വീട്ടുമുറ്റത്തും ബാൽക്കണിയിലും വസന്തം തീർക്കാം; ഏഷ്യാറ്റിക് ലില്ലികൾ എളുപ്പത്തിൽ വളർത്താം

ഏതൊരു പൂന്തോട്ടത്തിനും അഴക് നൽകുന്ന പുഷ്പങ്ങളാണ് ഏഷ്യാറ്റിക് ലില്ലികൾ. വലിയ നക്ഷത്രാകൃതിയിലുള്ള പൂക്കളും കൂർത്ത ഇലകളും ഉള്ള ഇവ, പൂന്തോട്ടത്തിന് അപൂർവ്വമായൊരു സൗന്ദര്യം സമ്മാനിക്കുന്നു. രണ്ട് മുതൽ ആറ് അടി വരെ ഉയരത്തിൽ വളരുന്ന ഇവയ്ക്ക് ചുവപ്പ്, പിങ്ക്, ഓറഞ്ച്, മഞ്ഞ, വെള്ള, പർപ്പിൾ തുടങ്ങി വിവിധ നിറങ്ങളിൽ പൂക്കളുണ്ടാകും. ഓറിയന്റൽ ലില്ലികളിൽനിന്ന് വ്യത്യസ്തമായി ഏഷ്യാറ്റിക് ലില്ലികൾക്ക് പ്രത്യേക സുഗന്ധമില്ല. ഒരു സീസണിൽ ഒരു തവണ മാത്രമേ ഇവ വിരിയുകയുള്ളൂ.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രസിദ്ധി നേടിയവയാണ് ഏഷ്യാറ്റിക് ലില്ലികൾ. യൂറോപ്പിലും ഏഷ്യയിലുമാണ് ഇവയുടെ ഉത്ഭവമെന്നാണ് കരുതപ്പെടുന്നത്. ഈജിപ്ഷ്യൻ പിരമിഡുകളിലെ ചിത്രങ്ങളിലും ഗ്രീക്ക് പുരാണങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ചെടികൾ, വിശുദ്ധിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. കിഴങ്ങുകളിൽനിന്ന് വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് ഏഷ്യാറ്റിക് ലില്ലി. വീട്ടുമുറ്റത്തും ബാൽക്കണിയിലും എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഈ ചെടിയുടെ നടീൽ രീതികളും പരിപാലനവും ലളിതമായി മനസ്സിലാക്കാം.
നടീൽ സമയവും മണ്ണ് ഒരുക്കലും
തണുപ്പുള്ള കാലാവസ്ഥയാണ് കിഴങ്ങുകൾ മുളയ്ക്കാൻ ഏറ്റവും അനുയോജ്യം. അതിനാൽ ഒക്ടോബർ- ജനുവരി മാസങ്ങളിലോ തണുപ്പുകാലത്തിന്റെ തുടക്കത്തിലോ കിഴങ്ങുകൾ നടാം. ജലവാർച്ചയുള്ളതും അയവുള്ളതുമായ മണ്ണാണ് ഏഷ്യാറ്റിക് ലില്ലിക്ക് പ്രധാനം. മണ്ണിന്റെ പി.എച്ച് (pH) മൂല്യം 6-നും 6.5-നും ഇടയിൽ (ന്യൂട്രൽ അല്ലെങ്കിൽ നേരിയ അമ്ലഗുണം) ആയിരിക്കണം. ചട്ടികളിലും തറയിലും നടാൻ മണ്ണ് ഒരുക്കുമ്പോൾ മണ്ണ്, ചകിരിച്ചോറ്, മണൽ/പെർലൈറ്റ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ സമമായി കലർത്തി ഉപയോഗിക്കാം. കൂടാതെ ജൈവ കമ്പോസ്റ്റോ വെർമി കമ്പോസ്റ്റോ ചേർത്ത് മണ്ണ് പോഷിപ്പിക്കാവുന്നതാണ്.
കിഴങ്ങിന്റെ വലിപ്പത്തിന്റെ 2-3 ഇരട്ടി ആഴത്തിൽ (ഏകദേശം 4 മുതൽ 6 ഇഞ്ച് ആഴത്തിൽ) വേണം നടാൻ. കിഴങ്ങിന്റെ കൂർത്ത ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ വയ്ക്കണം. ചെടികൾ കൂട്ടമായി നടുന്നത് പരിചരണം എളുപ്പമാക്കുമെങ്കിലും, പൂക്കൾ വലുതായി വിരിയാൻ ധാരാളം വായുസഞ്ചാരം ആവശ്യമാണ്. അതിനാൽ രണ്ട് കിഴങ്ങുകൾക്കിടയിൽ 10 മുതൽ 12 ഇഞ്ച് വരെ അകലം നൽകണം.
ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കണം. ദിവസത്തിന്റെ ആദ്യപകുതിയിലെ വെയിലാണ് കൂടുതൽ നല്ലത്. ഇലകൾക്കും പൂക്കൾക്കും നല്ല വെയിലും വേരുകൾ നിൽക്കുന്ന ചട്ടിയുടെ അടിഭാഗത്തിന് തണലും തണുപ്പും ലഭിക്കുന്നത് വളർച്ച വേഗത്തിലാക്കും. ഉച്ചയ്ക്കത്തെ കടുത്ത വെയിൽ തട്ടാത്ത സ്ഥലങ്ങളിൽ വെക്കുന്നതാണ് ഉത്തമം. പൂർണ്ണമായും തണലുള്ള വീടിനുള്ളിൽ ഇവ വളർത്താൻ ബുദ്ധിമുട്ടാണ്. വെളിച്ചം കുറഞ്ഞാൽ തണ്ട് നീണ്ടുപോവുകയും പൂക്കൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.
കൃത്യമായ നനരീതി, വളപ്രയോഗം
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം വേണം. എന്നാൽ, വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. മണ്ണിന്റെ മുകളിലത്തെ ഭാഗം ഉണങ്ങിത്തുടങ്ങുമ്പോൾ മാത്രം നനയ്ക്കുക. രണ്ടു നനകൾക്കിടയിൽ മണ്ണ് ഉണങ്ങാൻ അനുവദിക്കുന്നത് ഫംഗസ് രോഗങ്ങൾ തടയും. ചെടിയുടെ ചുവട്ടിൽ വേരുകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് നനയ്ക്കുക. ഇലകളിലും പൂക്കളിലും വെള്ളമൊഴിക്കരുത്. കിഴങ്ങുകളിൽ നേരിട്ട് അധികമായി വെള്ളം വീണാൽ അത് ചീഞ്ഞുപോകാൻ കാരണമാകും. വേനൽക്കാലത്ത് കൃത്യമായി നനയ്ക്കുകയും മഴക്കാലത്ത് നന കുറയ്ക്കുകയും വേണം.
കിഴങ്ങ് മുളച്ച് തണ്ട് പുറത്തുവരുമ്പോൾ മുതൽ പൂമൊട്ടുകൾ വരുന്നത് വരെ മാസം രണ്ടുതവണ സാവധാനം ലയിക്കുന്ന ജൈവവളങ്ങളോ അല്ലെങ്കിൽ രാസവളങ്ങളോ നൽകാം. നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാൻ ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ നടുന്ന സമയത്തോ പൂവിടുന്നതിന് തൊട്ടുമുമ്പോ മണ്ണിൽ ചേർത്ത് നൽകാം. പൂക്കൾ വിരിഞ്ഞു കഴിഞ്ഞാൽ രാസവളപ്രയോഗം പൂർണ്ണമായി നിർത്താം. വിരിഞ്ഞു കഴിഞ്ഞ പൂക്കൾ വാടുമ്പോൾതന്നെ നീക്കം ചെയ്യാം. ഇത് ചെടിയുടെ ഭംഗി നിലനിർത്താനും പുതിയ പൂക്കൾ ഉണ്ടാകാനും സഹായിക്കും. പൂക്കൾ കൊഴിഞ്ഞുപോയാലും തണ്ടും ഇലകളും ഉടൻ വെട്ടിമാറ്റരുത്. അടുത്ത വർഷത്തേക്ക് കിഴങ്ങിൽ ഭക്ഷണം സംഭരിച്ചുവെക്കുന്നത് ഈ ഇലകളാണ്. തണ്ടുകൾ പൂർണ്ണമായും ഉണങ്ങി മഞ്ഞനിറമാകുമ്പോൾ മാത്രം താഴെവെച്ച് വെട്ടിമാറ്റാം.
ഇലകളിൽ പേൻ, മീലി ബഗ്, ലില്ലി ലീഫ് ബീറ്റിൽ എന്നിവയുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയെ കൈകൊണ്ട് നീക്കം ചെയ്യുകയോ നേർപ്പിച്ച വേപ്പെണ്ണ എമൾഷൻ തളിച്ചുകൊടുക്കുകയോ ചെയ്യാം. തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും സമയബന്ധിതമായി ഫംഗിസൈഡ് പ്രയോഗിക്കുന്നതിലൂടെയും 'ബോട്രിറ്റിസ് ബ്ലൈറ്റ്' തടയാം. ജലവാർച്ചയുള്ള മണ്ണും മിതമായ നനയും വഴി കിഴങ്ങ് ചീയൽ തടയാവുന്നതാണ്.
Content Highlights: A comprehensive guide on planting, watering, sunlight requirements, and maintenance tips for successfully growing vibrant Asiatic lilies at home or in balconies.