങ്ങും ആണ്. ഇവിടിനി കരിമ്പ് കൃഷിചെയ്യാന്‍ കഴിയില്ല. രണ്ട് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 100 ഏക്കര്‍ കരിമ്പ് പാടത്താണ് തെങ്ങും കമുകും നട്ടത്.

കര്‍ഷകര്‍ക്ക് കയ്പ്പുനീര്‍

മറയൂരിലെ പാടങ്ങളില്‍ വിളയുന്ന കരിമ്പിന്റെ നീരുകൊണ്ടാണ് ലോകപ്രശസ്തമായ മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്നത്. ഭൗമസൂചിക പദവി ശര്‍ക്കരയ്ക്ക് ലഭിച്ചെങ്കിലും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

ശർക്കര ഉത്പാദന യൂണിറ്റ്| ഫോട്ടോ: മാതൃഭൂമി

തമിഴ്‌നാട്ടില്‍നിന്ന് വ്യാജ മറയൂര്‍ ശര്‍ക്കരയും വിലക്കുറവില്‍ വിപണിയിലെത്തി. ഇതോടെ ശരിക്കുള്ള മറയൂര്‍ ശര്‍ക്കരയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതോടെ വില കുറയ്ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. തുടര്‍ന്നാണ് കര്‍ഷകര്‍ കരിമ്പ് കൃഷി ഉപേക്ഷിക്കാന്‍ തുടങ്ങിയത്.ഇതിനിടെ മറ്റൊരു പ്രശ്‌നം കൂടെയുണ്ടായി. കരിമ്പ് കൃഷിചെയ്യുന്ന ഭൂമി തരംമാറ്റരുതെന്ന സര്‍ക്കാര്‍ ഉത്തരവ്. ഇവിടെ വീടോ മറ്റ് നിര്‍മാണമോ പറ്റില്ല.

ഇതോടെ പാടങ്ങളുടെ വില്‍പ്പനയും മറ്റും നിലച്ചു.പുതിയനിയമം കൃഷിക്ക് ഗുണത്തേക്കാളേറെ ദോഷംചെയ്തു. ആശങ്കയിലായ കര്‍ഷകര്‍ പകുതി വിളഞ്ഞ കരിമ്പ് വെട്ടി പാടത്ത് തെങ്ങും കമുകും നട്ടു. ഇങ്ങനെപോയാല്‍ ഭാവിയില്‍ കൃഷി നാമമാത്രമായി പോകും. അല്ലെങ്കില്‍ ഇല്ലാതാകും.

പ്രശ്‌നം പരിഹരിക്കണം

ഭൗമസൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കര ബ്രാന്‍ഡ് ചെയ്തിറക്കാന്‍ മൂന്ന് സംഘങ്ങള്‍ക്കും ഏതാനും വ്യാപാരികള്‍ക്കും മാത്രമാണ് സര്‍ട്ടിഫിക്കറ്റുള്ളത്.

സംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്ക് കരിന്പ് ശേഖരിച്ച് ബ്രാന്‍ഡിങ് നിബന്ധനപ്രകാരം ശര്‍ക്കര ഉത്പാദിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതുണ്ടായില്ല. കര്‍ഷകര്‍ ഇപ്പോഴും ഇടനിലക്കാര്‍ക്കാണ് കരിമ്പും ശര്‍ക്കരയും കൊടുക്കുന്നത്.

Content Highlights: sugarcane producing lands disappeaing marayoor jagger face threat