കുരുന്നുകൾക്ക് കൈത്താങ്ങാവാൻ പാട്ടുവണ്ടി

കല്പറ്റ: എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങാവാൻ നാടൊന്നാകെ കൈകോർക്കുകയാണ്. ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി സുമനസ്സുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളും നടത്തിവരുകയാണ്. ആ കൂട്ടത്തിലേക്ക് ഞായറാഴ്ച ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ പാട്ടുവണ്ടിയുമെത്തി. രാവിലെ വൈത്തിരിയിൽനിന്ന് പാട്ടുവണ്ടി യാത്രതുടങ്ങി. ഓരോ ടൗണിലും നിർത്തി കലാകാരന്മാർ പാട്ടുകൾ പാടി. കൂടെയുണ്ടായിരുന്നവർ ബക്കറ്റുമായി സുമനസ്സുകൾക്കിടിലേക്കിറങ്ങി. കുരുന്നുകൾക്ക് കൈത്താങ്ങാവാൻ ഓരോരുത്തരും അവരാൽ കഴിയുന്ന തുകനൽകി. വൈകീട്ടോടെ പാട്ടുവണ്ടി യാത്ര അവസാനിപ്പിച്ചു. ഗായകരായ റോബിൻജോസ്, ജെയ്സൺ തോമസ്, ജെയിംസ് ചാലപ്പുറം, ജോസ് പുന്നക്കൽ, റിനി മാത്യു എന്നിവരാണ് പാടിയത്. ആർ.വൈ.ജെ.ഡി.യുടെ പാട്ടുവണ്ടി, മഹിളാജനതാദളിന്റെ പായസചലഞ്ച്, പഞ്ചായത്ത് കമ്മിറ്റിയുടെ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാർട്ടിയംഗങ്ങളിൽനിന്നുള്ള ധനസമാഹരണം എന്നിവ നേരത്തേ നടത്തിയിരുന്നു. പാട്ടുവണ്ടിയുമായുള്ള ധനസമാഹരണത്തിന് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിമ്മിജോസ് പൈമ്പിള്ളിൽ, ആർ.ജെ.ഡി. കോഴിക്കോട് ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജില്ലാകമ്മിറ്റിയംഗം പി. അബ്ദുറഹിമാൻ, കൂടരഞ്ഞി പഞ്ചായത്തംഗം ഷീബ റോയ് നെച്ചിക്കാട്ടിൽ, ജോർജ് വർഗീസ്, സോഫി തോമസ്, സോളമൻ മഴുവഞ്ചേരിയിൽ, കെ.എസ്. ബിജി, ഷിബ ബിജു, റാണി കീലത്ത്, ഇന്ദുശ്രീ രവി എന്നിവർ നേതൃത്വം നൽകി.
എസ്.എം.എ. ടൈപ്പ് 2 എന്ന അപൂർവ ജനിതകരോഗബാധിതരായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലീവർ ജോനോ എന്നിവർക്കായാണ് നാട് കൈകോർക്കുന്നത്. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ജീൻതെറപ്പിക്കുമായി അൻപതുകോടി രൂപയാണ് വേണ്ടത്.
Content Highlights: RJD Koodaranji committee organised a musical campaign across Wayanad towns to raise funds for three children diagnosed with Spinal Muscular Atrophy.