വിളർച്ചയും വിരബാധയും, ആടുകൃഷിയിലെ നിശ്ശബ്ദ വില്ലൻമാർ; ആടുകൾ അപകടത്തിൽ!

ആടുവളർത്തൽ സംരംഭങ്ങളെ നഷ്ടത്തിലാക്കുന്ന പ്രധാനവെല്ലുവിളികളാണ് വിരബാധയും വിളർച്ചയും. ചെറുകുടലിൻറെ ഭിത്തിയിൽ കടിച്ചുതൂങ്ങിക്കിടന്ന് രക്തംകുടിച്ചു വളരുന്ന ഉരുളൻവിരകളും ദഹിച്ചുകഴിഞ്ഞ പോഷകാഹാരം ഭക്ഷിച്ച് രണ്ടരയടിവരെ നീളത്തിൽ വളരുന്ന നാടവിരകളുമാണ് ആടുകളുടെ ആരോഗ്യം ചോർത്തുന്ന പ്രധാന ആന്തരികവിരകൾ.
ലക്ഷണങ്ങൾ
വയറിളക്കം, വിളർച്ച/രക്തക്കുറവ്, വളർച്ചമുരടിപ്പ്, കഴുത്തിലും താടയിലും നീർക്കെട്ട്, ക്ഷീണം, തളർച്ച, പെണ്ണാടുകൾ മദിലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, കുറഞ്ഞ ഗർഭധാരണശേഷി, അകാലത്തിലുള്ള ഗർഭമലസൽ എന്നിവയെല്ലാം വിരബാധയുടെ പ്രധാനലക്ഷണങ്ങളാണ്. ആട്ടിൻകാഷ്ടം വെളുത്തനാടയിൽ കോർത്തപോലെ പുറത്തുവരുന്നത് നാടവിരബാധയുടെ പ്രധാനലക്ഷണമാണ്. കേരളത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് മൊണീസിയ എന്ന നാടവിരയാണ്. പുൽമേടുകളിലും മലമ്പ്രദേശങ്ങളിലും മേയാൻവിട്ട് വളർത്തുന്ന ആടുകളിൽ നാടവിരബാധ കൂടുതലായി കണ്ടുവരുന്നു. വിരബാധ മൂർച്ഛിച്ചാൽ അകാലമരണവും സംഭവിക്കാം.
വിരമരുന്നുകൾ
വിരബാധകൾ തടയാൻ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് വിരമരുന്നുകൾ നൽകണം. ആട്ടിൻകുട്ടികൾക്ക് മൂന്നാഴ്ച പ്രായമെത്തുമ്പോൾ ആദ്യ ഡോസ് മരുന്നുനൽകാം. തുടർന്ന് ആറുമാസം പ്രായമെത്തുന്നതുവരെ മാസത്തിൽ ഒരിക്കലും ശേഷം ഒരു വയസ്സ് തികയുന്നതുവരെ രണ്ടുമാസത്തിൽ ഒരിക്കലും മരുന്നുനൽകണം. ഒരു വയസ്സ് കഴിഞ്ഞ ആടുകളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ മരുന്നുനൽകാം. ലക്ഷണങ്ങൾ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽപ്പോലും ഫാമുകളിൽ വർഷത്തിൽ നാലുതവണയെങ്കിലും ഏതാനും ആടുകളുടെ കാഷ്ടം പരിശോധിച്ച് വിരബാധയില്ലെന്ന് ഉറപ്പാക്കണം. പൊതുവായി വർഷത്തിൽ രണ്ടുതവണ എല്ലാ ആടുകൾക്കും വിരമരുന്നു നൽകാം.
പുതുതായി ആടുകളെ കൊണ്ടുവരുമ്പോൾ മുഖ്യഷെഡ്ഡിലെ ആടുകൾക്കൊപ്പം നിർത്താതെ മൂന്നാഴ്ച മാറ്റിപ്പാർപ്പിക്കണം. ഈ ക്വാറന്റൈൻ കാലയളവിൽ വിരബാധ തടയാനുള്ള മരുന്നുകൾ നിർബന്ധമായും നൽകാം. പ്രസവം പ്രതീക്ഷിക്കുന്നതിന് ഒരാഴ്ചമുൻപോ പ്രസവം കഴിഞ്ഞ് അഞ്ചുദിവസത്തിനകമോ ആടുകൾക്ക് വിരമരുന്ന് നൽകാം. ഇത് ആടിൻറെ പാലുത്പാദനം കൂടുന്നതിനും ആട്ടിൻകുഞ്ഞുങ്ങളിൽ വിരബാധ നിയന്ത്രിക്കുന്നതിനും സഹായിക്കും.
മുൻകരുതൽ
നാടവിരകളും ഉരുളൻവിരകളുമെല്ലാം വിരനാശിനി മരുന്നുകൾക്കെതിരേ പ്രതിരോധമാർജിക്കുന്നത് ആടുവളർത്തൽമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. വിരമരുന്നുകളുടെ അമിതവും അശാസ്ത്രീയവും അനവസരത്തിലുമുള്ള ഉപയോഗമാണ് ആന്തരവിരകളുടെ ആർജിതപ്രതിരോധശേഷിയുടെ പ്രധാനകാരണം. ഈ പ്രശ്നം തടയാൻ കാഷ്ടംപരിശോധിക്കാതെ അനവസരത്തിൽ വിരമരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. വിദഗ്‌ധോപദേശം തേടാതെ അമിതമോ കുറഞ്ഞയളവിലോ അശാസ്ത്രീയമായി വിരമരുന്ന് ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഓരോതവണ മരുന്നുകൾ നൽകുമ്പോഴും തൊട്ടുമുൻപ് ഉപയോഗിച്ചതിൽനിന്നു വ്യത്യസ്തമായ മരുന്നുകൾ നൽകുന്നതും ഉചിതമാണ്.
വിളർച്ച കൂടും വളർച്ച കുറയും
ആടുകളെ ബാധിക്കുന്ന അനാപ്ലാസ്മ, തൈലേറിയ, പാസ്ച്ചുറല്ല എന്നീ രക്താണുരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. പട്ടുണ്ണി, കടിയീച്ചകൾ തുടങ്ങിയ ബാഹ്യപരാദങ്ങളാണ് പ്രധാനമായും അണുക്കളെ പകർത്തുന്നത്. ഇവ ശരീരത്തിനുള്ളിൽ കയറിക്കൂടിയാൽ ക്രമേണ ആരോഗ്യവും പ്രത്യുത്‌പാദനശേഷിയും ഉത്‌പാദനമികവുമെല്ലാം ക്ഷയിപ്പിക്കും. നിശ്ശബ്ദനായ വില്ലന്മാരാണ് ഈ രക്താണുക്കൾ. വിളർച്ച, തീറ്റ നന്നായി കഴിച്ചാലും ക്രമേണയുള്ള മെലിച്ചിൽ, ശരീരക്ഷീണം, പിൻകാലുകൾക്ക് തളർച്ച, തീറ്റയോടുള്ള മടുപ്പ്, പനി, ചുമ തുടങ്ങിയവയാണ് രക്താണുരോഗങ്ങളുടെ പൊതുലക്ഷണങ്ങൾ. ലക്ഷണങ്ങൾ ആഴ്ചകൾ നീണ്ടുനിൽക്കും. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ വിളർച്ച മൂർച്ഛിച്ച് ആടുകൾ ചത്തുപോകും. ലക്ഷണങ്ങളിൽനിന്ന് രോഗം സംശയിക്കാമെങ്കിലും കൃത്യമായ രോഗനിർണയത്തിനും രോഗാണുതീവ്രത കൃത്യമായി വിലയിരുത്തുന്നതിനും ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
കണ്ണുകണ്ടാലറിയാം ആടിന്റെ ആരോഗ്യം
നല്ല ആരോഗ്യമുള്ള ആടുകളുടെ കണ്ണിനു താഴെയുള്ള ശ്ലേഷ്‌മസ്‌തരങ്ങൾ ചുവപ്പുനിറത്തിലായിരിക്കും. എന്നാൽ, വിളർച്ചബാധിച്ച് രക്തത്തിൽ ചുവന്നരക്താണുക്കളുടെയും രക്തത്തിലെ വർണഘടകമായ ഹീമോഗ്ലോബിന്റെയും അളവ് കുറവുള്ള ആടുകളുടെ കണ്ണിനടിയിലെ ശ്ലേഷ്‌മസ്‌തരങ്ങൾ ചുവപ്പുനിറത്തിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കും. വിളർച്ചയുടെ തോതും തീവ്രതയുമനുസരിച്ച് ശ്ലേഷ്‌മസ്‌തരങ്ങളുടെ നിറം മങ്ങിയ ചുവപ്പോ പിങ്ക് നിറമോ കടലാസുവെള്ളയോ ഒക്കെയാവാം. ശ്ലേഷ്‌മസ്‌തരങ്ങളുടെ നിറത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ വിളർച്ചയുടെ സൂചനയും ആടിന്റെ അനാരോഗ്യത്തിന്റെ അടയാളവുമാണ്.
Content Highlights: Learn about goat anemia and worm infestation, common issues that impact goat health and productivity. Discover symptoms, effective treatments, and prevention strategies.