നല്ലിനം നെല്ല് അന്യം നിന്ന് പോകുന്ന കാലത്ത് തരിശായി മാറിയ പാടങ്ങളിൽ 100 മേനി വിളയിച്ച് ഒരു ഗ്രാമം

തിരുവനന്തപുരം: പിരപ്പമൺകാടിനിപ്പോൾ പൊന്നിന്റെ നിറമാണ്. നോക്കെത്താദൂരത്തോളമുള്ള വയലേലയിലെ നെൽക്കതിരുകളെല്ലാം പാകമായിക്കഴിഞ്ഞു. ഇനി വിളവെടുപ്പിന്റെ നേരമാണ്. നല്ലിനം നെല്ല് അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ തരിശായി മാറിയ പാടങ്ങളെ വീണ്ടെടുത്ത്, നൂറുമേനി വിളയിച്ച പിരപ്പമൺകാട് ഗ്രാമം ഇപ്പോൾ ഉത്സവ പ്രതീതിയിലാണ്. പച്ചപുതച്ച വയലേലകളും പ്രകൃതിഭംഗിയും കൊണ്ട് ജനശ്രദ്ധ ആകർഷിച്ച നാടായ പിരപ്പമൺകാട്ടിൽ, കൊയ്ത്തുത്സവം നടന്നു.
ആറ്റിങ്ങൽ പിരപ്പമൺകാട് പാടശേഖര സമിതി, പിരപ്പമൺകാട് സൗഹൃദ സംഘം, മാതൃഭൂമി എന്നിവ സംയുക്തമായാണ് ഈ കൊയ്ത്താഘോഷം സംഘടിപ്പിച്ചത്. പാടശേഖരത്തിലെ മുഴുവൻ വയലുകളും ഇത്തവണ പാടശേഖരസമിതിയും സൗഹൃദസംഘവും ചേർന്ന് കൃഷിയിറക്കി. കൃഷിചെയ്യാൻ പ്രയാസമുള്ള നിലങ്ങൾ പാടശേഖരസമിതി ഏറ്റെടുത്ത് കൃഷിയിറക്കുകയായിരുന്നു. 60 ഏക്കർ നിലത്തിലാണ് കൃഷി നടത്തിയിട്ടുള്ളത്. വീണ്ടെടുത്ത പാഠശേഖരത്തിലെ കൃഷി മൂന്നാം ആണ്ടിലേക്ക് കടക്കുന്ന വേളയിലാണ് പിരപ്പമൺകാട് കാർഷിക കൂട്ടായ്മ മൂന്നിനം നെൽകൃഷികളുടെ വിളവെടുപ്പുമായി ആഘോഷം ഒരുക്കിയത്.
കൊയ്ത്താഘോഷത്തിൽ മൂന്ന് പ്രധാന ഇനം നെൽകൃഷികളുടെ വിളവെടുപ്പ് നടന്നു. ഉത്തരേന്ത്യയിൽ നിന്നും എത്തിച്ചതും, അന്യം നിന്നു പോകലിന്റെ വക്കിലെത്തിയതുമായ സുഗന്ധമുള്ള കാലാനാമക് ഇനം നെല്ല് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പാടശേഖരത്തിൽ ആദ്യമായി യന്ത്രവൽകൃത നടലിലൂടെ വിളഞ്ഞ ഉമാനെല്ലിന്റെ കൊയ്ത്തും, പരമ്പരാഗത ശൈലിയിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പും ചടങ്ങിന് മാറ്റുകൂട്ടി.
കൗതുകമായി കാലാനാമക്
മഞ്ഞനിറം പൂണ്ട പാടങ്ങൾക്കിടയിൽ ഒരു വയൽ നിറയെ വയലറ്റുനിറത്തിൽ കാണുന്നത് ആരിലും കൗതുകമുണർത്തും. ഉത്തർപ്രദേശിൽനിന്നു കൊണ്ടുവന്ന കാലാനാമക് എന്ന നെല്ലാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടും ആചാര്യ നരേന്ദ്രദേവ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്‌നോളജിയും ചേർന്നു വികസിപ്പിച്ചെടുത്ത കറുത്ത അരിവിളയുന്ന നെല്ലാണിത്. 40 സെന്റിലാണ് ഈ വിത്ത് കൃഷി ചെയ്തിട്ടുള്ളത്. കൃഷിഭവൻ വഴി ലഭിച്ച 10 കിലോ നെല്ലാണ് പാകി മുളപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്.
പാടശേഖരത്തിലെ മുഴുവൻ വയലുകളും ഇത്തവണ കൃഷിയോഗ്യമാക്കി. ഒരിടംപോലും തരിശ്ശില്ല. ഒരുവിധം നല്ല വിളവ് ലഭിച്ചിട്ടുണ്ട്. നടീലിന് യന്ത്രം പരീക്ഷിച്ചു. വളം വിരിക്കാൻ ഡ്രോൺ ഉപയോഗിച്ചു. ഇങ്ങനെ കൃഷിയെ യന്ത്രവത്കരണത്തിലേക്കു നയിക്കുന്നതിന്റെ പരീക്ഷണങ്ങൾ നടന്ന കാലംകൂടിയാണിത്. മറ്റു പാടശേഖരങ്ങൾ ഈ മാതൃക ഏറ്റെടുക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. പിരപ്പമൺകാട് സൗഹൃദസംഘം ട്രഷറർ വിനോദ് തുഷാരം പറഞ്ഞു.
Content Highlights: A village in Kerala transforms barren lands into golden fields, successfully cultivating rare and endangered rice varieties.