പ്ലാവച്ചന്‍, മാവച്ചന്‍, ചിലപ്പോള്‍ മാപ്ലയച്ചന്‍; അവരെന്തും വിളിച്ചോട്ടെ, മാവും പ്ലാവും വളര്‍ന്നാ മതി

'പ്ലാവച്ചന്‍, മാവച്ചന്‍, ചിലപ്പോള്‍ മാവും പ്ലാവും ചേര്‍ത്ത് മാപ്ലയച്ചന്‍ - പിള്ളേര് ഇങ്ങനെയൊക്കെ വിളിക്കുമ്പോള്‍ ഞാന്‍ ചിരിക്കും. അവരെന്തുവേണമെങ്കിലും വിളിച്ചോട്ടെ നമുക്ക് നമ്മുടെ പ്ലാവും മാവും വളര്‍ന്നാ മതി'- കോളേജ് കാമ്പസ്സില്‍ നട്ടുവളര്‍ത്തിയ പ്ലാവിലെ ചക്കകള്‍ കാണിച്ച് ജോയച്ചന്‍ പറയുമ്പോള്‍ തെളിയുന്നത് അഭിമാനമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിന്‍സിപ്പലും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനുമായ ഫാ. ജോയ് പീണിക്കപ്പറമ്പിലാണ് ഔദ്യോഗിക ജീവിതം പരിസ്ഥിതിപ്രവര്‍ത്തനങ്ങളുമായി ഇഴചേര്‍ത്ത് കൊണ്ടുപോകുന്നത്.
'ലോക്ഡൗണ്‍ കാലത്ത് ചക്കയായിരുന്നല്ലോ താരം. ക്രൈസ്റ്റ് ആശ്രമവും ഇക്കാലത്ത് ചക്കയിലാണ് ജീവിച്ചത്. ഫെബ്രുവരിതൊട്ട് ഈ മാസം വരെ ആശ്രമത്തില്‍ ഒരുനേരമെങ്കിലും ചക്കക്കറിയോ അല്ലെങ്കില്‍ ചക്കപ്പഴമോ ഉണ്ടായിരുന്നു. ഇതിനുപുറമെ അധ്യാപകരും അനധ്യാപകരും ജീവനക്കാരുമടക്കം ചക്ക കൊണ്ടുപോയി. എന്നാലും ഇനിയും ബാക്കിയുണ്ട്. കൊറോണ കാരണം കോളേജില്ലല്ലോ, അല്ലെങ്കില്‍ കുട്ടികള്‍ ശരിയാക്കിയേനെ' -ജോയച്ചന്‍ ചിരിക്കുന്നു.
നാട്ടുമരങ്ങള്‍ നട്ടുവളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമായി ഓരോ വര്‍ഷവും വിവിധ പദ്ധതികളാണ് അച്ചന്‍ നടപ്പിലാക്കുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് കാലത്ത് 'ഒരു ഗോള്‍ ഒരു മരം പദ്ധതി' നടപ്പിലാക്കിയതോടെയാണ് ഇതിന്റെ സാധ്യത മനസ്സിലായത്. വിവിധതരത്തില്‍പ്പെട്ട 1500 മരങ്ങളാണ് ജോയച്ചന്റെ നേതൃത്വത്തില്‍ അന്ന് കാമ്പസ്സില്‍ വെച്ചുപിടിപ്പിച്ചത്. 2014-ലെ ലോകകപ്പില്‍ 'ഒരു ഗോള്‍ ഒരു നാട്ടുമാവ്' എന്ന പദ്ധതി നടപ്പിലാക്കി. ഇവയ്ക്ക് പുറമെ 'എന്റെ മാവ്, എന്റെ സ്വന്തം നാട്ടുമാവ്', 'എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം' എന്നിവയും നടപ്പിലാക്കി. കോളേജിന് പിന്‍വശത്ത് പല ഭാഗത്തായി 300 നാടന്‍ പ്ലാവുകള്‍ നട്ടു. കഴിഞ്ഞ വര്‍ഷം 75 വിയറ്റ്‌നാം പ്ലാവുകള്‍ നട്ടിരുന്നു.
'ഇടവകാംഗങ്ങളില്‍ നിന്നും സമീപത്തെ മഠങ്ങളില്‍ നിന്നുമൊക്കെ വിത്തുകള്‍ ശേഖരിക്കുകയാണ് ആദ്യ ഘട്ടം. ഉണക്കയില കൂട്ടിയിട്ട് അതിന് മുകളില്‍ ഇടും. ശേഷം മണ്ണിട്ട് മൂടും. മുള വരുമ്പോള്‍ അവ പ്ലാസ്റ്റിക് കവറുകളിലേക്കോ ചട്ടികളിലേക്കോ മാറ്റും. അല്ലെങ്കില്‍ ഉറുമ്പുകളും എലികളും കൊണ്ടുപോകും' -അച്ചന്‍ പറഞ്ഞു. മൂന്നുവര്‍ഷം കുട്ടികളെ നോക്കുന്നതുപോലെ തൈകള്‍ നോക്കണം. എന്നാലെ അവ രക്ഷപ്പെടൂ. തൈകള്‍ സംരക്ഷിക്കാന്‍ കോളേജിലെ എന്‍.എസ്.എസ്., എന്‍.സി.സി. വിദ്യാര്‍ഥികളാണ് സഹായികള്‍.
കാമ്പസ്സിലെ തൈകളെല്ലാം നല്ല വളര്‍ച്ച നേടി. എന്നാല്‍ ബൈപ്പാസ് റോഡിലും മറ്റുമായി നട്ടവ നശിച്ചുപോയി. കായികാധ്യാപകനുള്ള ജി.വി. രാജാ പുരസ്‌കാരം നേടിയ ജോയച്ചന് സാമൂഹിക വനവത്കരണത്തിന് രണ്ടുതവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഹരിത പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ കോളേജിന് നേടിക്കൊടുക്കാനും കഴിഞ്ഞു.
Content Highlights: A college teacher'S success story in fruit cultivation
Content Highlights: