പച്ചപ്പ്‌ മാഞ്ഞ് കോൺക്രീറ്റ് കാടായി പാലക്കാട്: 35 വർഷത്തിനിടെ കൃഷിഭൂമി 89.7% കുറഞ്ഞു; താപനില വർധിക്കുന്നതായി ഉപഗ്രഹ പഠനം

പാലക്കാട്ടേ കൃഷിയിടത്തിൽ കർഷകർ | Photo: PP Ratheesh/Mathrubhumi
പാലക്കാട്ടേ കൃഷിയിടത്തിൽ കർഷകർ | Photo: PP Ratheesh/Mathrubhumi

കഴിഞ്ഞ 35 വർഷത്തിനിടെ പാലക്കാട് നഗരസഭാ അതിർത്തിക്കുള്ളിലെ കൃഷിഭൂമിയുടെ 89.7 ശതമാനവും അപ്രത്യക്ഷമായതായി ശാസ്ത്രീയ ഉപഗ്രഹ പഠനം. ഒരുകാലത്ത് നഗരത്തിന്റെ മുഖമായിരുന്ന വയലുകളും കാടുകളും ഇന്ന് മൂന്നിരട്ടിയിലധികം വേഗത്തിൽ വളർന്ന കെട്ടിടങ്ങൾക്കു മുന്നിൽ വഴിമാറി കൊടുത്തിരിക്കുകയാണ്. 1990-ൽ നഗരത്തിന്റെ കാൽഭാഗം മാത്രം കൈയടക്കിയിരുന്ന നിർമിത പ്രദേശങ്ങൾ ഇന്ന് 77 ശതമാനത്തിലധികം സ്ഥലവുംവിഴുങ്ങിക്കഴിഞ്ഞു. പച്ചപ്പുമാഞ്ഞ് കൽക്കെട്ടുകൾ ഉയർന്നതോടെ 'അർബൻ ഹീറ്റ് ഐലൻഡ്' പ്രതിഭാസത്തിലൂടെ നഗരത്തിലെ ഉപരിതല താപനിലയും വൻതോതിൽ വർധിക്കുകയാണ്.

ഡിസ്കവർ സിറ്റീസ് എന്ന ശാസ്ത്ര മാസികയിൽ 2026 നവംബർ 21-ന് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് പാലക്കാട് നഗരസഭയിലെ നിർണ്ണായക കണ്ടെത്തലുകളുള്ളത്. 'Spatiotemporal dynamics of land use/land cover change and surface urban heat island intensification for sustainable urban planning in palakkad municipality' എന്ന തലക്കെട്ടിൽ നസ്‌റിൻ ബീഗം സർദാർ, കെ. ജയരാജൻ എന്നിവരാണ് ഈ പഠനം നടത്തിയത്. 1990 മുതൽ 2025 വരെയുള്ള കാലയളവിലെ ഉപഗ്രഹ വിവരങ്ങൾ ഉപയോഗിച്ചാണ് നഗരവൽക്കരണവും ഉപരിതല താപനിലയിലെ വർധനവും തമ്മിലുള്ള ബന്ധം പരിശോധിച്ചത്.

പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം പാലക്കാട് നഗരസഭയുടെ ആകെ വിസ്തൃതിയായ 27.09 ചതുരശ്ര കിലോമീറ്ററിൽ കെട്ടിട സമുച്ചയങ്ങളും അനുബന്ധ നിർമിതികളും മൂന്നിരട്ടിയിലധികം വർധിച്ചു. 1990-ൽ നഗരസഭാ പ്രദേശത്തിന്റെ 26.94% (7.30 ചതുരശ്ര കിലോമീറ്റർ) മാത്രം ഉൾപ്പെട്ടിരുന്ന നിർമിത പ്രദേശം (built-up area), 2025 എത്തിയപ്പോഴേക്കും 77.13 ശതമാനമായി (20.92 ചതുരശ്ര കിലോമീറ്റർ) ഉയർന്നു. അതായത് നഗരത്തിന്റെ മുക്കാൽ ഭാഗവും ഇന്ന് കെട്ടിടങ്ങളും കോൺക്രീറ്റ് പ്രതലങ്ങളുമാണ്.

1970, 2000, 2020, 2025 വർഷങ്ങളിൽ പാലക്കാട് ന​ഗരസഭയിലെ ഭൂവിനിയോ​ഗം | Sourse: https://link.springer.com/

അതേസമയം, നഗരപരിധിയിലെ കൃഷിഭൂമിയുടെ വിസ്തൃതിയിൽ വൻതകർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1990-ൽ നഗരസഭയുടെ 36.36% വരുന്ന 9.86 ചതുരശ്ര കിലോമീറ്റർ പ്രദേശം കൃഷിഭൂമിയായിരുന്നു. എന്നാൽ, 2025-ൽ ഇത് 3.78 ശതമാനമായി (1.02 ചതുരശ്ര കിലോമീറ്റർ) ചുരുങ്ങി. ഇക്കാലയളവിൽ കൃഷിഭൂമിയുടെ വിസ്തൃതിയിൽ ഏകദേശം 89.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 1990-ൽ ഉണ്ടായിരുന്ന കൃഷിഭൂമിയുടെ പത്തിലൊന്ന് ഭാഗം മാത്രമാണ് ഇന്ന് ശേഷിക്കുന്നത്.

പാലക്കാടൻ ഭൂപ്രകൃതിയിലെ ഈ ഭൂവിനിയോഗ മാറ്റങ്ങൾ ഒരേ നിരക്കിലല്ല സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2000 മുതൽ 2010 വരെയുള്ള ദശകം നഗരവൽക്കരണത്തിന്റെ വേഗതയിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. ഈ ഒരു ദശകത്തിനുള്ളിൽ നിർമിത പ്രദേശങ്ങൾ 33.42 ശതമാനത്തിൽനിന്ന് 56.27 ശതമാനത്തിലേക്ക് കുതിച്ചുയരുകയും കൃഷിഭൂമി 20.42 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വികസന പ്രവണത ശക്തമായി തുടർന്നു.

ഗതാഗത പാതകൾക്ക് ഇരുവശത്തുമായുള്ള വൻനിർമാണ പ്രവർത്തനങ്ങളും കൃഷിഭൂമിയെയും സസ്യജാലങ്ങൾ നിറഞ്ഞ പ്രദേശങ്ങളെയും കെട്ടിടങ്ങളാക്കി മാറ്റി. ജില്ലാ ആസ്ഥാനമെന്ന നിലയിലുള്ള പ്രാധാന്യവും അയൽപ്രദേശങ്ങളുമായുള്ള മികച്ച ഗതാഗത ബന്ധവും വീടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയ്ക്കുള്ള ആവശ്യകത വർധിപ്പിച്ചു.

1990-ൽ 5.84 ചതുരശ്ര കിലോമീറ്ററിൽ ഉണ്ടായിരുന്ന സസ്യജാലങ്ങൾ (mixed vegetation) 2025-ൽ 4.07 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. കൂടാതെ, 3.15 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന തുറസ്സായ പറമ്പുകൾ (open land) 0.36 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങി.

എന്നാൽ, നഗരത്തിലെ ജലാശയങ്ങളുടെ ആകെ വിസ്തൃതിയിൽ വലിയ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 1990-ലും 2025-ലും ഏകദേശം 0.96 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജലാശയങ്ങൾ മാപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും നഗരവൽക്കരണത്തോടെ ജലാശയങ്ങൾ കൂടുതൽ ചിതറപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഉപഗ്രഹ പഠനം വിലയിരുത്തുന്നു.

വർഷങ്ങളിൽ പാലക്കാട് ന​ഗരസഭയിലെ ഭൂവിനിയോ​ഗം | Sourse: https://link.springer.com/

ഉപഗ്രഹ ചിത്രങ്ങളിൽ ജലാശയങ്ങളുടെ വിസ്തൃതി സ്ഥിരമായി കാണപ്പെടുന്നുണ്ടെങ്കിലും അവയുടെ ആവാസപരമായ ആരോഗ്യം വലിയ ഭീഷണിയിലാണ്. സ്വാഭാവിക നീരൊഴുക്ക് പാതകളിൽനിന്ന് വിച്ഛേദിക്കപ്പെടുക, മലിനീകരണം, കയ്യേറ്റങ്ങൾ, വൃഷ്ടിപ്രദേശങ്ങളിലെ ഭൂവിനിയോഗ മാറ്റം എന്നിവ കുളങ്ങളുടെയും ജലാശയങ്ങളുടെയും സംഭരണശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ കുളങ്ങളും തടാകങ്ങളും നഗരവൽക്കരണത്തിന്റെ ഭാഗമായി വേഗത്തിൽ ഒറ്റപ്പെടാൻ സാധ്യതയേറെയാണ്.

നഗരവൽക്കരണത്തിന്റെ ഫലമായി പാലക്കാട്ടെ ഉപരിതല താപനിലയിലും (Land Surface Temperature - LST) വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 1990-2000 കാലയളവിൽ ശരാശരി 37.76 ഡിഗ്രി സെൽഷ്യസായിരുന്ന ഉപരിതല താപനില, 2021-2025 കാലയളവിൽ 38.52 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 0.76 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്.

അർബൻ ഹീറ്റ് ഐലൻഡ് (Urban Heat Island) പ്രതിഭാസമാണ് നഗരപ്രദേശങ്ങളിൽ ചൂട് കൂടാൻ കാരണമാകുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളും അസ്ഫാൾട്ട് റോഡുകളും സൂര്യപ്രകാശത്തിലെ താപത്തെ വൻതോതിൽ ആഗിരണം ചെയ്യുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്നു. എന്നാൽ, സസ്യജാലങ്ങളും ഈർപ്പമുള്ള മണ്ണും നിഴൽ നൽകുന്നതിനൊപ്പം ബാഷ്പീകരണ-സസ്യസ്വേദനം (evapotranspiration) വഴി അന്തരീക്ഷത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. പച്ചപ്പ് മാറി കോൺക്രീറ്റ് പ്രതലങ്ങൾ വരുമ്പോൾ തദ്ദേശീയമായ താപസന്തുലനം തകരാറിലാകുന്നു.

അതേസമയം, ഉപരിതല താപനിലയും കാലാവസ്ഥാ കേന്ദ്രങ്ങൾ അളക്കുന്ന അന്തരീക്ഷ വായുവിന്റെ താപനിലയും രണ്ടാണെന്ന വസ്തുതയും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉപഗ്രഹങ്ങൾ അളക്കുന്ന ഉപരിതല താപനിലയിലെ ഈ മാറ്റം ഭൂവിനിയോഗ മാറ്റത്തിന് പുറമെ കാലാവസ്ഥാ വ്യതിയാനം, കാലാനുസൃത മാറ്റങ്ങൾ എന്നിവയുടെയും സംയോജിത ഫലമാകാം. അതിനാൽ താപനില വർധനവ് പൂർണ്ണമായും നഗരവൽക്കരണംമൂലം മാത്രമാണെന്ന് സമർത്ഥിക്കാനാവില്ലെങ്കിലും ഉപരിതല ചൂട് കൂടുന്നതിൽ കോൺക്രീറ്റ് നിർമിതികൾക്കും പങ്കുണ്ടെന്നത് വസ്തുതയാണ്.

സസ്യജാലങ്ങളുടെ സാന്ദ്രത അളക്കുന്ന എൻ.ഡി.വി.ഐ (NDVI) സൂചികയിൽ രസകരമായ ഒരു കണ്ടെത്തൽ ഉപഗ്രഹ പഠനത്തിലുണ്ട്. നഗരസഭയിലാകെയുള്ള ശരാശരി എൻ.ഡി.വി.ഐ 1990-2000 കാലയളവിലെ 0.43-ൽനിന്ന് 2011-2020 കാലയളവിൽ 0.51 ആയി ഉയരുകയും 2021-2025-ലും അതേപടി തുടരുകയും ചെയ്തു. കൃഷിഭൂമിയും കാടുകളും കുറയുമ്പോൾ പച്ചപ്പിന്റെ സൂചിക കൂടുന്നത് വൈരുധ്യമായി തോന്നാം. നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിലും പുഴയോരങ്ങളിലും പച്ചപ്പ് കേന്ദ്രീകരിക്കപ്പെടുകയും സാന്ദ്രമാവുകയും ചെയ്തതിനാലാണ് ശരാശരി ഉയർന്നത്. പക്ഷേ, നഗരമധ്യത്തിലും ജനവാസ മേഖലകളിലും മരങ്ങൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം നഗരാതിർത്തിയിലെ പച്ചപ്പ് കൊണ്ടുമാത്രം പരിഹരിക്കാനാകില്ല.

സ്ഥലവില ഉയർന്നതും കൃഷി ലാഭകരമല്ലാതായതുംമൂലം പലരും ഭൂമി വിൽക്കുകയോ കൃഷി ഉപേക്ഷിച്ച് വെറുതെ ഇടുകയോ ചെയ്തു. കൃഷിഭൂമി കഷണങ്ങളായി വിഭജിക്കപ്പെട്ടതോടെ ജലസേചനവും കൃഷിപ്പണികളും കൂടുതൽ ബുദ്ധിമുട്ടിലായി. ഇത് കർഷകരെ മാത്രമല്ല, കാർഷിക മേഖലയിലെ തൊഴിലാളികളുടെ തൊഴിലവസരങ്ങളെയും ബാധിച്ചു. മുൻസിപ്പൽ പരിധിക്കുള്ളിൽ കൃഷിഭൂമി വലിയ തോതിൽ കുറയുന്നത് പ്രാദേശിക ഭക്ഷ്യോൽപ്പാദനത്തെയും നഗരവും കാർഷികസംസ്കാരവും തമ്മിലുള്ള ബന്ധത്തെയും ബാധിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഇപ്പോഴും വലിയതോതിൽ കാർഷികമേഖല നിലനിൽക്കുന്നുണ്ടെങ്കിലും നഗരത്തിനുള്ളിലെ പരമ്പരാഗത കാർഷിക മേഖലകളുടെ നഷ്ടം പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് തിരിച്ചടിയാണ്.

കേരള തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാക്കിയ പാലക്കാട് നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ജലാശയങ്ങളുടെ പുനരുദ്ധാരണവും പച്ചപ്പുകളുടെ സംരക്ഷണവും നിർദേശിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങൾ, പ്രകൃതിദത്ത നീരൊഴുക്കുകൾ എന്നിവ സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കണമെന്ന് പ്ലാനിൽ വ്യക്തമാക്കുന്നുണ്ട്.

പാലക്കാട്ടെ നഗര വികാസത്തെക്കുറിച്ച് 2026 മേയിൽ പ്രസിദ്ധീകരിച്ച മറ്റൊരു സ്വതന്ത്ര പഠനവും സമാനമായ കണ്ടെത്തലുകൾ മുന്നോട്ടുവെക്കുന്നുണ്ട്. 2001-ൽ 16.17 ശതമാനമായിരുന്ന നിർമിത പ്രദേശം 2021-ൽ 50.80 ശതമാനമായി ഉയർന്നുവെന്നും കൃഷിഭൂമി 23.22 ശതമാനത്തിൽനിന്ന് 6.20 ശതമാനമായി കുറഞ്ഞുവെന്നും ഈ പഠനം വ്യക്തമാക്കുന്നു. വ്യത്യസ്ത കാലയളവുകളും രീതികളുമാണ് ഉപയോഗിച്ചതെങ്കിലും രണ്ട് പഠനങ്ങളും പാലക്കാട്ടെ വേഗത്തിലുള്ള നഗരവൽക്കരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

2001ലും 2021ലും പാലക്കാട് ഭൂവിനിയോ​ഗത്തിൽ സംഭവിച്ച മാറ്റം | Sourse: https://www.cwejournal.org/

ലാൻഡ്സാറ്റ് (Landsat), സെന്റിനൽ-2 (Sentinel-2), പ്ലാനറ്റ്സ്കോപ്പ് (PlanetScope) എന്നീ ഉപഗ്രഹങ്ങളിൽനിന്നുള്ള 1990, 2000, 2010, 2020, 2025 വർഷങ്ങളിലെ ചിത്രങ്ങൾ 30 മീറ്റർ ഗ്രിഡിലേക്ക് മാറ്റിയാണ് ഗവേഷകർ അപഗ്രഥനം നടത്തിയത്. 

പാലക്കാട് നഗരത്തിന് തുടർന്നും വളരാം. എന്നാൽ, പ്രകൃതിയെയും കൃഷിയെയും പാടെ തുടച്ചുനീക്കിക്കൊണ്ടാകരുത് വികസനമെന്ന് ഉപഗ്രഹ വിവരങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ശേഷിക്കുന്ന കൃഷിഭൂമികളും ജലാശയങ്ങളും പുഴയോരങ്ങളും സംരക്ഷിച്ചുകൊണ്ട് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഹരിത വികസനനയം സ്വീകരിക്കേണ്ടത് നഗരത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ്.