തിരികെയെടുക്കാമെന്ന് പറഞ്ഞ് കടയിൽ ഏൽപ്പിച്ച ഹാൻഡ്ബാഗിൽ എംഡിഎംഎ; യുവാവ് അറസ്റ്റിൽ

കല്പറ്റ: തിരികെയെടുക്കാമെന്ന് പറഞ്ഞ് കടയിൽ ഏൽപ്പിച്ച ഹാൻഡ്ബാഗിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, തളിയിൽ, ചെറുവേരി വീട്ടിൽ മുഹമ്മദ് ഇജാസ് ബഷീർ (28) ആണ് അറസ്റ്റിലായത്. ഒക്ടോബർ രണ്ടിന് രാത്രിയാണ് മുഹമ്മദ് ഇജാസിന്റെ ബാഗിൽനിന്ന് പോലീസ് എംഡിഎംഎ കണ്ടെത്തിയത്. ബസുകാരുമായുണ്ടായ തർക്കമാണ് എംഡിഎംഎ കേസിൽ എത്തിയത്. അന്നേദിവസം പുതിയ ബസ്സ്റ്റാൻഡിൽ വെച്ച് ബസുകാരുമായി മുഹമ്മദ് ഇജാസ് ബഷീർ തർക്കത്തിലേർപ്പെട്ടിരുന്നു. വിഷയത്തിൽ പോലീസ് ഇടപെടുകയും മുഹമ്മദ് ഇജാസിനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന ബാഗ് പുതിയ ബസ്സ്ററാൻഡിലെ ഒരു കടയിൽ ഏൽപ്പിച്ചശേഷമാണ് മുഹമ്മദ് ഇജാസ് സ്റ്റേഷനിലേക്ക് പോയത്. മടങ്ങിവരുമ്പോൾ ബാഗ് തിരികെയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ മടങ്ങിയെത്തിയപ്പോഴും ബസ്സ്റ്റാൻഡിൽ പോലീസ് ഉണ്ടായിരുന്നതിനാൽ ബാഗ് തിരികെയടുക്കാൻ സാധിച്ചില്ല. ഇതോടെ ഉപേക്ഷിച്ച് മുഹമ്മദ് ഇജാസ് മടങ്ങി.
എന്നാൽ, കടയിലെ ജീവനക്കാരൻ ബാഗ് പോലീസിനെ ഏൽപ്പിച്ചു. ബാഗ് പരിശോധിച്ചപ്പോഴാണ് 0.42 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഇജാസിനെ പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്പറ്റ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരേ തൊണ്ടർനാട്, കുറ്റ്യാടി സ്റ്റേഷനുകളിൽ ലഹരിക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ സന്തോഷ്കുമാർ, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Kalpetta police arrested a 28-year-old youth after MDMA was recovered from a handbag he left at a shop near the new bus stand.