വെറും വിനോദമല്ല പെറ്റ് വിപണി, അനന്തമാണ് അരുമകളുടെ സാധ്യതകൾ

#ഡോ. സാബിന്‍ ജോര്‍ജ്ജ്
Representative Image | Photo: Canva.com
Representative Image | Photo: Canva.com

വീട്ടുകാവലിനും വിനോദത്തിനുമപ്പുറം മറ്റു പല രാജ്യങ്ങളിലുമെന്നപോലെ കേരളത്തിലും ഓമനമൃഗങ്ങളുടെ സ്റ്റാറ്റസ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ സന്തതസഹചാരിയായും കൂട്ടുകാരനായും അരുമകള്‍ വളര്‍ന്നതോടെ ഒപ്പം വളര്‍ന്നത് ശതകോടികളുടെ വിറ്റുവരവുള്ള പെറ്റ് വിപണിയാണ്. വീട്ടില്‍ മാത്രമല്ല യാത്രയിലും വിനോദങ്ങളിൽ പോലും അരുമകളെ ഒപ്പംകൂട്ടുന്ന പതിവ് തുടങ്ങിയതോടെ ഈ മേഖലയുടെ വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തിയിരിക്കുന്നു. ഓമനമൃഗങ്ങളുടെ ഉപയോഗത്തിനായി മാത്രം ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വിലയിലും ഗുണത്തിലും വ്യത്യസ്തത പുലര്‍ത്തി പെറ്റ്സ് വിപണി അടക്കിവാഴുന്ന സ്ഥിതിയുണ്ട്. 

നായ്ക്കളും പൂച്ചകളും ഓമനപക്ഷികളും അടക്കി വാഴുന്ന പെറ്റ് ലോകത്തിനായി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിങ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിങ്ങുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിക്കുന്നു. കേവലം പട്ടിവില്‍പ്പന നടത്തുന്ന കെന്നലുകള്‍ വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിച്ചിരുന്നു. നായ്ക്കള്‍ക്ക് ബ്രീഡിങ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും ഹോംസ്റ്റേ ആയി പ്രവര്‍ത്തിക്കാനുമൊക്കെ അവ തയ്യാറായിരുന്നു. വീട്ടുകാർ ദൂരെയാകുന്ന അവസരങ്ങളില്‍പോലും കുടുംബത്തിന്റെ അന്തരീക്ഷം നല്‍കുന്നവയാണ് ഇത്തരം ഹോം സ്റ്റേ സൗകര്യങ്ങള്‍. ഡോഗ് റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ  ഓമനമൃഗങ്ങള്‍ക്കും ലഭിച്ചുതുടങ്ങുന്നു. വിനോദയാത്രകളില്‍ ഒപ്പം കൂട്ടുന്നവിധം കുടുംബാംഗത്തേപ്പോലെ വളര്‍ന്നതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും യാത്രാ വാഹനങ്ങളിലും വരെ ഇവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കുന്ന സൗകര്യവും വളര്‍ന്നിരുന്നു. ഇതിനെല്ലാം ഒപ്പം ഒരു വീട്ടില്‍ ഓമനമൃഗത്തിന് ഉപയോഗിക്കാവുന്ന അനുബന്ധ ഉപകരണങ്ങളുടേയും സൗകര്യങ്ങളുടേയും (Pet Acceossries) ഒരു വലിയ വിപണി പെറ്റ് ഷോപ്പുകളില്‍ ഒരുങ്ങിയിരുന്നു. കോവിഡും ലോക്​ഡൗണും തകിടം മറിച്ച പെറ്റ് വിപണി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ലോക്​ഡൗണിന്റെ ഏകാന്തതയില്‍ കൂട്ടിരുന്ന അരുമകള്‍ക്ക് നല്‍കാന്‍ പെറ്റ് വിപണിയൊരുക്കുന്ന വൈവിധ്യമാര്‍ന്ന സൗകര്യങ്ങള്‍ കാണുക.

Content Highlights: Kerala Pets Market, Pet Care Market, Pets and Animal Supplies

Continue reading