ബേബി ജോണ്‍ മുന്‍കൈയെടുത്തു; ഡച്ച് സൗഹൃദത്തിന്റെ അടയാളമായി 27 വര്‍ഷത്തെ ജലസമൃദ്ധി

തൃശ്ശൂര്‍: പരിയാരം പഞ്ചായത്തിലെ കടുങ്ങാട്ടുകാര്‍ക്ക് ജാതിക്കൃഷി സ്വപ്നം മാത്രമായിരുന്ന കാലമുണ്ടായിരുന്നു. നനയ്ക്കാന്‍ വെള്ളമില്ല, കഷ്ടി കുടിവെള്ളം മാത്രമുണ്ടായിരുന്ന കാലം. നന വേണ്ടാത്ത വിളകള്‍മാത്രം വിളയും. 27 വര്‍ഷം മുന്‍പ് നെതര്‍ലന്‍ഡ്‌സില്‍ നിന്നെത്തിയ സൗഹൃദക്കൈ ഈ കൊച്ചുപ്രദേശത്തെ ഹരിത സമൃദ്ധിയിലാക്കി.
ഇന്ന് പ്രദേശത്തെ 36 വീടുകളിലും ജലം വേണ്ടുവോളം. കിണറുകളിലും ജലനിരപ്പുയര്‍ന്നു. ഭൂരിപക്ഷം വീടുകളിലും ജാതിക്കൃഷിയുണ്ട്. ഒപ്പം മറ്റു കൃഷികളും. രാജ്യങ്ങള്‍ക്കപ്പുറത്തുനിന്നെത്തിയ സാമ്പത്തികസഹായം കൃത്യമായി ഉപയോഗിച്ച് രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക ജലസേചനപദ്ധതിയുടെ ഗുണം അനുഭവിക്കുകയാണ് ഇവിടത്തുകാര്‍.
1997ല്‍ അന്നത്തെ ജലവിഭവവകുപ്പുമന്ത്രി ബേബി ജോണ്‍ മുന്‍കൈയെടുത്താണ് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. തൃശ്ശൂര്‍, കൊല്ലം ജില്ലകളിലായിരുന്നു കേന്ദ്രീകരിച്ചത്. തൃശ്ശൂരില്‍ മാത്രം 54 ഇടത്ത് പദ്ധതി നടപ്പാക്കി. വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന നെതര്‍ലന്‍ഡ്‌സില്‍ തൊഴില്‍ക്കരം നിര്‍ബന്ധമാണ്. അല്ലെങ്കില്‍ മൂന്നാംലോകരാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യാം. ഇതേക്കുറിച്ചറിഞ്ഞാണ് ബേബി ജോണ്‍ പദ്ധതിക്കായി ശ്രമിച്ചത്. തൃശ്ശൂര്‍ നെല്ലിക്കുന്ന് ആസ്ഥാനമാക്കിയാണ് പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഭൂമിക്കടിയില്‍ പാറകളിലുണ്ടാകുന്ന വിള്ളലിലൂടെയുള്ള ജലപ്രവാഹം കൃത്യമായി കണ്ടെത്തി അവിടെയാണ് പദ്ധതി ആരംഭിച്ചത്. ഇത്തരം ഇടങ്ങളില്‍ മോട്ടോര്‍വെച്ച് പമ്പ് ചെയ്താണ് വെള്ളമെടുക്കുന്നത്. കടുങ്ങാട് ജല ഉപയോഗസംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പഞ്ചായത്തംഗം യു.വി. തോമസ് നേതൃത്വം നല്‍കി. അഞ്ച് ഹെക്ടറിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ 10 കുതിരശക്തിയുടെ മോട്ടോറാണ് സ്ഥാപിച്ചത്. ഏറ്റവും ഗുണനിലവാരമുള്ള പൈപ്പുകളും സംവിധാനങ്ങളും ഉപയോഗിച്ചതിനാല്‍ 25 വര്‍ഷം കാലാവധി പറഞ്ഞ ജലസേചനപദ്ധതി 27 വര്‍ഷം പിന്നിട്ടിട്ടും മികവോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ക്കാകുന്നു. പോളി ഡേവീസ് പ്രസിഡന്റും വി.പി. തോമസ് സെക്രട്ടറിയും എം.പി. രാജു ട്രഷററുമായാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. 27 വര്‍ഷം പിന്നിടുമ്പോള്‍ പോളി ഡേവീസ്, വി.ടി. വര്‍ഗീസ് വെള്ളാനി, എം.എ. പോള്‍ മുണ്ടാടന്‍ എന്നിവരാണ് ഭാരവാഹികള്‍.
Content Highlights: nutmeg farming boosted with helping hands of dutch