പ്രകൃതിയെ ദുർവിനിയോഗം ചെയ്യാതിരിക്കുന്നതാണ് ജ്ഞാനം -എം.വി. ശ്രേയാംസ്കുമാർ

സുൽത്താൻബത്തേരി: മനുഷ്യരാശിക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുമുള്ള എല്ലാ കാര്യങ്ങളും പ്രകൃതിയിലുണ്ടെന്നും അത് മനസ്സിലാക്കി ദുർവിനിയോഗം ചെയ്യാതെ കൃത്യമായി ഉപയോഗിക്കുന്നതിനെയാണ് ജ്ഞാനം എന്നുപറയുന്നതെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ. ഇക്കാലത്ത് അത് ഏറ്റവും പ്രധാനപ്പെട്ട സന്ദേശവും ഈ വിവേകം ഉണ്ടാവണമെന്നതാണ്. ബത്തേരി മണിച്ചിറയിൽ കോഴിക്കോട് ഫാർമസിയുടെ പഞ്ചകർമ ചികിത്സാ സ്ഥാപനമായ ബുദ്ധ നഴ്സിങ് ഹോമിൽ സ്ഥാപിച്ച ശ്രീ ബുദ്ധശില്പത്തിന്റെ അനാച്ഛാദനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധമതത്തിന്റെ പ്രധാനഘടകമാണ് വിവേകം. അറിവും വിവേകവും തമ്മിൽ വ്യത്യാസമുണ്ടെന്നും എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും അപ്രതീക്ഷിതമായിട്ടുള്ള സംഭവങ്ങളും നമുക്ക് മുന്നിൽ വന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മാറ്റങ്ങളും മനുഷ്യരായി സൃഷ്ടിക്കുന്നവയും നേരത്തേ കണ്ടുകൊണ്ടാണ് ഈ സന്തുലിതാവസ്ഥ എന്നും സൂക്ഷിക്കണമെന്ന് ബുദ്ധൻ പറഞ്ഞത്. അതുതന്നെയാണ് ഗാന്ധിയും പറഞ്ഞത്. 'നമ്മുടെ ഭൂമി ഒരു അക്ഷയപാത്രമല്ല, മനുഷ്യർക്കടക്കം എല്ലാ ജീവികൾക്കും ആവശ്യമുള്ളത് അതിലുണ്ട്. അതിനെ വിവേകത്തോടുകൂടി സമീപിക്കുക'യെന്നതാണ് ഗാന്ധി പറഞ്ഞത്. നമ്മുടെ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ വളരെ ആഴത്തിൽ മനസ്സിലാക്കുക. ബുദ്ധനും ഗാന്ധിയും പറഞ്ഞതുപോലെ നമ്മുടെ വിവേകം ഉപയോഗിക്കുക. വിവരവും വിവേകവും തമ്മിൽ വ്യത്യാസമുണ്ട്. വിവേകമുപയോഗിച്ച് മുന്നോട്ടുപോയാൽ വരുന്ന തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും വസിക്കാനുള്ള ആവാസവ്യവസ്ഥ നിലനിർത്താനാകും.
വർഷങ്ങളായി സത്യാനന്ദൻ ഡോക്ടറുടെ സാന്നിധ്യം ബത്തേരിയിലുണ്ടെന്നും ആയുർവേദകേന്ദ്രമായ സ്ഥാപനത്തിന് ബുദ്ധ എന്ന പേരു നൽകിയത് ഉചിതമായി തോന്നുന്നുവെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. കാരണം ആന്തരികമായ സമാധാനമാണ് നമുക്കു വേണ്ടത്. നാളയെക്കുറിച്ചോ ഇന്നലെയെക്കുറിച്ചോ മാത്രം ആലോചിച്ചിട്ടു കാര്യമില്ലെന്നും ഈ നിമിഷത്തിൽ ജീവിക്കണമെന്നുമാണ് ബുദ്ധ ശില്പത്തിന് താഴെ എഴുതിയിരിക്കുന്നത്. എപ്പോഴും ഇന്നലെയിലേക്കോ നാളെയിലേക്കോ ആണ് നമ്മുടെ മനസ്സ് ചിന്തിച്ചുകൊണ്ടിരിക്കുക. ജോലിയിൽ അടക്കം എന്തിലും മുന്നോട്ടുപോകണമെങ്കിൽ ഇപ്പോൾ ഇവിടെ ഈ കാര്യത്തിലാണ് നമ്മളുള്ളതെന്ന ബോധം ഉണ്ടാവണം. അതുണ്ടായാൽ ജോലിയിലടക്കം ശ്രദ്ധിക്കാൻ സാധിക്കുമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. പി. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. ശില്പത്തിന്റെ രൂപകല്പന നിർവഹിച്ച ശില്പി ബിനു തത്തുപാറയെ ബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ ഉപഹാരം നൽകി ആദരിച്ചു. ഡോക്യുമെന്ററി സംവിധായകനും ചരിത്ര ഗവേഷകനുമായ ഒ.കെ. ജോണി മുഖ്യപ്രഭാഷണം നടത്തി. കല്പറ്റ ലിയോ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ ‘ബൗദ്ധ ദർശനം കേരളത്തിൽ’ എന്ന വിഷയവും റിട്ട. ഡി.എം.ഒ. ഡോ. കെ.പി. വിനോദ് ബാബു ‘ബുദ്ധമതവും ആയുർവേദവും, എന്ന വിഷയവും അവതരിപ്പിച്ചു. കോഴിക്കോട് ആയുർവേദ ഫാർമസി ആൻഡ് ബുദ്ധ മാനേജിങ് ഡയറക്ടർ ഡോ. വി. സത്യാനന്ദൻ നായർ, ബത്തേരി മഹാഗണപതിക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, നഗരസഭാംഗം ബൽക്കീസ് ഷൗക്കത്ത്, ഡോ. കെ.ജി. രഞ്ജിത്ത്, ഡോ. വി.പി. ആരിഫ, ഡോ. പി.ആർ. രാജ്മോഹൻ, കെ. ജയപ്രകാശ്, ബി. രാധാകൃഷ്ണപിള്ള, കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ബുദ്ധ നഴ്സിങ് ഹോമിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ബുദ്ധശില്പം സ്ഥാപിച്ചത്.
Content Highlights: Mathrubhumi MD M.V. Shreyams Kumar unveiled a Buddha statue at Buddha Nursing Home in Sultan Bathery, emphasizing the importance of wisdom and environmental balance.