നായ ബ്രീഡുകളുടെ നിരോധനം: കുറ്റം നായ ഇനത്തിനോ വളര്‍ത്തുദോഷത്തിനോ?

#ഡോ. സാബിന്‍ ജോര്‍ജ്
റോട്ട്‍വീലർ നായ - പ്രതീകാത്മക ചിത്രം | ഫോട്ടോ: X (twitter) @mistylynchcfp
റോട്ട്‍വീലർ നായ - പ്രതീകാത്മക ചിത്രം | ഫോട്ടോ: X (twitter) @mistylynchcfp

റോട്ട്‌വീലര്‍, പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ് തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വീട്ടില്‍ വളര്‍ത്തുന്നതും കൂടുതല്‍ അക്രമകാരികള്‍ എന്നു കരുതപ്പെടുന്നതുമായ നായ ഇനങ്ങളുടെ കടിയേല്‍ക്കുന്നതും ആളുകള്‍ മരിക്കുന്നതുമായ ഗൗരവകരമായ സംഭവങ്ങള്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവയെ പടിക്കു പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഒരു നായയുടെ സ്വഭാവത്തില്‍ ഒരു ബ്രീഡ് എന്ന നിലയില്‍ പാരമ്പര്യമായി ലഭിച്ച ഗുണങ്ങളോടൊപ്പം വളരുന്ന സാഹചര്യങ്ങളും പരിശീലനത്തിലുടെ ലഭിച്ച പാഠങ്ങളും സ്വാധീനം ചെലുത്തും. അതിനാല്‍  വീടിനുള്ളില്‍ നായകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം ഏതെങ്കിലും നായ ഇനത്തിന്റെ പ്രശ്‌നമാണോ അതോ ഉടമ തന്റെ കടമ കൃത്യമായി നിര്‍വഹിക്കാത്തതാണോ എന്ന ചോദ്യം ഒപ്പം ഉയരുന്നുമുണ്ട്. പലപ്പോഴും ഇനമേത് എന്നതിനേക്കാള്‍ എങ്ങനെയാണ് വളര്‍ത്തുന്നത് എന്ന ചോദ്യമാണ് നായവളര്‍ത്തലില്‍ പ്രധാനം.

നന്നാകാന്‍ പഠനം വേണം

നായ്ക്കളുടെ സ്വഭാവരൂപീകരണത്തില്‍ സുപ്രധാനമാകുന്ന ഘടകം ഉടമ അവയെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ബുള്‍മാസ്റ്റിഫ്, ഗ്രേറ്റ് ഡെയിന്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, സെയിന്റ് ബെര്‍നാര്‍ഡ്, റോട് വീലര്‍ തുടങ്ങിയ ഇനങ്ങള്‍ നല്ല ശരീരഭാരവും ആരോഗ്യവും വലുപ്പവും ഉള്ളവയായതിനാല്‍ മികച്ച പരിശീലനം നല്‍കി വേണം വളര്‍ത്തേണ്ടത്. ഉടമയുമായുള്ള ബന്ധം മെച്ചപ്പെടുത്തി, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ നായ്ക്കളെ പ്രാപ്തമാക്കണം.' Come ' എന്ന വാക്കു കേള്‍ക്കുമ്പോള്‍ വിളിക്കുന്നിടത്തേക്കു വരാന്‍ നായ പഠിക്കണം. ' Sit ' എന്നു പറഞ്ഞാല്‍ ഇരിക്കുക, ' Eat ' പറഞ്ഞതിനുശേഷം കഴിക്കുക എന്നിവയൊക്കെ നല്ല രീതികളില്‍ പെടുന്നു. നായ സ്വന്തം പേര് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത് പ്രധാനമാണ്. നായയെ കളിപ്പിച്ചും കളിപ്പിച്ചും ഉടമയും കുടുംബാംഗങ്ങളും അവയുമായി നല്ല ബന്ധം സ്ഥാപിക്കണം. പേടിപ്പെടുത്തിയോ അടിച്ചോ വേദനിപ്പിച്ചോ കാര്യങ്ങള്‍ പഠിപ്പിക്കാല്‍ കഴിയില്ല. മാത്രമല്ല അത്തരം സാഹചര്യങ്ങള്‍ നായ്ക്കളെ അക്രമണകാരികളായി മാറ്റിയേക്കും.

തിരഞ്ഞെടുക്കണം ഉചിതമായ ഇനം

വളര്‍ത്താനായി നാം തിരഞ്ഞെടുക്കുന്ന ബ്രീഡിന്റെ സ്വഭാവവും ആവശ്യങ്ങളും പ്രത്യേകതകളും പലപ്പോഴും നാം അറിയാന്‍ ശ്രമിക്കുകയില്ല. ചില ഇനങ്ങളോടുള്ള ' craze ' കാരണം മാത്രം നായക്കുട്ടിയെ വാങ്ങുന്നവരുണ്ട്. വീടിന്റെയും വീട്ടുകാരുടേയും കൃഷിസ്ഥലത്തിന്റെയുമൊക്കെ സംരക്ഷണവും കാവലും ഉറപ്പിക്കാന്‍ വലിയ ഇനങ്ങളെ വാങ്ങുന്നവരുണ്ട്. പക്ഷേ ഇത്തരം ഇനങ്ങള്‍ക്ക് ഏറെ ആവശ്യമായ പരിശീലനവും വ്യായാമവും നല്‍കാന്‍ ശ്രദ്ധിക്കാതെ പോകുമ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. പ്രസ്റ്റീജ് ഇഷ്യുമായി നായ വളര്‍ത്തലിനെ കാണുന്നവരും കുറവല്ല. ഉടമയും ജീവിത സാഹചര്യത്തിനും സൗകര്യങ്ങള്‍ക്കും അനുയോജ്യമായ നായ ഇനത്തെ വേണം വാങ്ങുവാന്‍. വലിയ ബ്രീഡുകള്‍ക്ക് കൂട്ടിലും വ്യായാമത്തിനായി പുറത്തും കൂടുതല്‍ സ്ഥലമാവശ്യമായി വരും. മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ചിലപ്പോള്‍ വീടിനു ചുറ്റുമതിലും വേണ്ടിവരും. ഓരോ നായ ഇനത്തിനും ആവശ്യമായി വരുന്ന സമയം അവര്‍ക്കായി ചിലവഴിക്കാന്‍ കഴിയുന്നവര്‍ നായ വളര്‍ത്തുന്നതാണ് ഉചിതം.

നായയുടെ നേതാവാകുക

കൂട്ടമായി (pack) ജീവിക്കുന്ന ചെന്നായ്ക്കളില്‍ നിന്നു പരിണമിച്ചുണ്ടായതെന്നു കരുതപ്പെടുന്ന നായ്ക്കള്‍ക്ക് കൂട്ടം കൂടാനും അതിലൊരാളെ തന്നെ ഭരിക്കുന്ന നേതാവാക്കാനുമുള്ള പ്രവണതയുണ്ട്. ഉടമസ്ഥനും കുടുംബവും ഉള്‍പ്പെടെ നായയോടൊപ്പം കഴിയുന്നവരെ നായ്ക്കളുടെ ഒരു കൂട്ടമായി അവ കരുതുന്നു. അതിനാല്‍ നായ്ക്കുട്ടിയെ വീട്ടില്‍ ആദ്യമായി കൊണ്ടുവരുമ്പോള്‍ അവയുടെ നേതാവിന്റെ സ്ഥാനം ഉടമയ്ക്കായിരിക്കണം. ചില നായ്ക്കള്‍ ഉടമയുടെ നേതൃത്വം അംഗീകരിക്കുമ്പോള്‍ മറ്റു ചിലത് നേതൃത്വത്തെ വെല്ലുവിളിച്ചേക്കാം. ഉടമയെ അംഗീകാരിക്കാത്തവയുടെ മേല്‍ ആധിപത്യം (dominance) ഉറപ്പാക്കേണ്ടതുണ്ട്. ഉപദ്രവിച്ചുകൊണ്ടല്ല, പകരം നിങ്ങളാണ് നേതാവെന്ന് അവയ്ക്കു മനസ്സിലാകുന്ന വിധത്തില്‍ നിങ്ങളുടെ പ്രവ്വത്തികള്‍ വഴിയാവണം അത്. നായ ഉടമയെ അതിന്റെ നേതാവ് (pack leader ) ആയി അംഗീകരിച്ചാല്‍ അവയുടെ പരിശീലനവും പരിപാലനവും സുഗമമാകുന്നു.

ബ്രീഡാണോ പ്രശ്‌നം?

ഓരോ ബ്രീഡിനും സവിശേഷമായ ശാരീരിക പ്രത്യേകതകളും സ്വഭാവ വിശേഷങ്ങളുമുണ്ടാകും. ഉദാഹരണത്തിന് ലോകത്തിലെ മികച്ച ബ്രീഡുകളില്‍ ഒന്നാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന റോട് വീലര്‍. കന്നുകാലികളെ മേയ്ക്കാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഇവ ബുദ്ധിസാമര്‍ത്ഥ്യവും പരിശീലനമേന്‍മയും കൊണ്ട് പോലീസ് നായയായി പരിഗണിക്കപ്പെട്ടു. ബുദ്ധിയും സ്‌നേഹവും, സാഹചര്യങ്ങളുമായി പെരുത്തപ്പെടാനുള്ള കഴിവും കൂറും കൊണ്ട് മികച്ച കാവല്‍ നായയായി മാറുകയും ചെയ്തു. എന്നാല്‍ ശാഠ്യം അല്‍പം കൂടുതലായതിനാല്‍ ഇവര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്. മിടുക്കനാണെങ്കിലും എല്ലാവര്‍ക്കും പറ്റിയ ബ്രീഡല്ല ഇവയെന്ന് വിദഗ്ദര്‍ പറയാറുണ്ട്. സൗമ്യതയും നിശ്ചയദാര്‍ഢ്യവും ഉത്തമ നേതൃത്വ പാടവവുമുള്ള ആളുകള്‍ക്കാവും ഇവയുടെ ഉടമയാകാന്‍ കഴിയുക. പരിശീലനവും വ്യായാമവും ഒക്കെ നല്‍കുന്ന നല്ല ഉടമയുണ്ടെങ്കില്‍ റോട്ടും നല്ല ബ്രീഡാകും. ഇല്ലെങ്കില്‍ അപകടകരമായ സ്വഭാവം കാണിച്ചേക്കാന്‍ വഴിയുമുണ്ട്. എന്തായാലും നായ ബ്രീഡുകളെ കുറ്റപ്പെടുത്തുന്നതിനപ്പുറം ഉത്തരവാദിത്വമുള്ള ഉടമസ്ഥതയാണ് ആവശ്യമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഉത്കണ്ഠയും പേടിയും അരക്ഷിതാവസ്ഥയും ജനിപ്പിക്കുന്ന സാഹചര്യങ്ങളില്‍ ഏതു ജനുസ്സും അപകടകാരിയാകാമെന്നു ചുരുക്കം.

Content Highlights: Government Bans 23 Dangerous Dog Breeds