റബ്ബര്‍ വെട്ടിമാറ്റി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി; ഒരു പാര്‍ട് ടൈം കര്‍ഷകന്റെ കാര്‍ഷികാന്വേഷണപരീക്ഷണങ്ങള്‍

കള്ളിമുള്ളുപോലെ വളര്‍ന്ന് നിശാഗന്ധി പോലെ പൂത്ത് മധുരച്ചുവപ്പാര്‍ന്ന ഡ്രാഗണ്‍ ഫ്രൂട്ടുകള്‍. പ്രസാദിന്റെ പഴന്തോട്ടമാണിത്. എറണാകുളം ആമ്പല്ലൂര്‍ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് തീരദേശത്തോടു ചേര്‍ന്ന് മാമ്പുഴയ്ക്കപ്പുറം മണ്ണാര്‍വേലിയില്‍ റബ്ബര്‍കൃഷി ചെയ്തിരുന്ന പ്രസാദ് പി. ജോണ്‍ റബ്ബറെല്ലാം വെട്ടിക്കളഞ്ഞു. വെട്ടാനാളില്ല, വിറ്റാല്‍ കാശില്ല. റബ്ബര്‍കൃഷി ബാധ്യതയായതോടെ മരമെല്ലാം വെട്ടി. തുടര്‍ന്നു നടത്തിയ കാര്‍ഷികാന്വേഷണ പരീക്ഷണങ്ങള്‍ എത്തിയത് ഡ്രാഗണ്‍ ഫ്രൂട്ട് ഫാമെന്ന മധുര തീരത്താണ്.
കള്ളിമുള്ളുപോലെ തോന്നുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ അരയേക്കര്‍ സ്ഥലത്ത് നട്ട് പരിപാലിച്ച് പഴങ്ങളുത്പാദിപ്പിച്ച് വില്‍ക്കുകയാണ് സ്‌കൂള്‍ ജീവനക്കാരനായ ഈ പാര്‍ട്‌ടൈം കര്‍ഷകന്‍. കൂടെ സ്‌കൂളധ്യാപികയായ ഭാര്യ ലിസ്സിമോളും വിദ്യാര്‍ഥികളായ മക്കള്‍ ജോയ്സ് ജോണ്‍ കുരുവിളയും ആഗ്‌നസ് മരിയയും. അരയേക്കറിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ നട്ടിരിക്കുന്നത്. മൂന്നു കോണ്‍ക്രീറ്റ് തൂണുകളില്‍ വട്ടം െവച്ചിരിക്കുന്ന കമ്പിയില്‍ 24-ഓളം ചെടികള്‍ കയറ്റിവിടുന്നു. ഇങ്ങനെയുള്ള അറുനൂറോളം ഡ്രാഗണ്‍ ചെടികള്‍ തോട്ടത്തിലുണ്ട്. നാനൂറോളം ചെടികളില്‍ പൂവിട്ടിട്ടുണ്ട്. അമേരിക്കന്‍ ബ്യൂട്ടി, മെക്സിക്കന്‍ ബ്യൂട്ടി, മലേഷ്യന്‍ റെഡ്, ഇസ്രയേല്‍ വൈറ്റ് തുടങ്ങി നിരവധി ഇനങ്ങളാണുള്ളത്.
ഒരു സുഹൃത്ത് വഴിയാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെക്കുറിച്ച് കേട്ടത്. അപൂര്‍വമായി മാത്രമാണ് ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതെന്നതിനാല്‍ വലിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരം ചില ഫാമുകള്‍ കണ്ടെത്തിയത്. കൃഷിരീതികള്‍ കണ്ട് മനസ്സിലാക്കി. നാലു തൈകള്‍ വീട്ടില്‍ നട്ടുവളര്‍ത്തി. അതു വിജയകരമായതോടെ ആറ്റിങ്ങല്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്ന് തൈകളും കമ്പും വാങ്ങി നട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ നട്ട നാലുമാസം പ്രായമായ ചെടികളില്‍നിന്ന് എട്ടു മാസം പിന്നിട്ടതോടെ ആദ്യ ഫലങ്ങള്‍ കിട്ടി.
ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. ഇതിന്റെ ചെടികള്‍ ആവശ്യക്കാര്‍ക്കു വില്‍ക്കാനും കഴിയുന്നതിനാല്‍ കൃഷി ലാഭകരമായി കൊണ്ടുപോകാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് പ്രസാദിന്റെ അഭിപ്രായം. ഉറുമ്പ് ഈ ചെടിയുടെ വലിയ ശത്രുവാണ്. ചെറിയ പുഴുവും ഉപദ്രവകാരിയായുണ്ട്. അതിന് പുകയില കഷായവും വേപ്പെണ്ണയും സോപ്പും കലര്‍ത്തി സ്പ്രേ ചെയ്യും. രാവിലെ ഏഴു മുതല്‍ എട്ടര വരെ ഫാമില്‍ ചെടികള്‍ക്കൊപ്പമാണ്. ജോലി കഴിഞ്ഞു വന്നാല്‍ ഇരുട്ടാവുന്നതു വരെ വീണ്ടും ചെടികളെ പരിപാലിച്ച് ഫാമില്‍ ജോലി ചെയ്യും.
Content Highlights: Dragon Fruit Cultivation