പുരയ്ക്കുമീതെ വെള്ളം; അതിനും മീതെ ദയാനന്ദന്റെ വാഴക്കൃഷി

ഹരിപ്പാട് : വെള്ളപ്പൊക്കത്തില്‍ നാട്ടിലെ കൃഷിനശിച്ചെങ്കിലും പമ്പയാറിനടുത്തുള്ള ചെറുതന ആനാരി നിധീഷ് ഭവനം ദയാനന്ദന്റെ വാഴക്കൃഷി സുരക്ഷിതമാണ്. 500 മൂട് വാഴയുണ്ട്. തുലാവര്‍ഷം മുന്‍കൂട്ടിക്കണ്ട് ഗ്രോബാഗിലാണ് വാഴനട്ടത്.
വീട്ടിലും പരിസരത്തും വെള്ളമുയര്‍ന്നപ്പോള്‍ ദയാനന്ദന്‍ തൈവാഴകളെല്ലാം പുരപ്പുറത്തേക്കു മാറ്റി. വാഴ നട്ടിട്ടു 28 ദിവസമായി. ഒരുമാസംകൂടി പുരപ്പുറത്ത് ഗ്രോബാഗില്‍ വളരും. അതുകഴിഞ്ഞ് നിലത്തിറക്കി നടാം.
പമ്പയാറിന്റെ കൈവഴിയായ പോച്ചത്തോട് വീടിനോടു ചേര്‍ന്നാണ് ഒഴുകുന്നത്. എല്ലാവര്‍ഷവും മൂന്നുംനാലും പ്രാവശ്യം വീട്ടില്‍ വെള്ളംകയറും. പയറും പാവലും ചീരയുമൊക്കെ വളര്‍ത്തിയാണ് ദയാനന്ദന്‍ ജീവിക്കുന്നത്.
ഏത്തവാഴ നട്ടു വിളവെടുക്കാന്‍ എട്ടൊന്‍പതു മാസം വേണം. തുലാവര്‍ഷം കഴിഞ്ഞു വാഴനട്ടാല്‍ അടുത്ത കാലവര്‍ഷത്തില്‍ കൃഷിനശിക്കും. ഇതിനു പരിഹാരമായാണ് രണ്ടുമാസം വാഴ ഗ്രോബാഗില്‍ വളര്‍ത്തി പരീക്ഷിച്ചത്. നാലുവര്‍ഷം മുന്‍പായിരുന്നു തുടക്കം. പരീക്ഷണം വിജയിച്ചതോടെ കൂടുതല്‍ വാഴ നട്ടുതുടങ്ങി. ദയാനന്ദനും ഭാര്യ പ്രസന്നയും മകന്‍ നിധീഷും കൃഷിയില്‍ സഹായിക്കുന്നു.
Content Highlights: