ഡാർജിലിങ്ങിൽനിന്നും അകത്തള ചെടികൾ; വഴികാട്ടിയായി മലയാളിയായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍

ഹില്‍സ്റ്റേഷനായ ഡാര്‍ജിലിങ് മലനിരകളുടെ മടിത്തട്ടില്‍ തീസ്ത നദിക്കരയില്‍ വളരുന്ന മനോഹരമായ സക്കുലന്റുകളും കള്ളിമുള്‍ച്ചെടികളും നമ്മുടെ അകത്തളങ്ങളില്‍ വളര്‍ത്തിയാലോ? ഇന്ത്യയിലെമ്പാടുമുള്ള ചെടിപ്രേമികള്‍ക്ക് കുറേ സോങ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടങ് ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് അഗ്രോപ്രൊഡ്യൂസര്‍ കമ്പനിയിലൂടെ ഇതിന് ഒരവസരമൊരുക്കുകയാണ് മലയാളിയും പശ്ചിമബംഗാളിലെ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസറുമായ ഡോ. പി.ജെ. ഹരികൃഷ്ണന്‍.
ഇദ്ദേഹമാണ് കണ്ടങ് ഫ്‌ളോറി വില്ലേജ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെ ഉണ്ടാക്കുന്ന അകത്തള ചെടികള്‍ ഓണ്‍ലൈനായി വാങ്ങാം. അപൂര്‍വയിനം കാക്റ്റസും സക്കുലന്റുകളും ലഭിക്കും. 33 കുടുംബങ്ങള്‍ ചേര്‍ന്നാണു കമ്പനി രൂപവത്കരിച്ചത്. കലിംപോങ്, ഡാര്‍ജിലിങ്, സിക്കിം എന്നിവിടങ്ങളിലെ ചെറുകിട നഴ്‌സറികളും ഇതില്‍ പങ്കാളികളാണ്.
വനംവകുപ്പിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെ 1,25,000 ചെടികള്‍ വളര്‍ത്താന്‍ ശേഷിയുള്ള നാല് പോളി ഹൗസുകള്‍ പണിതാണ് കാക്റ്റസും സക്കുലന്റുകളും മറ്റു അലങ്കാരച്ചെടികളും ഇവിടെ വളര്‍ത്തുന്നത്. ഇവയുടെ 125 ഇനങ്ങളുടെ പ്രോഡക്ട് കാറ്റലോഗും കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇടനിലക്കാരെ ഒഴിവാക്കി ഗ്രാമവാസികള്‍ക്ക് പ്രാദേശികമായി വളരുന്ന വാണിജ്യ പ്രാധാന്യമുള്ള ചെടികള്‍ വിറ്റഴിക്കാന്‍ മികച്ച അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
കേരളത്തിന് അനുയോജ്യമായവ
42 ഇനം കള്ളിമുള്‍ച്ചെടികള്‍, 88 ഇനം സക്കുലന്റുകള്‍, 25 പൂച്ചെടികള്‍ എന്നിവയാണ് പോര്‍ട്ടലില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. കള്ളിച്ചെടി കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സായ അകത്തളങ്ങളിലെ ആകര്‍ഷണമായ മമ്മിലേറിയയുടെ വിവിധ ഇനങ്ങള്‍ ലഭ്യമാണ്. പിന്‍ കുഷന്‍ കാക്റ്റസ് എന്നറിയപ്പെടുന്ന ഇവയുടെ ചെടികളും പൂക്കളും ആകര്‍ഷകമാണ്. ഇത് കേരളത്തിലെ കാലാവസ്ഥയിലും അനുയോജ്യമായി വളരും.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മറ്റിനങ്ങള്‍: പെപ്പറോമിയ, സാന്‍സിവേറിയ, കലഞ്ചോ, ഹവാര്‍ത്തിയ, ഫാള്‍സ് ക്രിസ്മസ് കാക്റ്റ്‌സ്, സ്ട്രിങ് ഓഫ് ഫാര്‍ട്ട്‌സ്, മാര്‍ബിള്‍ മണിപ്ലാന്റ്, ആന്തൂറിയം, ക്രാസുല, എക്കിവേറിയ, ബണ്ണി ഇയര്‍ കാക്റ്റ്‌സ്, ഗ്ലോബ് കാക്റ്റ്‌സ്, ബ്രൊ മിലിയാഡ്, ഓള്‍ഡ് ലേഡി, ബിഗോണിയ, അലോ (ബ്ലാക്ക്).
വിൽപ്പനക്കായി അകത്തള ചെടികള്‍ തയ്യാറാക്കുന്ന ഗ്രാമീണർ, കണ്ടങ് ഫ്‌ളോറി വില്ലേജ്
നടുമ്പോള്‍ ശ്രദ്ധിക്കാന്‍
കാക്റ്റ്‌സ്/സക്കുലന്റുകള്‍ വേരുകളിലെ മണ്ണ് മാറ്റി ഉണക്കിയാണ് അയക്കുന്നത്. സക്കുലന്റുകള്‍ നട്ടുകഴിഞ്ഞാല്‍ ഉടന്‍ നനച്ചുകൊടുക്കണം. പിന്നീട് മണ്ണില്‍നിന്നും ജലാംശം നഷ്ടപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. നടീല്‍മാധ്യമത്തില്‍ യാതൊരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ചെടികള്‍ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വെക്കാതെ അകത്തളങ്ങളില്‍ നല്ലവണ്ണം വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് വെക്കുക.
കുമിള്‍നാശിനി രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കണം. കീടാക്രമണം ശ്രദ്ധിക്കുകയും വേണം. ഉണങ്ങിയ ഇലകള്‍ പറിച്ചുകളയണം. എ.സി. മുറിയില്‍ ചെടിവെക്കാന്‍ പാടില്ല. 7080 ശതമാനം ഉണങ്ങിയ ഇലകള്‍, 10 ശതമാനം മണല്‍, 10 ശതമാനം കൊക്കോപീറ്റ് എന്നിവയടങ്ങിയ നടീല്‍മാധ്യമമാണ് ഉചിതം.
സക്കുലന്റുകള്‍ നടാന്‍ അനുയോജ്യമായ, ഓണ്‍ലൈനില്‍ ലഭ്യമായ കരി/പെര്‍ലൈറ്റ് അധിഷ്ഠിത മാധ്യമങ്ങളും ഉപയോഗിക്കാം. ചട്ടിയും ചെടിനടാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവയ്‌ക്കൊപ്പം നല്‍കും. ഓര്‍ഡര്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. പരാതികളും മറ്റും പരിഹരിക്കാന്‍ കസ്റ്റമര്‍കെയര്‍ സര്‍വീസും ലഭ്യമാക്കുന്നുണ്ട്.
വിവരങ്ങള്‍ക്ക്: www.kandungflorivillage.com | 6295396275, 9614415259 | info@kandungflorivillage.com
ഇന്ത്യയൊട്ടാകെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു - ഡോ. പി.ജെ. ഹരികൃഷ്ണന്‍
'ഇടനിലക്കാരില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന ആശയത്തിന് തുടക്കമിട്ടത്. കാക്റ്റസ്, സക്കുലന്റുകള്‍, പൂച്ചെടികള്‍ എന്നിവയുടെ നടീല്‍ വസ്തുക്കള്‍ വിറ്റഴിച്ച് നേരത്തെ കര്‍ഷകര്‍ വരുമാനം നേടിയിരുന്നു. എന്നാല്‍, ഇടനിലക്കാര്‍ കാരണം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഇതിന് പരിഹാരമായാണ് 33 കുടുംബങ്ങളെ ഉള്‍പ്പെടുത്തി കമ്പനി രൂപവത്കരിച്ചത്.
കര്‍ഷകര്‍ക്കായി ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുകയും 22 ലക്ഷം രൂപയുടെ ലോണ്‍ ലഭ്യമാക്കി. ഇതില്‍ 10 ലക്ഷം രൂപയ്ക്ക് 10 പോളി ഹൗസുകള്‍, വാട്ടര്‍ ടാങ്കുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവ നിര്‍മിച്ചും നടീല്‍ വസ്തുക്കള്‍ വിറ്റഴിക്കുന്നതിനായി പ്രോഡക്റ്റ് കാറ്റലോഗും വെബ്‌പോര്‍ട്ടലും സാമൂഹികമാധ്യമങ്ങളില്‍ ബിസിനസ് പേജുകളും തയ്യാറാക്കി. ഫോസ്റ്റ് ഉദ്യോഗസ്ഥരും ഇതിന് സഹായിച്ചു.
ഇപ്പോള്‍ ഇന്ത്യയൊട്ടാകെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും നല്ല വരുമാനം നേടാനും കഴിയുന്നു. രണ്ടു വര്‍ഷംകൊണ്ടുതന്നെ 90 % ലോണും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞു. 33 ഷെയര്‍ ഹോള്‍ഡേഴ്‌സുള്ള കമ്പനിയില്‍ 10 അംഗങ്ങളെ ബോര്‍ഡ് ഓഫ് ഡയറക്ടറായി തിരഞ്ഞെടുത്തു. ഇതിനുപുറമേ സിലിഗുരിയിലെ ബംഗാള്‍ സഫാരി പാര്‍ക്കില്‍ നടീല്‍വസ്തു വില്‍പ്പനയ്ക്കായി ഒരു ഔട്ട്‌ലെറ്റും തുറന്നു. അകത്തള ചെടികള്‍ മൊത്തമായി വില്‍ക്കുന്നതിന് പൊതു സ്വകാര്യമേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്' - ഡോ. പി.ജെ. ഹരികൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പശ്ചിമബംഗാള്‍.
Content Highlights: succulents from darjeeling turns to be best indoor plants for plant lovers