മണ്ണ് വേണ്ട, ഫ്‌ളാറ്റിലെ കൃഷിക്ക് അനുയോജ്യം..ഹൈഡ്രോപോണിക്‌സ് ജോറാണ്

ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്ക് കൃഷിചെയ്യുന്നതിന് മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അവര്‍ക്ക് കൃഷിചെയ്യുന്നതിന് വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ. ഇതിനായി ഹൈഡ്രോപോണിക്‌സ് കൃഷിരീതി ഉപയോഗപ്പെടുത്താം. ഹൈഡ്രോപോണിക്‌സ് എന്നാല്‍, വര്‍ക്കിങ് വാട്ടര്‍ അഥവാ ജോലിചെയ്യുന്ന വെള്ളം എന്നാണര്‍ഥം. അതായത് ഹൈഡ്രോപോണിക്‌സില്‍ വെള്ളം നമുക്കുവേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്‍കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളംതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ചെടികളുടെ വളര്‍ച്ച
ചെടികള്‍ മണ്ണിലല്ല, വെള്ളത്തിലോ ചകിരിച്ചോറിലോ റോക്ക് വൂളിലോ മറ്റു മണ്ണിതരമാധ്യമങ്ങളിലോ ആണ് വളരുന്നത്. ഓരോ ചെടിയുടെയും വേരുമണ്ഡലത്തില്‍ വെള്ളവും വളവും എത്തിച്ചുകൊടുക്കുന്നതുകൊണ്ട് ചെടികള്‍ തമ്മില്‍ വെള്ളത്തിനോ വളത്തിനോവേണ്ടി മത്സരമുണ്ടാകുന്നില്ല. അതിനാല്‍ ഒരു യൂണിറ്റ് സ്ഥലത്തില്‍ 10മുതല്‍ 30 ശതമാനംവരെ ചെടികള്‍ കൂടുതല്‍ വളര്‍ത്താനാകും. വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല്‍ സാധാരണ കൃഷിക്ക് വേണ്ടിവരുന്ന വെള്ളത്തിന്റെ 5-10 ശതമാനം മാത്രമേ ഇതിനു വേണ്ടിവരുന്നുള്ളൂ. മണ്ണില്‍ വളരുന്ന ചെടികളെക്കാള്‍ വേഗത്തില്‍ വളരുന്നു.
സിസ്റ്റം ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ അധ്വാനം കുറവായതിനാല്‍ 14 വയസ്സിനുമുകളിലുള്ള കുട്ടികള്‍ക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീല്‍ച്ചെയര്‍ ഉപയോഗിക്കുന്ന ഒരാള്‍ക്കോപോലും ഹൈഡ്രോപോണിക്‌സ് കൃഷി സാധിക്കും. ഈ കൃഷിരീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടംസൃഷ്ടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്. രോഗ-കീട ബാധ താരതമ്യേന കുറവായിരിക്കും.
കൃഷിരീതികള്‍
ഹൈഡ്രോപോണിക്‌സ് സിസ്റ്റം-ചെടികളെ വളര്‍ത്തുന്നതിനായ് ന്യൂട്രിയന്റ് ഫിലിം ടെക്നിക്ക്; ഡീപ് വാട്ടര്‍ കള്‍ച്ചര്‍ സിസ്റ്റം, ഡച്ച് ബക്കറ്റ് സിസ്റ്റം തുടങ്ങിയവ ഉപയോഗപ്പെടുത്താം. ന്യൂട്രിയന്റ് ഫിലിം ടെക്‌നിക്കില്‍ ലെറ്റിയൂസ് പാലക്ക്, ചീര, ബാസില്‍, ചൈനീസ് കാബേജ് തുടങ്ങിയ ഇലച്ചെടികളും മുളകും കൃഷിചെയ്യുന്നത് നല്ലതാണ്. റാഫ്റ്റ് ബഡ് സിസ്റ്റം അഥവാ ഡീപ് വാട്ടര്‍ കള്‍ച്ചര്‍ സിസ്റ്റത്തിലും ഡച്ച് ബക്കറ്റ് സിസ്റ്റത്തിലും മുളക്, വെണ്ട, തക്കാളി, പയര്‍, സാലഡ് കുക്കുമ്പര്‍, കാപ്‌സിക്കം തുടങ്ങിയ ഫലങ്ങളുണ്ടാകുന്ന പച്ചക്കറികളും ലെറ്റിയൂസ്, പാലക്ക്, ചീര, ബാസില്‍, ചൈനീസ് കാബേജ് തുടങ്ങിയ ഇലച്ചെടികളും കൃഷിചെയ്യാം. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ വെള്ളാനിക്കര ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ ഹൈഡ്രോപോണിക്‌സ് കൃഷിരീതികളില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തുകയും നൂതനസാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: hydroponic farming, easy hydroponics techniques, farms in flats