പൊള്ളിച്ച് എൽ നിനോ: പാലുൽപാദന കുറവ് മുതൽ പകർച്ചവ്യാധി വരെ, അതിതീവ്ര കാലാവസ്ഥ മാറ്റങ്ങൾ മൃഗസംരക്ഷണത്തിനും വെല്ലുവിളി

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ‘എൽ നിനോ’ കാലാവസ്ഥ പ്രതിഭാസം സൃഷ്ടിച്ച പ്രതിസന്ധികൾ നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിരിക്കുന്നു.
2026-ൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന എൽ നിനോ സാധാരണ പ്രതിഭാസമല്ലെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പസഫിക്കിലെ സമുദ്രോപരിതല താപനിലയിൽ ശക്തമായ വർധന തുടരുന്നതിനിടെ, 2026-ലെ എൽ നിനോ വളരെ ശക്തമായ നിലയിലേക്ക് വികസിക്കാനുള്ള സാധ്യത 90 ശതമാനത്തിലേറെയാണെന്ന് യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നു. ഒക്ടോബർ–ഡിസംബർ കാലയളവിൽ ഇത് 1950 മുതലുള്ള മുൻകാല എൽ നിനോ സംഭവങ്ങളെ മറികടന്ന് ശക്തമാവാനുള്ള സാധ്യത 75 ശതമാനമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ലോക കാലാവസ്ഥാ സംഘടനയും (WMO) 2026-ലെ എൽ നിനോ കൂടുതൽ ശക്തിപ്പെട്ട് ആഗോള താപനിലയിലും മഴയുടെ വിതരണത്തിലും ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ–നവംബർ 2026 കാലയളവിൽ ഭൂമിയിലെ മിക്ക കരപ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ എൽ നിനോ വരൾച്ച, അതിതീവ്ര ചൂട്, കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ തീവ്രതകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും WMO ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി രണ്ടുമുതൽ ഏഴുവർഷം വരെയുള്ള ഇടവേളകളിൽ ആവർത്തിക്കുന്ന എൽ നിനോ പ്രതിഭാസം ഏതാനും മാസങ്ങൾ മുതൽ ഒരു വർഷത്തോളം നീണ്ടുനിൽക്കാം. മാർച്ച്-ജൂൺ മാസങ്ങളിൽ ആരംഭിച്ച എൽ നിനോ, നവംബർ-ഫെബ്രുവരി കാലയളവിലാണ് ഏറ്റവും തീവ്രമാകുന്നത്. എൽ നിനോയുടെ സ്വാധീനത്താൽ വൈകിയെത്തിയ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമാവുകയും സംസ്ഥാനത്തുടനീളം മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഴയെ ആശ്രയിച്ചുള്ള കാർഷിക-മൃഗസംരക്ഷണ മേഖലകൾക്ക് ഇത് ഗൗരവമേറിയ വെല്ലുവിളിയാണ്. ഉയർന്ന അന്തരീക്ഷ താപനില, മഴയുടെ അനിശ്ചിതത്വം, വരൾച്ച, ജലലഭ്യതയിലെ കുറവ് എന്നിവ വിളകളുടെ ഉൽപാദനത്തെ മാത്രമല്ല, തീറ്റയുടെ ലഭ്യത, മൃഗങ്ങളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും, പാലുത്പാദനം, പ്രത്യുത്പാദനശേഷി എന്നിവയെയും പ്രതികൂലമായി ബാധിക്കാം. എൽ നിനോ പ്രത്യാഘാതങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് മൃഗസംരക്ഷണ മേഖലയിൽ ശാസ്ത്രീയമായ പ്രതിരോധനടപടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ക്ഷീരമേഖലയ്ക്ക് കടുത്ത വെല്ലുവിളി, പാലുല്പാദനത്തിൽ ഗണ്യമായ ഇടിവിന് സാധ്യത
ഉയർന്ന ചൂടും വായുവിലെ ഈർപ്പവും കന്നുകാലികളിൽ 'താപാഘാതം' ഉണ്ടാക്കുന്നതിലൂടെ അവയുടെ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഉയർന്ന പാലുത്പാദന ശേഷിയുള്ള വിദേശ ഇനങ്ങളായ ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി, അവയുടെ സങ്കരയിനങ്ങൾ എന്നിവയ്ക്ക് കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ശേഷി വളരെ കുറവാണെന്നതാണ്. അന്തരീക്ഷ താപനില 25°C-26°C കടക്കുമ്പോൾ തന്നെ ഇത്തരം പശുക്കൾ താപാഘാതത്തിന് ഇരയാവുകയും ശ്വാസോച്ഛ്വാസം വേഗത്തിലാകുക, ഉമിനീർ ഒലിക്കുക, കടുത്ത ക്ഷീണം എന്നിവ മൂലം പാലുല്പാദനത്തിൽ 30 മുതൽ 40 ശതമാനം വരെ നേരിട്ട് ഇടിവുണ്ടാകുകയും ചെയ്യും.
കൂടാതെ കനത്ത ചൂടിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം പശുക്കളിൽ ഗർഭധാരണ സാധ്യത 20-25% വരെ കുറയുന്നത് കർഷകർക്ക് ഇരട്ടി തിരിച്ചടിയാകുന്നു. കടുത്ത വരൾച്ച കാരണം തീറ്റപ്പുല്ലിന്റെയും ശുദ്ധജലത്തിന്റെയും ലഭ്യതയിലുണ്ടാകുന്ന തീവ്രമായ ക്ഷാമമാണ് ക്ഷീരമേഖല നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
മൺസൂൺ ദുർബലമാകുമ്പോൾ പച്ചപ്പുൽ കൃഷി ഉണങ്ങി നശിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്യുന്നു. ഒരു കറവപ്പശുവിന് പ്രതിദിനം കുറഞ്ഞത് 70-100 ലിറ്റർ വരെ ശുദ്ധജലം ആവശ്യമാണെന്നിരിക്കെ, ജലക്ഷാമം പശുക്കളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ പിണ്ണാക്ക്, സാന്ദ്രീകൃത കാലിത്തീറ്റ എന്നിവ കൂടുതൽ വാങ്ങേണ്ടി വരുന്നത് കർഷകന്റെ ഉല്പാദനച്ചെലവിൽ 30-40 ശതമാനത്തോളം വർധനവ് വരുത്തും . ഉല്പാദനം കുറയുന്നതിനൊപ്പം ചെലവ് ഏറുന്നത് ക്ഷീരകർഷകരെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് തള്ളിയിടുക.
എൽനിനോ കാലയളവിൽ കന്നുകാലികളിൽ വിവിധ രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കടുത്ത ചൂടും ഈർപ്പവും കാരണം പ്രതിരോധശേഷി കുറയുന്നതോടെ അകിടുവീക്കം പോലുള്ള ബാക്ടീരിയൽ രോഗങ്ങൾ വ്യാപകമാകാം. രോഗം പരത്തുന്ന പരാദങ്ങൾ പെരുകുന്നത് തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്തപരാദ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. കന്നുകാലികളുടെ പ്രതിരോധശേഷി കുറയുന്ന ഇത്തരം അന്തരീക്ഷത്തിൽ കൃത്യസമയത്ത് വാക്സിനേഷൻ നൽകിയില്ലെങ്കിൽ കുളമ്പുരോഗം, കുരലടപ്പൻ തുടങ്ങിയ രോഗങ്ങൾ വേഗത്തിൽ പടർന്നുപിടിക്കുകയും ചെയ്യും.
ഈ പ്രതിസന്ധികളെ മറികടക്കാൻ ബഹുമുഖ ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴുത്തിന്റെ മേൽക്കൂരയുടെ ഉയരം പരമാവധി വർധിപ്പിച്ച് മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ഉയരം കുറഞ്ഞ തൊഴുത്തുകളിൽ ചൂട് മേൽക്കൂരയ്ക്കടിയിൽ കെട്ടിക്കിടക്കുന്നതിനാൽ പശുക്കൾക്ക് കൂടുതൽ താപസമ്മർദ്ദം അനുഭവപ്പെടാം. അതിനാൽ ഉയരം കൂടിയതും തുറന്ന വശങ്ങളുള്ളതുമായ തൊഴുത്തുകൾ നിർമ്മിക്കുന്നതാണ് ഉചിതം.
മേൽക്കൂരയിൽ ഓലയോ വൈക്കോലോ വിരിക്കുക, ചൂട് പ്രതിഫലിപ്പിക്കുന്ന ‘റിഫ്ലക്റ്റീവ് പെയിന്റ്’ ഉപയോഗിക്കുക, അല്ലെങ്കിൽ താപപ്രതിരോധശേഷിയുള്ള സാൻഡ്‌വിച്ച് റൂഫ് ഷീറ്റുകൾ (Sandwich Roof Sheets) ഉപയോഗിക്കുക എന്നിവ വഴി തൊഴുത്തിലേക്ക് എത്തുന്ന ചൂട് കുറയ്ക്കാൻ കഴിയും. ഫാനുകളും മിസ്റ്റ്/സ്പ്രിങ്ക്ളർ സംവിധാനങ്ങളും ആവശ്യാനുസരണം സ്ഥാപിക്കുന്നതും സഹായകരമാണ്. എന്നാൽ മിസ്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ തൊഴുത്തിനുള്ളിൽ അമിത ഈർപ്പം ഉണ്ടാകാതെയും വായുസഞ്ചാരം തടസ്സപ്പെടാതെയും ശ്രദ്ധിക്കണം.
തൊഴുത്തിന്റെ തറയും താപസമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാനമാണ്. ചൂടുകാലത്ത് കട്ടിയുള്ള റബർ മാറ്റുകൾ തൊഴുത്തിൻ്റെ തറയിൽ വിരിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. റബർ പ്രതലത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുകയും, ചൂട് പുറത്തേക്ക് പകരുന്നത് കുറയ്ക്കുകയും ചെയ്യുന്നതിനാൽ പശുക്കൾക്ക് കിടക്കാനുള്ള താൽപര്യം കുറയാം. കൂടാതെ മൂത്രവും വെള്ളവും അടിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ശുചിത്വപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ നല്ല ഡ്രെയിനേജ് സംവിധാനമുള്ള, എളുപ്പത്തിൽ വൃത്തിയാക്കാവുന്ന, മിതമായ ചരിവുള്ള കോൺക്രീറ്റ് തറയാണ് സാധാരണയായി കൂടുതൽ പ്രായോഗികം. പശുക്കൾക്ക് കിടക്കാനുള്ള ഭാഗങ്ങളിൽ വരണ്ടതും ശുചിത്വമുള്ളതുമായ വൈക്കോൽ വിരിപ്പ് ഉപയോഗിക്കാം.
രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയുള്ള കടുത്ത ചൂടുള്ള സമയങ്ങളിൽ പശുക്കളുടെ മേച്ചിൽ ഒഴിവാക്കി, പുലർച്ചെയും വൈകുന്നേരവും പോലുള്ള തണുപ്പുള്ള സമയങ്ങളിൽ മാത്രം മേച്ചിലിന് വിടുന്നതാണ് ഉചിതം. തീറ്റയും പ്രധാനമായും തണുപ്പുള്ള സമയങ്ങളിൽ നൽകണം. തീറ്റ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഉൾച്ചൂട് കുറയ്ക്കുന്നതിനായി ഉയർന്ന ഗുണമേന്മയുള്ളതും എളുപ്പം ദഹിക്കുന്നതുമായ തീറ്റ നൽകണം.
തീറ്റയുടെ അളവ് കുറയുന്ന സാഹചര്യത്തിൽ ഊർജ്ജലഭ്യത നിലനിർത്താൻ ബൈപാസ് ഫാറ്റ് പോലുള്ള ഊർജ്ജസാന്ദ്രമായ തീറ്റ ഘടകങ്ങൾ ഉപയോഗിക്കാം. വിയർപ്പിലൂടെയും അമിത ശ്വാസോച്ഛ്വാസത്തിലൂടെയും നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ പരിഹരിക്കുന്നതിന് ആവശ്യാനുസരണം ധാതുലവണങ്ങളും ഇലക്ട്രോലൈറ്റ് മിശ്രിതങ്ങളും നൽകാം. എല്ലായ്പ്പോഴും ശുദ്ധവും തണുത്തതുമായ കുടിവെള്ളം മതിയായ അളവിൽ ലഭ്യമാക്കണം. തീറ്റക്ഷാമം നേരിടുന്നതിനായി ഗുണമേന്മയുള്ള സൈലേജ് (Silage), TMR (Total Mixed Ration) തുടങ്ങിയ ബദൽ തീറ്റസംവിധാനങ്ങൾ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുന്നത് സഹായകരമാണ്.
ഉയർന്ന താപനിലയുള്ള കാലയളവിൽ പശുക്കളുടെ പാലുല്പാദനം, തീറ്റയെടുക്കൽ, ശരീരാവസ്ഥ, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുകയും വേണം. ഇത്തരത്തിലുള്ള തൊഴുത്ത് രൂപകൽപ്പന, വായുസഞ്ചാരം, തണുപ്പിക്കൽ സംവിധാനം, തീറ്റ-വെള്ള നിയന്ത്രണം, ധാതുലവണ പരിപാലനം എന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ എൽ നിനോ കാലത്തെ താപസമ്മർദ്ദവും അതുമൂലമുള്ള പാലുല്പാദന നഷ്ടവും ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും.
പ്രതിസന്ധി കോഴിവളർത്തൽ മേഖലയിലും
കോഴിവളർത്തൽ (മുട്ട-ഇറച്ചി) മേഖലയിൽ എൽ നിനോ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ സങ്കീർണ്ണമാണ്. വിയർപ്പുഗ്രന്ഥികളില്ലാത്ത കോഴികൾക്ക് താപനില ഉയരുമ്പോൾ ശ്വാസമെടുപ്പിലൂടെ മാത്രം ശരീരച്ചൂട് പുറന്തള്ളാനേ സാധിക്കൂ. അന്തരീക്ഷ താപനില വർദ്ധിക്കുമ്പോഴുണ്ടാകുന്ന അമിത താപസമ്മർദ്ദം ഫാമുകളിൽ മരണനിരക്ക് ഉയർത്തുന്നു.
അന്തരീക്ഷ താപനില 37–42°C വരെ ഉയരുമ്പോൾ ശരീരതാപനില നിയന്ത്രിക്കാൻ കഴിയാതെ വരികയും മരണനിരക്ക് ഗണ്യമായി ഉയരുകയും ചെയ്യാം. കൃത്യമായ പ്രതിരോധ സംവിധാനങ്ങളില്ലാത്ത ഫാമുകളിൽ ഇത് 15–50% വരെ എത്താനുള്ള സാധ്യതയുണ്ട്. അമിത ചൂടുള്ളപ്പോൾ കോഴികൾ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും വെള്ളം കുടിക്കുന്നത് ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇത് വളർച്ചാനിരക്ക് കുറയ്ക്കും.
ഇതോടെ സാധാരണ 40 ദിവസത്തിനുള്ളിൽ ഏകദേശം 2 കിലോഗ്രാം ഭാരം കൈവരിക്കേണ്ട ബ്രോയിലർ കോഴികൾക്ക് 1.6–1.7 കിലോഗ്രാം വരെ മാത്രമേ ഭാരം ലഭിക്കൂ. വളർച്ച വൈകുന്നതോടെ വളർത്തുകാലവും തീറ്റച്ചെലവും വർധിക്കുന്നു. മുട്ടക്കോഴികളിൽ മുട്ടയുൽപ്പാദനം 15–25% വരെ കുറയാനും, കാൽസ്യത്തിന്റെ ആഗിരണത്തിലും ഉപയോഗത്തിലുമുണ്ടാകുന്ന വ്യതിയാനം മൂലം മുട്ടത്തോടിന്റെ കട്ടി കുറയാനും സാധ്യതയുണ്ട്.
ഇതിനുപുറമേ, എൽ നിനോയോടനുബന്ധിച്ചുള്ള വരൾച്ച ചോളം, സോയാബീൻ തുടങ്ങിയ പ്രധാന തീറ്റച്ചേരുവകളുടെ ലഭ്യത കുറയ്ക്കുകയും വില വർധിപ്പിക്കുകയും ചെയ്യാം. ജലക്ഷാമവും ഗുണനിലവാരമില്ലാത്ത കുടിവെള്ളവും വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതോടെ ഉൽപാദനച്ചെലവ് വീണ്ടും ഉയരാം.
ഈ വെല്ലുവിളികളെ നേരിടാൻ ഫാമുകളിൽ ശാസ്ത്രീയമായ താപനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഷെഡുകളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കാൻ എക്സോസ്റ്റ് ഫാനുകളും, ചൂട് കുറയ്ക്കാൻ ഫോഗറുകളും സ്പ്രിങ്ക്ലറുകളും ഉപയോഗിക്കാം. മേൽക്കൂരയിൽ വെള്ള പൂശുന്നതും അനുയോജ്യമായ ഇൻസുലേഷൻ സംവിധാനങ്ങൾ ഒരുക്കുന്നതും ചൂടിന്റെ ആഗിരണം കുറയ്ക്കും.
ആവശ്യമായ സ്ഥലസൗകര്യം ഉറപ്പാക്കുന്നതിനായി ഷെഡിലെ പക്ഷികളുടെ സാന്ദ്രത കുറയ്ക്കുന്നതും പ്രയോജനകരമാണ്. ഏറ്റവും ചൂടേറിയ സമയങ്ങളിൽ തീറ്റയെടുപ്പ് കുറയുന്നതിനാൽ, തണുപ്പുള്ള സമയങ്ങളിൽ അതിരാവിലെയും വൈകുന്നേരവുംതീറ്റ നൽകുന്നത് ഗുണകരമാണ്. തീറ്റയുടെ പോഷകസാന്ദ്രതയും സമതുലിതമായ ധാതു-ജീവക ഘടകങ്ങളും ഉറപ്പാക്കണം. ശുദ്ധവും ഗുണനിലവാരമുള്ളതുമായ കുടിവെള്ളം 24 മണിക്കൂറും ലഭ്യമാക്കുകയും ഫാമിലെ ജലസംവിധാനം കൃത്യമായി ശുചീകരിക്കുകയും വേണം.
വലിയ ഫാമുകളാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന എൻവയോൺമെന്റലി കൺട്രോൾഡ് (EC) ഫാമുകൾ, കൃത്യമായ തീറ്റ പരിപാലനം, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവ സ്വീകരിക്കുന്നതിലൂടെ എൽ നിനോ കാലത്തും കോഴിവളർത്തൽ മേഖലയിലെ ഉൽപാദനനഷ്ടം പരമാവധി കുറച്ച് കർഷകർക്ക് ഈ മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.
എൽ നിനോയും പകർച്ചവ്യാധി ഭീഷണിയും
എൽ നിനോ കാരണമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കൊതുകുജന്യ, ജലജന്യ, ജന്തുജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കും. ഒരു വശത്ത് അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും, ഇത് ഈഡിസ്, അനോഫിലിസ് തുടങ്ങിയ കൊതുകുകളുടെ അതിവേഗത്തിലുള്ള പ്രജനനത്തിന് കളമൊരുക്കുകയും ചെയ്യും.
അന്തരീക്ഷ താപനില ഉയരുമ്പോൾ കൊതുകിന്റെ ശരീരത്തിനകത്തുള്ള രോഗാണുക്കളുടെ വികാസ കാലയളവ് ഗണ്യമായി കുറയുകയും കൊതുകുകളുടെ ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് രോഗാണുക്കൾ അതിവേഗം പെരുകാനും ഡെങ്കിപ്പനി, മലേറിയ, ചികുൻഗുനിയ, സിക വൈറസ്, ഫൈലേറിയസിസ് തുടങ്ങിയ രോഗങ്ങൾ വളരെ വേഗത്തിൽ മനുഷ്യരിലേക്ക് പകരാനും ഇടയാക്കുന്നു. ഇതിനുപുറമേ, പ്രളയത്തിൽ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതോടെ കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ, റോട്ടാവൈറസ് മൂലമുണ്ടാകുന്ന അണുബാധകൾ എന്നിവ വ്യാപകമായി പടർന്നുപിടിച്ചേക്കാം.
വനങ്ങളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വരുമ്പോൾ വന്യജീവികൾ മനുഷ്യവാസ മേഖലകളിലേക്ക് കൂടുതലായി അടുക്കുന്നത് ജന്തുജന്യ രോഗങ്ങളുടെ ഭീഷണി കൂട്ടുകയും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗസംക്രമണ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായി 1998–1999 കാലഘട്ടത്തിൽ മലേഷ്യയിൽ നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ടത് അതിരൂക്ഷമായ എൽ നിനോ മൂലമുണ്ടായ വരൾച്ചയും കാട്ടുതീയും കാരണമായിരുന്നു.
വരൾച്ച കാരണം കാടുകളിൽ ഫലവൃക്ഷങ്ങൾ നശിച്ചതോടെ പഴംതീനി വവ്വാലുകൾ ഭക്ഷണവും വെള്ളവും തേടി മനുഷ്യവാസ മേഖലകളിലെ തോട്ടങ്ങളിലേക്കും പന്നിഫാമുകളിലേക്കും കൂട്ടത്തോടെ കുടിയേറുകയും, തുടർന്ന് വവ്വാലുകളിൽനിന്ന് പന്നികളിലേക്കും പന്നികളിൽനിന്ന് മനുഷ്യരിലേക്കും നിപാ വൈറസ് പടരുകയുമായിരുന്നു.
വവ്വാലുകൾ, എലികൾ, മറ്റ് ജീവികൾ എന്നിവയിൽ നിന്ന് നിപ്പ, ഹന്താവൈറസ്, എലിപ്പനി തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലേക്കും വളർത്തുമൃഗങ്ങളിലേക്കും പകരാനുള്ള സാധ്യത ഇത്തരം എൽ നിനോ കാലയളവുകളിൽ വളരെ കൂടുതലാണ്. പ്രത്യേകിച്ച്, കെട്ടിക്കിടക്കുന്ന വെള്ളത്തിലും മണ്ണിലും മൃഗങ്ങളുടെ മൂത്രം കലരുന്നത് എലിപ്പനി വ്യാപനത്തിന് പ്രധാന കാരണമാകുമ്പോൾ, വന അതിർത്തികളിൽ പട്ടുണ്ണികളുടെ (Ticks) സമ്പർക്കം കൂടുന്നത് കുരങ്ങുപനി (KFD) പോലുള്ള രോഗങ്ങൾക്ക് വഴിതുറക്കുന്നു. ചൂടും ജലക്ഷാമവും കാരണം വന്യജീവികളിൽ ഉണ്ടാകുന്ന കഠിനമായ ശാരീരിക സമ്മർദ്ദം അവയുടെ പ്രതിരോധശേഷി കുറയ്ക്കുകയും രോഗാണുക്കൾ കൂടുതൽ പെരുകാൻ ഇടയാക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനവും ‘സൂപ്പർ എൽ നിനോ’യും ഉയർത്തുന്ന ബഹുമുഖ ഭീഷണികളെ ഒറ്റപ്പെട്ട നടപടികൾ കൊണ്ട് പ്രതിരോധിക്കാനാവില്ല. കൃഷി, മൃഗസംരക്ഷണം, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവയെ സമഗ്രമായി കോർത്തിണക്കുന്ന 'ഏകാരോഗ്യം' (One Health) കാഴ്ചപ്പാടിലൂടെയുള്ള അടിയന്തര ഇടപെടലുകളാണ് കാലഘട്ടത്തിന്റെ ആവശ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് തലത്തിൽത്തന്നെ ശാസ്ത്രീയമായ പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനായി പ്രത്യേക ഫണ്ട് വകയിരുത്തുകയും വേണം. ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർഷകരും കൈകോർക്കുന്ന ഇത്തരം സംയോജിത മുന്നൊരുക്കങ്ങളിലൂടെ മാത്രമേ കാലാവസ്ഥാ ഭീഷണികളെ ഫലപ്രദമായി മറികടക്കാൻ സാധിക്കൂ.