സിനിമ റൊമാന്റിസൈസ് ചെയ്യുന്ന മറ്റൊരു തേച്ച് മിനുക്കപ്പെട്ട അവസ്ഥ; അറിയാം ലിമ സിൻഡ്രോം

അടിച്ചാലും തൊഴിച്ചാലും എനിക്ക് അവളോട് സ്നേഹമല്ലേ….! കുത്തുവാക്ക് പറഞ്ഞ് വേദനിപ്പിച്ചാൽ എന്താ എനിക്ക് അവനോട് പ്രണയമല്ലേ…! എന്ന് ചോദിക്കുന്ന പലരും ഇന്നും ചുറ്റുമുണ്ടാകും. സ്റ്റോക്ക്ഹോം സിൻഡ്രോമിൽനിന്ന് മാറി ഇപ്പോൾ എത്തിനിൽക്കുന്നത് ലിമ സിൻഡ്രോമിലാണ്.
മനുഷ്യബന്ധങ്ങളിൽ പലപ്പോഴും വികാരങ്ങളും യുക്തിയും തമ്മിൽ സംഘർഷം ഉണ്ടാകാറുണ്ട്. തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും ഒരു വ്യക്തിയോടുള്ള കരുതലും സഹാനുഭൂതിയും വിട്ടൊഴിയാൻ കഴിയാത്ത അവസ്ഥ അതിന്റെ ഉദാഹരണമാണ്. ഇത്തരമൊരു മാനസികാവസ്ഥയെ മനഃശാസ്ത്രം ലിമ സിൻഡ്രോം എന്ന പേരിലാണ് വിശദീകരിക്കുന്നത്.
ലിമ സിൻഡ്രോം സാധാരണയായി സ്റ്റോക്ക്ഹോം സിൻഡ്രോമുമായി താരതമ്യം ചെയ്യപ്പെടുന്നുവെങ്കിലും, രണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സ്റ്റോക്ക്ഹോം സിൻഡ്രോമിൽ ഇരകളാണ് പീഡകരോട് വികാരപരമായി അടുപ്പം കാണിക്കുന്നത്. എന്നാൽ, ലിമ സിൻഡ്രോമിൽ അധികാരം കൈവശമുള്ളവരും നിയന്ത്രണം ചെലുത്തുന്നവരുമാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ളവരോട് സഹാനുഭൂതി കാണിക്കുന്നത്.
കാലക്രമേണ ഈ സിൻഡ്രോം ക്രൈം കേസുകളിലേക്കോ അത്യാഹിത സാഹചര്യങ്ങളിലേക്കോ മാത്രം പരിമിതമല്ല. ഇന്നത് വ്യക്തിഗത ബന്ധങ്ങളിലും, പ്രത്യേകിച്ച് പവർ ഇംപാലൻസ് ഉള്ള ബന്ധങ്ങളിലും കാണപ്പെടുന്ന ഒരു മാനസിക പ്രവണതയായി മാറിയിട്ടുണ്ട്. ഒരാളെ നിരന്തരം വേദനിപ്പിക്കുന്ന വ്യക്തി തന്നെയാണ് പിന്നീട് അയാളോടു കരുതലും സംരക്ഷണ മനോഭാവവും കാണിക്കുന്നതെന്നത് ഈ അവസ്ഥയുടെ പ്രധാന ലക്ഷണമാണ്.
ആധുനിക സാമൂഹിക സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയുടെ ബന്ധങ്ങളിൽ, ലിമ സിൻഡ്രോമിന്റെ സാന്നിധ്യം കൂടുതൽ വ്യക്തമാണ്. ടോക്സിക് എന്ന് തിരിച്ചറിയാവുന്ന ബന്ധങ്ങളെ ന്യായീകരിക്കുക, തെറ്റുകൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കുക, “മാറുമെന്ന” പ്രതീക്ഷയിൽ ബന്ധം തുടർന്നു കൊണ്ടുപോകുക…. ഇവയെല്ലാം ഈ മാനസികാവസ്ഥയുടെ പ്രകടനങ്ങളായി കാണപ്പെടുന്നു.
കുറ്റബോധം, ഒറ്റപ്പെടൽ, വൈകാരിക ആശ്രയത്വം എന്നിവയാണ് മനഃശാസ്ത്രപരമായി ലിമ സിൻഡ്രോം വളരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരാളെ വേദനിപ്പിച്ചതിന്റെ കുറ്റബോധം പിന്നീട് സഹാനുഭൂതിയിലേക്കും കരുതലിലേക്കും മാറുന്നു. അതോടൊപ്പം “അവനും ഒരു മനുഷ്യനല്ലേ” എന്ന ചിന്ത തെറ്റുകളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
എന്നാൽ, ഈ അവസ്ഥ പലപ്പോഴും പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നു. കരുതലും ആകർഷണവും ഉള്ളതിനാൽ തന്നെ അത് ആരോഗ്യകരമായ ബന്ധമാണെന്ന ധാരണ ഉണ്ടാകാം. യാഥാർത്ഥ്യത്തിൽ, ലിമ സിൻഡ്രോം അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങൾ മാനസികമായി ക്ഷീണിപ്പിക്കുന്നതും അസമത്വം നിറഞ്ഞതുമാകാറുണ്ട്.
സിനിമകളും ജനപ്രിയ സംസ്കാരവും ഇത്തരം ബന്ധങ്ങളെ പലപ്പോഴും റൊമാന്റിസൈസ് ചെയ്യുന്നതും ചെയ്യുന്നതും ശ്രദ്ധേയമാണ്. വില്ലൻ കഥാപാത്രങ്ങൾ സോഫ്റ്റ് ആകുന്ന കഥാസന്ദർഭങ്ങൾ പ്രേക്ഷകർക്ക് സഹാനുഭൂതി തോന്നിപ്പിക്കുമ്പോഴും, അവ യഥാർത്ഥ ജീവിതത്തിലെ ടോക്സിക് ബന്ധങ്ങളെ സാധാരണവത്കരിക്കാൻ ഇടയാക്കുന്നു.
ലിമ സിൻഡ്രോം തിരിച്ചറിയുന്നത് അതിൽനിന്ന് പുറത്തുവരാനുള്ള ആദ്യപടിയാണ്. ഒരു ബന്ധത്തിൽ സ്വന്തം മാനസിക സമാധാനം നഷ്ടപ്പെടുന്നുവെന്നും റെഡ് ഫ്ളാഗ് തുടർച്ചയായി അവഗണിക്കപ്പെടുന്നുവെന്നും തോന്നുന്നുവെങ്കിൽ, അത് പ്രണയമല്ല ഒരു മാനസിക കുടുക്കായിരിക്കാം. എല്ലാ സഹാനുഭൂതിയും രക്ഷിക്കാനുള്ള ഉത്തരവാദിത്തമല്ല. ചില സാഹചര്യങ്ങളിൽ മുന്നോട്ട് പോകുന്നതാണ് വ്യക്തിയുടെ മാനസികാരോഗ്യത്തിനും സെൽഫ് റെസ്പെക്ടിനും അനിവാര്യം.
Content Highlights: Understand Lima Syndrome – a psychological state where those in power show empathy towards their captives. Learn its signs, differences from Stockholm Syndrome, and impact on relationships.