35 സെന്റ് ഭൂമിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി, 800 കിലോ വിളവ്; വിപണനം വെല്ലുവിളിയെന്ന് കർഷകൻ

അവനവഞ്ചേരി രാജു കൃഷിയിടത്തിൽ
അവനവഞ്ചേരി രാജു കൃഷിയിടത്തിൽ

വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിനടത്തി വിജയക്കൊടി പാറിക്കുകയാണ് ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലര്‍ അവനവഞ്ചേരി രാജു. വീടിനോടുചേര്‍ന്നുള്ള 35 സെന്റ് ഭൂമിയിലാണ് കൃഷിത്തോട്ടമൊരുക്കിയിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പാണ് 500 മൂട് ചെടികള്‍ നട്ടത്. 1.5 ലക്ഷം രൂപ മുടക്കിയാണ് കൃഷി നടത്തിയത്. ഒരു ലക്ഷം രൂപ ബാങ്ക് വായ്പയുണ്ട്. പൂര്‍ണമായും ജൈവക്കൃഷിരീതിയാണ് പിന്തുടരുന്നത്. രാസവളങ്ങള്‍ ഉപയോഗിക്കാറില്ല. ചാണകം, കോഴിവളം, ആട്ടിന്‍കാഷ്ഠം എന്നിവയാണ് ചെടികള്‍ക്കു വളമായി നല്‍കുന്നത്. കീടനാശിനികള്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല.

നട്ട് ആറുമാസമായപ്പോഴേയ്ക്കും ചെടികള്‍ പൂവിട്ട് കായ്ക്കാന്‍ തുടങ്ങി. ഈ വര്‍ഷം മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജു. ഇതുവരെ 800 കിലോ പഴം ലഭിച്ചു. ഇപ്പോഴും ചെടികള്‍ നിറയെ പൂവിട്ട് നില്‍ക്കുന്നുണ്ട്. കായ്കളും ധാരാളമുണ്ട്. ഒരു കിലോ പഴത്തിനു വിപണിയില്‍ 200 രൂപ വിലയുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ധാരാളമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഈ കൃഷിയിലേക്കു തിരിഞ്ഞതെന്ന് രാജു പറയുന്നു.  

ഉയര്‍ന്നതോതില്‍ നാരും ആന്റിഓക്സിഡന്റുകളുമടങ്ങിയതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതാണ് ധാരാളംപേര്‍ ഈ പഴത്തിലേക്ക് ആകൃഷ്ടരാകാന്‍ കാരണം. ശാസ്ത്രീയമായി കൃഷി നടത്തിയാല്‍ ഒറ്റത്തവണ ചെടിനട്ടാല്‍ 20 വര്‍ഷത്തോളം വിളവെടുപ്പ് നടത്താം. കൃഷി വിജയമായതോടെ 200 മൂട് ചെടികള്‍കൂടി നട്ടിട്ടുണ്ട്. വില്പനയ്ക്കുവേണ്ടിയും ചെടികള്‍ തയ്യാറാക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് തൈകള്‍ എത്തിക്കാനും കൃഷിക്കാവശ്യമായ നിര്‍ദേശങ്ങളും സാങ്കേതികസഹായങ്ങള്‍ നല്‍കാനും ഈ കൗണ്‍സിലര്‍ തയ്യാറാണ്.

വിപണി പ്രധാന വെല്ലുവിളി

മികച്ച പഴങ്ങളാണ് തോട്ടത്തില്‍നിന്നു ലഭിക്കുന്നതെങ്കിലും വിപണി വലിയ വെല്ലുവിളിയാണ്. പഴക്കടകളില്‍ കൊടുത്താല്‍ വിപണിവിലയുടെ പകുതിവിലയേ ലഭിക്കൂ. മാത്രമല്ല, കടമായി കൊടുക്കണം. പണത്തിനായി പലദിവസം കയറിയിറങ്ങണം. സുഹൃദ്വലയത്തിലുള്ളവര്‍ക്കും കൃഷിയെക്കുറിച്ചറിഞ്ഞ് പഴം വാങ്ങാനെത്തുന്നവര്‍ക്കുമാണ് ഇപ്പോള്‍ പഴങ്ങള്‍ വില്‍ക്കുന്നത്. ഒരിക്കല്‍ വാങ്ങുന്നവര്‍ പിന്നെയും ആവശ്യക്കാരായി എത്തുന്നുവെന്നത് ആശ്വാസവും പ്രതീക്ഷയുമാണ്. നഗരസഭയിലെ ഏഴാം വാര്‍ഡായ ആറാട്ടുകടവിലെ കൗണ്‍സിലറാണ് പരവൂര്‍ക്കോണം സ്നേഹപൂര്‍വം വീട്ടില്‍ രാജു.
 

Content Highlights: Dragon Fruit Farming Success StoryDragon Fruit Farming Success Story