പശുക്കൾക്ക് 'ഡബിൾ' സുരക്ഷ; കുളമ്പുരോഗവും ചർമ്മ മുഴയും തടയാൻ പ്രതിരോധ കുത്തിവെപ്പ്

പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

പാലുല്പാദനമേഖലയിൽ കനത്ത സാമ്പത്തികനഷ്ടം വിതക്കുന്ന സംക്രമികരോഗങ്ങളായ കുളമ്പുരോഗം, ചർമ്മ മുഴ രോഗം എന്നിവ തടയാനുള്ള പ്രതിരോധ കുത്തിവെപ്പ് കാംപയിനുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 17 മുതൽ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെപ്പ് ഈ മാസത്തോടെ പൂർത്തിയാവും. പശുക്കൾക്കും കിടാരികൾക്കും ഒരേ സമയം രണ്ട് പകർച്ചവ്യാധികൾക്കെതിരെയുമുള്ള വാക്സിനുകൾ നൽകി ഇരട്ട പ്രതിരോധവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നു എന്നതാണ് പ്രത്യേകത. പ്രവൃത്തി ദിവസങ്ങളിൽ കർഷകരുടെ വീടുകളിൽ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ സ്ക്വാഡ് സൗജന്യമായാണ് ഈ രണ്ട് വാക്സിനുകളും നൽകുന്നത്. തീരാദുരിതം വിതയ്ക്കുന്ന പകർച്ചവ്യാധികളായതിനാൽ തങ്ങളുടെ ക്ഷീരസംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സിൻ ലഭിച്ചു എന്നുറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധ പുലർത്തണം. പശുക്കൾക്കോ കിടാരികൾക്കോ എരുമകൾക്കോ ഇനിയും വാക്സിൻ എടുത്തിട്ടില്ലെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികൾക്ക് ഈ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടത് നിർബന്ധവുമാണ്.

നിസ്സാരമല്ല ഈ രണ്ടുരോഗങ്ങൾ

രാജ്യത്തെ കാർഷികമേഖലയ്ക്ക് പ്രതിവർഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളിൽ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ വേഗത്തിൽ വൈറസ് പകരും. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വായുവിലൂടെ അറുപത് കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്.

രോഗബാധയേറ്റ പശുക്കളുടെ വായ് പുളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. വലിയ പശുക്കളിൽ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടമാവും. കറവപ്പശുക്കളുടെ പാലുൽപ്പാദനം ഗണ്യമായി കുറയുകയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗർഭിണി പശുക്കളുടെ ഗർഭമലസാനും അകാലത്തിൽ ചത്തുപോവാനും ഇടയുണ്ട്. രോഗത്തിൽ നിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും വീണ്ടെടുക്കാൻ കഴിയാറില്ല. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാൽ പശു, എരുമ കിടാക്കളിൽ മരണനിരക്ക് ഉയർന്നതാണ്. ചർമ്മ മുഴരോഗം അഥവാ ലംപി സ്‌കിൻ ഡിസീസ് എന്ന കന്നുകാലിരോഗം കാരണം ഉണ്ടായ കെടുതികൾ കഴിഞ്ഞ അഞ്ചുവർഷങ്ങളായി രാജ്യത്തെ പാലുല്പാദനമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്. ലംപി സ്‌കിൻ രോഗത്തിന് കാരണവും വൈറസുകൾ തന്നെയാണ്. വൈറസുകളെ കന്നുകാലികളിലേക്ക് പടർത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക് തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരും. രോഗം മൂലം പശുക്കളുടെ ത്വക്കിൽ മുഴകളും വ്രണങ്ങളുമുണ്ടാവുകയും ആരോഗ്യവും ഉത്പാദനവും ക്ഷയിക്കുകയും ചെയ്യും.

മികവുറ്റ വാക്‌സിൻ

ബയോവെറ്റ് കമ്പനി ലഭ്യമാക്കുന്ന ബയോമെഡ് എന്ന വാക്സിനാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് ഉപയോഗിക്കുന്നത്. രാജ്യത്ത് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന കുളമ്പുരോഗ വൈറസിന്റെ മൂന്ന് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പശുക്കൾക്ക് ഉറപ്പാക്കാൻ ഈ വാക്സിന് കഴിയും. നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽ ഉൾപ്പെടുന്ന എല്ലാ ഉരുക്കൾക്കും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നൽകാം.രോഗമുള്ളവയെയും അവസാന മൂന്ന് മാസം ഗർഭാവസ്ഥയിൽ ഉള്ള പശുക്കളെയും ഒഴിവാക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും വിപണിമൂല്യമുള്ളതുമായ വെറ്ററിനറി മരുന്നും രക്ഷ-ഒ-വാക് എന്ന കുളമ്പുരോഗ പ്രതിരോധവാക്സിനാണ്. വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ ചർമ്മ മുഴ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. എരുമകളിൽ രോഗസാധ്യത കുറവായതിനാൽ എരുമകൾക്ക് കുത്തിവെപ്പ് ആവശ്യമില്ല. നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശുക്കൾക്കും കാളകൾക്കും മാത്രം ചർമ്മ മുഴ പ്രതിരോധവാക്സിൻ നൽകിയാൽ മതി.

കുത്തിവെപ്പെടുത്താൽ പാലുകുറയുമോ ?

കറവപ്പശുക്കളിൽ പാലുൽപ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ കാരണം ചില കർഷകരെങ്കിലും തങ്ങളുടെ പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളിൽ വാക്സിനെടുത്താൽ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ താത്കാലികമായി ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉത്പാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവെപ്പ് എടുത്ത ഉരുക്കൾക്ക് ധാതുജീവക മിശ്രിതങ്ങളും കരൾ ഉത്തേജന മിശ്രിതങ്ങളും നൽകുന്നതും, ഒരല്പം സാന്ദ്രീകൃത തീറ്റ അധികം നൽകുന്നതും, വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും വഴി പാലിൽ താല്കാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും. എന്നാൽ വാക്സിനെടുക്കാതെ ഒടുവിൽ ഈ മാരക പകർച്ചവ്യാധികൾ പശുക്കൾക്ക് പിടിപെട്ടാൽ പാലുത്പാദനം മാത്രമല്ല, പശുവിന്റെ ജീവൻ തന്നെ അപകടത്തിലാവുമെന്ന കാര്യം മറക്കരുത്.

Content Highlights: Protect your cattle from devastating diseases like Foot-and-Mouth and Lumpy Skin. Learn about the free double vaccination campaign and its importance for dairy farming.