ജാതിപത്രിക്ക് മാത്രമല്ല, ജാതിത്തൊണ്ടിനുമുണ്ട് മൂല്യം; മരുന്ന് മാത്രമല്ല, കാൻഡിയും ഉണ്ടാക്കാം

കേരളത്തിൽ ജൂൺ-ഓഗസ്റ്റ് ജാതിക്ക സീസണാണല്ലോ. ഈ സമയത്ത് ജാതിപത്രി വേർതിരിച്ചശേഷമുള്ള ജാതിത്തൊണ്ടിനെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കർഷകർക്ക് പലപ്പോഴും കഴിയാറില്ല. അതേസമയം ജാതിത്തൊണ്ട് ഏറെ മൂല്യമുള്ള ഒന്നാണെന്ന് തെളിയിക്കുകയാണ് ചാലക്കുടി തച്ചേത്തുകുടി സ്വദേശിയായ ടി.ടി. ബേബി എന്ന കർഷകൻ.
കൃഷിക്കൊപ്പം മൂല്യവർധന
പാരമ്പര്യ കർഷകനായ ബേബി ഏഴ് ഏക്കറിലായി ജാതി, റംബുട്ടാൻ, റബ്ബർ എന്നിവയാണ് കൃഷിചെയ്യുന്നത്. സ്വന്തമായി എന്തെങ്കിലും മൂല്യവർധിത ഉത്‌പന്നം ഉണ്ടാക്കണമെന്ന ആശയത്തിലൂടെയാണ് ഇതിൽ എത്തിയത്. ചാലക്കുടിയിൽ ജാതിക്കൃഷി നല്ലതോതിൽ ഉണ്ടെങ്കിലും ജാതിത്തൊണ്ട് വിപണിമൂല്യമുള്ള ഒരു ഉത്പന്നമാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. അതേസമയം ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മലബന്ധത്തിനുമൊക്കെ ജാതിത്തൊണ്ട് നല്ലൊരു മരുന്നാണെന്ന ബോധം സമൂഹത്തിലുണ്ടായിരുന്നു. അതാണ് എട്ടുവർഷംമുൻപ് ജാതിത്തൊണ്ടിൽനിന്നു കാൻഡി ഉണ്ടാക്കുന്ന സംരംഭത്തിലേക്ക് ബേബിയെ എത്തിച്ചത്. കാൻഡിയുടെ നിർമാണരീതി പരീക്ഷണനിരീക്ഷണങ്ങളിലൂടെ ബേബി സ്വന്തമായി രൂപപ്പെടുത്തി.
ഗൃഹവ്യവസായം
രണ്ടുസഹായികൾക്കൊപ്പം ബേബിതന്നെയാണ് വീട്ടിൽവെച്ച് കാൻഡി ഉണ്ടാക്കുന്നത്. വ്യത്യസ്തമായ നിർമാണരീതികൾ അനുവർത്തിക്കാറുണ്ട്. ജാതിത്തൊണ്ട് നന്നായി വൃത്തിയാക്കി ചെറിയ ചീളുകളായി അരിഞ്ഞ് പഞ്ചസാരലായനിയിൽ മൂന്നുദിവസത്തോളം ഇട്ടുവെച്ചശേഷം ഡ്രയറിൽ ഉണക്കിയെടുക്കുന്നതാണ് ഒരു രീതി. ജാതിത്തൊണ്ടിനും പഞ്ചസാരയ്ക്കുമൊപ്പം ഏലക്കായ, ഗ്രാമ്പൂ, തേൻ എന്നിവയാണ് ചേരുവകൾ. രാസപ്രിസർവേറ്റീവുകൾ ചേർക്കാറില്ല. സ്വന്തമായുള്ളതും മറ്റു കർഷകരിൽനിന്ന് ശേഖരിക്കുന്നതുമായ ജാതിത്തൊണ്ടാണ് ഉപയോഗിക്കുന്നത്. പ്രത്യേകപരുവത്തിലുള്ള ജാതിക്കായുടെ തൊണ്ട് ഉപയോഗിച്ചാൽമാത്രമേ നല്ല രുചിയും ഗുണനിലവാരവും ഉണ്ടാകൂവെന്ന് ബേബി പറഞ്ഞു. മൂത്ത് പുറന്തോട് പൊട്ടി ഉള്ളിലെ പത്രി പുറത്തുകാണുന്നതാണ് അനുയോജ്യമായ പരുവം. താഴെ വീണുകിടക്കുന്ന കായകൾ ഉപയോഗിക്കാറില്ല. നല്ലമഴയത്ത് ശേഖരിക്കുന്നവയ്ക്കും ഗുണമേന്മ കുറവായിരിക്കും.
സ്‌ക്വാഷും അരിഷ്ടവും
ഒരു കിലോ കാൻഡിയുണ്ടാക്കാൻ ഒന്നരകിലോഗ്രാമോളം ജാതിത്തൊണ്ട് വേണം. മൂന്നുമാസമാണ് ഉത്പന്നത്തിന്റെ സൂക്ഷിപ്പുകാലം. തൊണ്ടിൽനിന്നുള്ള സ്‌ക്വാഷും ഓർഡറനുസരിച്ച് ഉണ്ടാക്കുന്നുണ്ട്. തൊണ്ട്, തുല്യ അളവ് വെള്ളംചേർത്ത് മൂന്നോ നാലോ വിസിൽവരുന്നതുവരെ കുക്കറിൽ ചൂടാക്കുന്നു. തുടർന്ന് സത്ത് ഊറ്റിയെടുത്ത് പഞ്ചസാരചേർത്താണ് സ്‌ക്വാഷുണ്ടാക്കുന്നത്. ദഹനരോഗങ്ങൾക്കുള്ള മരുന്നെന്നനിലയിൽ ഇതിന് ആവശ്യക്കാരുണ്ട്. തൊണ്ടുപയോഗിച്ചുള്ള അരിഷ്ടവും സ്വന്തം ആവശ്യത്തിനുണ്ടാക്കുന്നു. രണ്ട് ഏക്കറിലുള്ള റബ്ബർ മുറിച്ചുനട്ട റംബൂട്ടാനും ലാഭവിളയാണ്. എന്നാൽ, ശക്തമായ മഴ ഇപ്പോൾ കായ്‌കൊഴിച്ചിലിനു കാരണമാകുന്നുണ്ട്.
കിലോഗ്രാമിന് 20 രൂപയ്ക്കാണ് ജാതിതൊണ്ട് മറ്റു കർഷകരിൽനിന്ന് വാങ്ങുന്നത്. ഒരു സീസണിൽ 1500 കിലോഗ്രാമോളം കാൻഡി ഉണ്ടാക്കുന്നു. നാട്ടിലുള്ള കടകൾ വഴിയും ആമസോൺ വഴി ഓൺലൈനായുമാണ് വിൽപ്പന. 100 ഗ്രാം കാൻഡിക്ക് 112 രൂപയാണ് വില. വിൽപ്പനയിലൂടെ സീസണിൽ 50,000 രൂപയോളം ആദായം ലഭിക്കുന്നു. തൊണ്ടിന്റെ ഗുണങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് അവബോധമുള്ളതിനാൽ കാൻഡിക്ക് വിപണിയിൽ ഒട്ടേറെ ആവശ്യക്കാരുണ്ടെന്നാണ് ബേബിയുടെ അനുഭവം. ഉത്പാദനം കൂട്ടി വിപണി ഇനിയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബേബി. വിവരങ്ങൾക്ക്: 9447237048 (വാട്സാപ്പ്)
Content Highlights: farmer transforms nutmeg into valuable candy, squash, and medicine.