ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന വിപ്ലവം; ഭീതിയുടെ താവളം കൃഷിയിടവും പൂങ്കാവനവുമായി, പിരപ്പമൺകാടിന്റെ പരിണാമങ്ങൾ

#ജി. മഹേഷ്
പിരപ്പമണ്‍കാട് ഏലായിലെ വയല്‍ക്കാഴ്ച | ചിത്രം: എസ്. ശ്രീകേഷ്, മാതൃഭൂമി
പിരപ്പമണ്‍കാട് ഏലായിലെ വയല്‍ക്കാഴ്ച | ചിത്രം: എസ്. ശ്രീകേഷ്, മാതൃഭൂമി

തരിശായിക്കിടന്നിരുന്ന ഒരു പാടം. അതിൽപ്പിന്നെ കാടുപടർന്നു. അവിടം പിന്നീട് സമൂഹവിരുദ്ധരുടെ താവളമായി. ആ മണ്ണിൽ ഒരു കൊലപാതകം നടന്നു. പക്ഷേ, ഒരുപറ്റം മനുഷ്യരുടെ ആത്മാർഥമായ കൂട്ടായ്മ ആ സ്ഥലത്തെ മാറ്റിമറിച്ചു. തരിശുനിലം തളിർത്തു. അത് കൃഷിയിടവും പൂങ്കാവനവുമായി. പിരപ്പമൺകാട് ഏലായിൽ ഇപ്പോൾ കാഴ്ചക്കാരുടെ തിരക്കാണ്. വിദൂരജില്ലകളിൽനിന്നുപോലും ഇടവേളകളില്ലാതെ ഇവിടേക്ക് ആളുകളെത്തുന്നു. കുട്ടികളുൾപ്പെടെയുള്ളവർ വയൽവരമ്പുകളിലൂടെ പ്രഭാത-സായാഹ്ന സവാരികൾ നടത്തുന്നു. പാടശേഖരത്തിനു നടുവിലെ ഏറുമാടത്തിൽക്കയറി വയൽക്കാഴ്ചകളും അസ്തമയസന്ധ്യകളുമാസ്വദിക്കുന്നു. മുതിർന്നവർ പാതയോരത്തെ ബെഞ്ചുകളിലിരുന്ന് നാട്ടുവർത്തമാനം പറയുന്നു. കുട്ടികൾ പട്ടംപറത്തിക്കളിക്കുന്നു. ഏലാക്കരയിലിരുന്ന് ചൂണ്ടയിട്ട് ആറ്റിൽനിന്ന് മീൻപിടിക്കുന്നു. ചെണ്ടുമല്ലിപ്പാടത്തെ പൂക്കൾക്കണ്ട് സന്തോഷിക്കുന്നു. ചിലർ റീൽസ് ചിത്രീകരിക്കുന്നു. വിവാഹത്തിനുമുന്നോടിയായി വീഡിയോ ആൽബം ചിത്രീകരിക്കുന്നു. ദേശാടനക്കിളികളുടെ ചിത്രങ്ങൾ പകർത്തുന്നു. -ഇങ്ങനെയൊക്കെ പിരപ്പമൺകാട് ഏലായിലൂടെ ഒരു ദേശത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ ഊർജരേണുക്കളാകുകയാണ്. കാഴ്ചയുടെ വൈവിധ്യമാസ്വദിക്കാനാണ് പിരപ്പമൺകാടിലേക്ക് ഇന്ന് ആളുകളൊഴുകിയെത്തുന്നത്. ദിനംതോറും 250-ലേറെപ്പേർ ഇവിടേക്കെത്തുന്നു. അവധിദിവസങ്ങളിലാകട്ടെ അത് അറുനൂറിലേറെ കവിയും.

ഏലാക്കരയിലെ കൊലപാതകനിലം

മൂന്നുവർഷം മുൻപുവരെ ആളുകൾ കടന്നുചെല്ലാൻ പേടിച്ചിരുന്ന ഒരിടമായിരുന്നു ഈ പാടശേഖരവും പരിസരവും. 1990-കളുടെ അവസാനത്തോടെ കാർഷികജോലികൾക്ക് ആളുകളെ കിട്ടാതെവന്നു. ഏതെങ്കിലുംവിധത്തിൽ കൃഷിനടത്തിയാൽ കൊയ്തെടുക്കാൻ കഴിയാതെ കതിരുകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതി. നിലമുടമകൾ ഓരോരുത്തരായി പാടം തരിശിടാൻ തുടങ്ങി. വർഷങ്ങളായി കൃഷിയില്ലാതെവന്നതോടെ നിലങ്ങളിൽ പുല്ലുവളർന്ന് കാടുമൂടി. ചിലയിടങ്ങളിൽ വൃക്ഷങ്ങളും തഴച്ചുവളർന്നു. പാമ്പും പന്നിയുമുൾപ്പെടെയുള്ള ജീവികളുടെ വാസസ്ഥലമായി. സ്വന്തം നിലമെവിടെയെന്ന് ഉടമകൾക്കുപോലും തിരിച്ചറിയാൻ പറ്റാതായി.

ആളുകൾ പോകാതെവന്നതോടെ ഇവിടം ലഹരിസംഘങ്ങളുടെയും വ്യാജവാറ്റുകാരുടെയും താവളമായിമാറി. സന്ധ്യയായാൽ നാട്ടുകാർക്കുപോലും റോഡിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതി. ഇതൊക്കെ അനുദിനം പ്രദേശത്താകെ ഭീതിപെരുക്കിക്കൊണ്ടിരുന്നു. പരാതിപ്പെട്ടാലും പോലീസുപോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ. ഏലാക്കരയിൽ മാമം ആറിനോട് ചേർന്നുള്ള ഭാഗത്ത് കുടിൽകെട്ടിയാണ് ക്രിമിനൽസംഘങ്ങൾ ലഹരിവ്യാപാരം നടത്തിയിരുന്നത്. ഭയംകാരണം ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാൻപോലും നാട്ടുകാർ ശ്രമിച്ചില്ല. ക്രിമിനൽസംഘങ്ങൾ രാത്രിയിൽ വീടുകയറി ആക്രമിക്കുമെന്നായിരുന്നു ആളുകളുടെ പേടി.

2023 ഓഗസ്റ്റ് 16-ന് രാത്രി 10-നായിരുന്നു നാടിനെനടുക്കിയ ആ സംഭവം. അന്നാണ് ഏലാക്കരയിൽ തമ്പടിക്കുമായിരുന്ന ലഹരിവിൽപ്പനസംഘങ്ങളുടെ കുടിപ്പകയെത്തുടർന്ന് ക്രൂരമർദനമേറ്റ് ഒരു യുവാവ് കൊല്ലപ്പെട്ടത്. വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം ചിരട്ടമൺകാട് വീട്ടിൽ ശ്രീജിത്ത് (അപ്പു-25) ആണ് മരിച്ചത്. സംഭവത്തിലെ പ്രതികൾ പിന്നീട് അറസ്റ്റിലായി. കേസിപ്പോൾ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലാണ്.

അൻഫാറിന്റെ സാഹസം

കൊലപാതകത്തെത്തുടർന്ന് പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനെക്കുറിച്ചായി നിലമുടമകളിൽ ചിലരുടെ ആലോചന. പലതവണ അവർ ഒത്തുകൂടിയെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ല. ഇതിനിടെ നാട്ടുകാരനായ എ. അൻഫാർ എന്നയാൾ ഒരു സാഹസം കാണിച്ചു. ഒരു ട്രാക്ടർ ഇറക്കി പാടശേഖരത്തിലെ ഒരുഭാഗം വയലുകളിലെ കാടുനീക്കി ഉഴുതുമറിച്ചു. നിലമുടമകളിൽ ആരുടെയും അനുവാദം ചോദിക്കാതെയായിരുന്നു അൻഫാറിന്റെ പ്രവൃത്തി. രണ്ടുപതിറ്റാണ്ടായി കൃഷിമറഞ്ഞ പാടശേഖത്തിന് പുതുജീവനേകാൻ അത് വഴിയൊരുക്കി.

ആദ്യം വയലുടമകളിൽ ചിലർ പരാതികളുമായി രംഗത്തെത്തി. പിന്നീട് നാടിന്റെ ഉയിർപ്പിന് അർഫാൻ നടത്തിയത് ചരിത്രദൗത്യമാണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹത്തോടെ ഒപ്പംകൂടി. നിലത്തിലെ കാടുനീങ്ങിയതോടെ പല ഉടമകൾക്കും സ്വന്തം നിലം കണ്ടെത്താൻകഴിഞ്ഞു. തുടർന്ന് കൃഷിയിറക്കുന്നതിനെക്കുറിച്ചായി അവരുടെയും ആലോചന. അൻഫാറിനൊപ്പം എട്ടുപേർകൂടി ചേർന്നതോടെ പിരപ്പമൺകാട് പാടശേഖരകമ്മിറ്റി രൂപവത്കരിച്ചു. അടുത്തകമ്മിറ്റിയായപ്പോഴേക്കും അംഗസംഖ്യ 11 ആയി. കൃഷിയിറക്കാൻ ബുദ്ധിമുട്ടുള്ള ഉടമകളെ കണ്ടെത്തി നിലങ്ങൾ പാടശേഖരസമിതി ഏറ്റെടുത്തു. അങ്ങനെ നിലമുടമകൾ ഒന്നിനുപിന്നാലെ ഒന്നായി അണിചേർന്നു. പച്ചപുതച്ച വയലേലകളിൽ ഞാറ്റുപാട്ടും നാട്ടീണവും നാമ്പിട്ടു.

പാടശേഖരത്തിൽ കൃഷി വിപുലമായതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങി ലഹരിസംഘങ്ങളുടെ കുടിലുകൾ പൊളിച്ചുനീക്കി. പ്രദേശമാകെ വെട്ടിത്തെളിച്ചു. രാവും പകലും കാത്തിരുന്ന് ലഹരിവിൽപ്പന തടഞ്ഞു. ഇതോടെ അക്രമി-ലഹരിവിൽപ്പന സംഘങ്ങൾ സ്ഥലംവിട്ടു. അങ്ങനെ പതുക്കെപ്പതുക്കെ പിരപ്പമണൺകാട് ഏലാക്കരയിൽനിന്ന് ഭീതിയൊഴിഞ്ഞു. 2022-‘23 വർഷം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 40 ഏക്കറിൽ കൃഷിയിറക്കി. ആദ്യകൃഷിയിലെ വിളവ് കർഷകരെ സന്തോഷിപ്പിക്കുകയും ബാക്കിയുള്ള നിലമുടമകളെ ആകർഷിക്കുകയുംചെയ്തു. ഇതോടെ രണ്ടാംവിളയ്ക്ക് 50 ഏക്കറിൽ കൃഷിയിറക്കാനായി. ഇപ്പോൾ 65 ഏക്കർവരുന്ന പാടശേഖരത്തിലെ നിലങ്ങളിലെല്ലാം കൃഷിയുണ്ട്.

തരിശുപാടങ്ങൾ തിരിച്ചുപിടിക്കാൻ പാടശേഖരസമിതി തീരുമാനിച്ചപ്പോൾ നിലമുടമകൾക്കുപുറമേ പാട്ടക്കർഷകർ, സർവീസ് സഹകരണബാങ്ക്, കുടുംബശ്രീ, കർഷകസംഘം എന്നിവർക്കൊപ്പം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥിപ്പോലീസ് യൂണിറ്റും പൂർവവിദ്യാർഥികളും കൃഷിചെയ്യാനെത്തി. ഒന്നാംവിളയിൽ അവർ 80,000 കിലോ നെല്ല് ഉത്‌പാദിപ്പിച്ചു. രണ്ടാംവിളയിറക്കാറായപ്പോൾ ക്ഷേത്രങ്ങൾ, പള്ളി, ക്ലബ്ബുകൾ, റെസിഡൻറ്‌സ് അസോസിയേഷനുകൾ തുടങ്ങി 23 കൂട്ടായ്മകൾ നെൽക്കൃഷിക്കായി ഈ പാടശേഖരത്തിലേക്കെത്തി. ഒട്ടേറെ സ്‌കൂളുകൾ ഇന്ന് പിരപ്പമൺകാട് ഏലായിൽ കൃഷിനടത്തുന്നുണ്ട്. ഇപ്പോൾ ഉത്പാദനം ഒരുലക്ഷം കിലോയ്ക്കുമുകളിലാണ്. പാടശേഖരത്തിൽ കൃഷിചെയ്തെടുക്കുന്ന നെല്ല് സപ്ലൈക്കോയ്ക്ക് കൊടുക്കുന്നതായിരുന്നു ആദ്യത്തെ രീതി. എന്നാൽ, ഇവിടെയുത്‌പാദിപ്പിക്കുന്നത് നാട്ടുകാർക്കുതന്നെ ഉപയോഗിക്കാൻ കഴിയണമെന്ന ചിന്തയിൽ ഒരു മില്ല് സ്ഥാപിക്കണമെന്ന ആശയമുദിച്ചു. കൃഷിവകുപ്പിൽനിന്ന് ഒരു ചെറിയ മില്ല് സ്ഥാപിക്കാനുള്ള സഹായം പാടശേഖരസമിതിക്ക് ലഭിച്ചു. മില്ല് സ്ഥാപിച്ചതോടെ ഉത്‌പാദിപ്പിക്കുന്ന നെല്ലിൽ ഒരുപങ്ക് പരമ്പരാഗതരീതിയിൽ പുഴുങ്ങിയുണക്കി കുത്തി അരിയാക്കി വിപണിയിലെത്തിച്ചു. ഇന്ന് പിരപ്പമൺകാട് ബ്രാൻഡ് കുത്തരിക്ക് ഓൺലൈനിൽപ്പോലും ധാരാളം ആവശ്യക്കാരാണ്. നെല്ല് പുഴുങ്ങി അരിയാക്കുന്നു എന്നറിയുമ്പോൾത്തന്നെ ആവശ്യക്കാർ മുൻകൂർ പണം നൽകി കാത്തുനിൽക്കുന്ന അവസ്ഥയുണ്ട്.

ചിരിതൂകി ചെണ്ടുമല്ലിപ്പാടം

വയലിൽനിന്ന് കരയിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആലോചനകളിലാണ് ചെണ്ടുമല്ലിപ്പാടം എന്ന ആശയത്തിലേക്ക് പാടശേഖരസമിതിയും സൗഹൃദസംഘവുമെത്തിയത്. ഏലാക്കരയിലെ ഒന്നരയേക്കർ പറമ്പ് സൗഹൃദസംഘം പാട്ടത്തിനെടുത്തു. കർഷകർ സ്വരൂപിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ച് പറമ്പിലെ കാട് വെട്ടിത്തെളിച്ച് കിളച്ചൊരുക്കി പണകളെടുത്ത്‌ ഇക്കൊല്ലം അവിടെ പൂക്കൃഷിനടത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിൽനിന്ന് 10,000 ചെണ്ടുമല്ലിയുടെയും 2600 വാടാമല്ലിയുടെയും തൈകളെത്തിച്ചായിരുന്നു കൃഷി. ഓണക്കാലത്ത് പ്രദേശത്തെ വീടുകളിലെല്ലാം പൂക്കളമൊരുക്കിയത് പിരപ്പമൺകാട്ടു വിരിഞ്ഞ പൂക്കൾകൊണ്ടായിരുന്നു.

വീണ്ടെടുക്കലുകളും ആഘോഷങ്ങളും

കാർഷികസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പലതിനെയും തിരിച്ചുകൊണ്ടുവരാനും പാടശേഖരസമിതിക്കും സൗഹൃദസംഘത്തിനും കഴിഞ്ഞു. ഞാറുനടീൽ കഴിഞ്ഞ് വയൽക്കരയിൽ കർഷകത്തൊഴിലാളികൾക്ക് സദ്യനൽകുന്ന വയൽസദ്യ അത്തരമൊരു വീണ്ടെടുക്കലായി. ഒരുകാലത്ത് കന്നുപൂട്ടും മരമടിയും കാർഷികവൃത്തിയുടെ ഭാഗമായിരുന്നു. അതിനെ ഓർമ്മിപ്പിക്കുന്നവിധം ചേറ്റുത്സവവും സംഘടിപ്പിച്ചു.

വയലോണച്ചിന്ത് എന്നപേരിൽ ഓണപ്പാട്ടുകളുടെയും നാടൻപാട്ടുകളുടെയും അവതരണവും നടത്തുന്നുണ്ട്. കഴിഞ്ഞ റംസാൻകാലത്ത് നടത്തിയ വയൽ ഇഫ്താർ നാടിന്റെ മതസൗഹാർദത്തിന്റെ പെരുമയായി. ഏലാക്കരയിലെ ഭൂതനാഥൻകാവ് ക്ഷേത്രമൈതാനത്താണ് ഇഫ്താർ സംഗമം നടത്തിയത്. ക്രിസ്മസ് കാലത്ത് വയലിൽ 36 അടി ഉയരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് പാപ്പയ്ക്ക് വയൽപാപ്പ എന്നായിരുന്നു പേര്.

ഇതിനെല്ലാം വഴിതുറന്നത് പാടശേഖരസമിതിയിൽനിന്ന് പിരപ്പമൺകാട് സൗഹൃദസംഘത്തിലേക്കുള്ള വളർച്ചയാണ്. സൗഹൃദസംഘത്തിൽ സർക്കാരുദ്യോഗസ്ഥരും വിരമിച്ചവരും ബാങ്ക് ജീവനക്കാരും ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരും വിദ്യാർഥികളും വീട്ടമ്മമാരും കർഷകത്തൊഴിലാളികളും ചുമട്ടുതൊഴിലാളികളും അധ്യാപകരുമുണ്ട്. 150-ല്പരം സ്ത്രീകൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. സന്നദ്ധപ്രവർത്തനമാണ് ഈ സംഘത്തിന്റെ മുതൽക്കൂട്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരുമനസ്സോടെ പ്രവർത്തിക്കുന്നു.

വയൽനടത്തംമുതൽ ഡിജി ഫാർമർവരെ

നടക്കാൻ പാകത്തിൽ വയൽവരമ്പുകൾ സജ്ജമാക്കിയശേഷം പാടശേഖരസമിതിയും സൗഹൃദസംഘവും ചേർന്ന് വയൽനടത്തം പരിപാടി സംഘടിപ്പിച്ചു. അതോടെ പ്രഭാതനടത്തത്തിനും സായാഹ്നസവാരിക്കും കൂടുതൽപ്പേർ വരാൻതുടങ്ങി. പാടശേഖത്തിന് നടുവിൽ ഏറുമാടം നിർമിച്ചത് വലിയ ആകർഷണമായി. വയലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത വയൽക്കരുതൽ പദ്ധതി പുതിയൊരു സംസ്‌കാരമായി. പുതുതലമുറയ്ക്ക് കൃഷിയറിവുകൾ പകർന്നുനൽകാനായി വിവിധ സ്‌കൂളുകളിൽ വയലറിവ് എന്നപേരിൽ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. വയലിമ്പം എന്നു പേരിട്ട് വെട്ടിക്കൽ പാലംമുതൽ ഭൂതനാഥൻകാവ് ക്ഷേത്രംവരെയുള്ള റോഡിന്റെ ഇരുവശത്തും അരളിച്ചെടികൾ നട്ടുപിടിപ്പിച്ചു. പാടശേഖരസമിതിയിലെ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസനേട്ടങ്ങളിൽ അവരെ ആദരിക്കുന്ന പരിപാടിക്കും വയൽശ്രീ എന്നാണ് പേരുനൽകിയത്. മുതിർന്ന കർഷകരെ ഡിജിറ്റൽ സാക്ഷരരാക്കുന്ന ഡിജി ഫാർമർ എന്ന പദ്ധതിയും വലിയ വിജയമായി.

മാതൃഭൂമിയും ഭാരത് ഭവനും

പിരപ്പമൺകാട് ഗ്രാമം നെൽക്കൃഷി തിരിച്ചുപിടിക്കാനൊരുങ്ങിയ ഘട്ടംമുതൽ മാതൃഭൂമിയും ആ നാടിനൊപ്പമുണ്ട്. ആദ്യവിളയിറക്കിയ സമയത്ത് ശക്തമായ വെയിലിൽ പാടങ്ങൾ വിണ്ടുകീറി നെൽച്ചെടികൾ കരിയാൻ തുടങ്ങിയപ്പോൾ വിഷയം അധികൃതരുടെ മുന്നിലേക്കെത്തിച്ചത് മാതൃഭൂമിയാണ്. പാടം കരിയുന്നതുസംബന്ധിച്ച് പാടശേഖരസമിതിയംഗങ്ങൾ കൃഷിഭവനിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടികളുണ്ടായില്ല. ഏലാക്കരയിലെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കണക്‌ഷൻ പുനഃസ്ഥാപിച്ചുനൽകണമെന്നാവശ്യപ്പെട്ട് കർഷകർ കെഎസ്ഇബിയെ സമീപിച്ചെങ്കിലും അവരും കൈമലർത്തി. കർഷകരുടെ സങ്കടം മാതൃഭൂമി ‘ഈ കർഷകരെ തോൽപ്പിക്കരുതേ’ എന്ന തലക്കെട്ടിൽ അധികൃതർക്കു മുന്നിലെത്തിച്ചു. തുടർന്ന് അധികൃതർ കണ്ണുതുറന്നു. പമ്പ് ഹൗസിലേക്ക് പിറ്റേന്നുതന്നെ വൈദ്യുതിയെത്തി. മാമം ആറ്റിൽനിന്ന് വെള്ളം വയലിലേക്കൊഴുകി. നെൽച്ചെടികൾക്ക് പുതുജീവൻവന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാതൃഭൂമി പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദസംഘവുമായി ചേർന്ന് വയൽവസന്തം എന്നപേരിൽ കൃഷി-ടൂറിസം വികസനസെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ പിരപ്പമൺകാട് കനവുകൾ എന്ന കൈപ്പുസ്തകം പ്രകാശിപ്പിച്ചു.

വയൽവസന്തം സെമിനാറിനെത്തുടർന്ന് സർക്കാരിന്റെ സാംസ്‌കാരികസ്ഥാപനമായ ഭാരത് ഭവൻ വിതമുതൽ കൊയ്ത്തുവരെ എന്ന പദ്ധതിയിൽ പിരപ്പമൺകാടിനെ ഉൾപ്പെടുത്തി. വിത്തിറക്കൽമുതൽ കൊയ്ത്തുവരെയുള്ള കാലയളവിൽ നാട്ടുകാരായ കലാകാരന്മാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് കലാപ്രവർത്തനങ്ങൾ നടത്തുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ തയ്യാറായിവരുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് മാതൃഭൂമിയും പാടശേഖരസമിതിയും സൗഹൃദസംഘവും ചേർന്ന് കൊയ്ത്തുത്സവവും നടത്തി.

സുന്ദരനിമിഷങ്ങൾക്ക് മാതൃഭൂമി സെൽഫി പോയിന്റ്

പിരപ്പമൺകാട് പാടശേഖരം കാണാനെത്തുന്നവർക്ക് ആവേശമാകുയാണ് മാതൃഭൂമിയുടെ സെൽഫി പോയിന്റ്. ഐ ലവ് പിരപ്പമൺകാട് എന്ന് രേഖപ്പെടുത്തിയ സ്ഥിരം സെൽഫി പോയിന്റാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. പാടശേഖരത്തിന്റെ നടുവിലെ വയലേറുമാടവും വിശാലമായ നെൽപ്പാടവുമെല്ലാം ഒറ്റഫ്രെയിമിലാക്കാൻ ഈ സെൽഫി പോയിന്റിലൂടെ കഴിയും. ഇക്കഴിഞ്ഞ ഒക്ടോബർ 10-ന് നടന്ന കൊയ്ത്തുത്സവത്തോടനുബന്ധിച്ചാണ് സെൽഫി പോയിന്റ് സ്ഥാപിച്ചത്.