'ചെറിയ മീനുകളെ വിഴുങ്ങുന്ന കാളാഞ്ചി, കരിമീനെ വിഴുങ്ങില്ല'; മുഹമ്മദിന്റെ നരിമീൻ കെട്ടിലെ നക്ഷത്രങ്ങൾ

എറണാകളം എടവനക്കാട്ടേക്ക് എല്ലാ ദിവസവും വിളിയെത്തും. അണിയിൽ ബസാറിലെ കെകെ മുഹമ്മദ് ആ ഫോണെടുക്കും.'അരപ്പ് കഴിഞ്ഞ് പോരൂ. മീൻ റെഡി' മുഹമ്മദിന്റെ മറുപടി. വൈപ്പിൻ കായലിന്റെ കരയിൽ ആളെത്തും. സ്വാദുള്ള മീനാണ്, കാളാഞ്ചിയുണ്ട്, കരിമീനും. ആവശ്യക്കാർക്ക്, ആവശ്യമുള്ളിടത്തോളം മീൻ. മുഹമ്മദ് വലയെറിയുകയാണ്, ചൂണ്ടലിടുകയാണ്. സ്വന്തം കെട്ടിൽ നിന്ന് മനസ്സു നിറഞ്ഞ് വിളവെടുപ്പ്.
മകരമത്സ്യത്തിന്റെ കൊയ്ത്ത്
ആറു വയസ്സാവും മുമ്പേ ചൂണ്ടയെടുത്തതാണ് മുഹമ്മദ്. ഓരോ യൂണിറ്റ് റേഷനരിയുടേയും വില അറിഞ്ഞ കുട്ടിക്കാലം. കഴിഞ്ഞ 48 കൊല്ലമായി മീനിനൊപ്പമാണ്. പത്തു കൊല്ലം മുമ്പ് ചെമ്മീൻ കെട്ടു വാങ്ങി. ശാസ്ത്രീയമായാണ് കൃഷി. ചെളി മാറ്റി ഒന്നരയേക്കറിൽ മീൻ വളർത്തൽ. 'ഞണ്ടും ചെമ്മീനും കരിമീനും കഴിഞ്ഞാണ് കാളാഞ്ചിയിൽ എത്തിയത്. പ്രളയത്തിൽ തീരെ തകർന്നു. വീണ്ടും പിടിച്ചുകയറിയതാണ്. കാളാഞ്ചിയാണ് ഇപ്പോൾ രക്ഷ'.
മകരമത്സ്യമാണ് കാളാഞ്ചി. കടലിൽ നിന്ന് കായലിലെത്തി പ്രജനനം നടത്തുന്ന മീൻ. കായലാഴങ്ങളിൽ സുഖിച്ചു കഴിയാനാണ് കൊതി. ചെറിയ മീനുകളെ വെട്ടിവിഴുങ്ങിയാണ് വളർച്ച. പൂർണ വളർച്ച എത്തിയാൽ എന്തായാലും മൂന്നു കിലോയിലേറെ വരെ തൂക്കം കിട്ടും. അണിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അരികെ അണിയിട്ടെത്തും മുഹമ്മദിന്റെ കാളാഞ്ചിക്കൂട്ടം. ' കാളാഞ്ചി ഒരത്ഭുത മീനാണ്. ആണും പെണ്ണും ഒരേ മീനിലുണ്ട്. ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാൽ ആണ് പെണ്ണാവും'- മുഹമ്മദ് പറഞ്ഞു.
കാളാഞ്ചിക്കൂട്ടത്തിൽ കരിമീൻ
'തീറ്റച്ചെലവാണ് കാളാഞ്ചി വളർത്തലിലെ വെല്ലുവിളി. ഈ ഒന്നര ഏക്കറിൽ കാളാഞ്ചിക്കായി ദിവസേന 200 കിലോ മത്തി എങ്കിലും നൽകണം. ഇല്ലെങ്കിൽ കാളാഞ്ചി വളരില്ല' - മുഹമ്മദ് പറയുന്നു. ഒരു ഇടവേളയിൽ രുചി ഇല്ലാതെ ഷെൽഫിൽ തന്നെ ഇരുന്ന മീനാണ് കാളാഞ്ചി. 'കോഴി വേസ്റ്റ് ഇട്ടാണ് പലരും കാളാഞ്ചി വളർത്തിയത്. തൂക്കം കിട്ടും. പക്ഷേ, വായിൽ വയ്ക്കാൻ കൊള്ളില്ല. അങ്ങനെ ആർക്കും വേണ്ടാതായതാണ്. അന്നും എന്റെ മീന് ആവശ്യക്കാർ വന്നു. വിശ്വാസ്യതയാണ് പ്രധാനം. നല്ല തീറ്റ കൊടുത്താൽ സ്വാദുണ്ടാവും. ഇപ്പോൾ കടലിൽ നിന്ന് കൊണ്ടുവരുന്നവർ വരെ അത് വിറ്റ് എന്റെ മീൻ വാങ്ങാനെത്തുന്നുണ്ട്.' പറയുമ്പോൾ മുഹമ്മദിന് അഭിമാനം.
കാളാഞ്ചിയുടെ തീറ്റച്ചെലവ് കുറയ്ക്കാതെ തന്നെ ലാഭം കിട്ടാൻ മുഹമ്മദ് മാർഗ്ഗം കണ്ടെത്തി. കാളാഞ്ചിക്കൂട്ടത്തിൽ വലിയ കരിമീനുകളെ നിക്ഷേപിക്കാം. കാളാഞ്ചിയുടെ ഭക്ഷണാവശിഷ്ടങ്ങൾ മതി കരിമീനിന് വളരാൻ. വട്ടത്തിലുള്ള വലിയ മീനിനെ വിഴുങ്ങാൻ മകരമത്സ്യത്തിന്റെ വാ പിളരില്ല. കരിമീനിനെ വെട്ടിയാൽ കാളാഞ്ചി തൊണ്ടയിൽ മുള്ളു കുരുങ്ങി ചാവും. അങ്ങനെ കാളാഞ്ചിക്കെട്ടിൽ കരീമീൻ ഇടം പിടിച്ചു. മുഹമ്മദിന്റെ കരിമീനിനും കാളാഞ്ചിക്കും ഒരേ പോലെ ഡിമാൻഡായി.
പരിസ്ഥിതി നാശം
മീൻ അല്ലാതെ മറ്റൊരു ലോകമില്ല മുഹമ്മദിന്. വേറേ ലോകങ്ങൾ കണ്ടിട്ടുമില്ല. അര നൂറ്റാണ്ടോളമായി എന്നും വലയെറിയുന്നു. ഓണം, വിഷു, പെരുന്നാൾ, ഈസ്റ്റർ, ആഘോഷം എന്തായാലും മുഹമ്മദിന്റെ മീൻ വേണം. എന്നാൽ കാര്യങ്ങൾ മൊത്തത്തിൽ അത്ര പന്തിയല്ലെന്ന് മുഹമ്മദ് പറയുന്നു.
'ഞണ്ടും ചെമ്മീനും രോഗം വന്നില്ലെങ്കിൽ കെട്ട് സ്വർഗം ആയിരുന്നു. ഇപ്പോൾ മീനില്ലാതാവുകയാണ്. ഓരോ ദിവസവും നമ്മൾ ഒഴുക്കിവിടുന്ന മാലിന്യങ്ങൾ കായലിനേയും കടലിനേയും പൊള്ളിക്കുകയാണ്. മീനുകൾക്ക് പലതിനും തൊലി പൊട്ടുന്ന അവസ്ഥയാണ്'. കെട്ടിന്റെ ഒരു കൂട്ടിൽ മാറ്റിയിട്ട തിലോപ്പിയകളെ എടുത്ത് മുഹമ്മദ് പറഞ്ഞു.
വീട്ടിൽ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് ക്ലീനർ, മറ്റ് നിരവധി രാസമരുന്നുകൾ എല്ലാം ചേർന്ന് കായലിൽ പായൽ ഇല്ലാതാക്കി എന്നാണ് മുഹമ്മദിന്റെ നിരീക്ഷണം. കല്ലിൽ ഒരു പായൽ പോലും ഇല്ലാ. പണ്ട് കരിമീനിനും ഞണ്ടിനും ചെമ്മീനും ഒന്നും പ്രത്യേകം തീറ്റ വേണ്ടിയിരുന്നില്ല. ഇപ്പോൾ കാര്യം കുഴപ്പത്തിലേക്കാണ് പോക്ക്. ആന്ധ്രയിൽ നിന്ന് മീൻ തീറ്റ് വരുമെന്ന് കേൾക്കുന്നുണ്ട്. അത് കൊടുത്തു പരീക്ഷിക്കാൻ ധൈര്യമില്ല. നല്ല തീറ്റ കൊടുക്കാതെ സ്വാദ് പോയാൽ പിന്നെ ആരും മീൻ വാങ്ങാൻ വരില്ല. കടലിൽ പോവുന്ന ബോട്ടുകാരോട് മത്തി കൊണ്ടുവരാൻ ഏൽപ്പിച്ചിട്ടുണ്ട്. കുറച്ചു കാലത്തിന് ശേഷം ഇപ്പോൾ മത്തി കിട്ടാനുണ്ട്. അതാണ് ആകെ ഒരാശ്വാസം.
കാലാവസ്ഥ മാറുന്നതും പല മീനുകളേയും ഇല്ലാതാക്കുന്നു എന്ന് കടലിലും കായലിലുമായി ഇക്കാലമത്രയും ജീവിച്ച മുഹമ്മദ് പറയുന്നു. ' കാര്യം പ്രശ്‌നമാണ്. എന്നാലും ഇപ്പോൾ കാളാഞ്ചിയും കരിമീനുമാണ് രക്ഷ'. മകരമാസം പ്രജനന കാലമായതിനാലാണ് കാളാഞ്ചിക്ക് മകരമത്സ്യമെന്ന് പേരു കിട്ടിയത്. വലിയ മീനുകളേയും പൊതുവേ മകര മത്സ്യം എന്നാണ് വിളിക്കാറുള്ളത്. മീനുകളിൽ നരിയായി നിറയുകയാണ് കാളാഞ്ചി.
മുഹമ്മദ് ഫോൺ-9747474787
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)
Content Highlights: Muhammed, a Kerala fisherman with unique farming techniques