കാലാവസ്ഥാ വ്യതിയാനം: ചെറുക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം -മന്ത്രി ടി. സിദ്ദിഖ്

അമ്പലവയൽ : ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കാരണം കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്.

അമ്പലവയൽ കാർഷികകോളേജിൽ സംഘടിപ്പിച്ച വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കാർഷികരീതികളും പുതിയ ഇക്കോസിസ്റ്റവും സർവകലാശാലകളുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കണം. അമ്പലവയൽ കാമ്പസിന് എല്ലാസൗകര്യങ്ങളോടുംകൂടിയ പുതിയ കളിസ്ഥലം ഒരുക്കാൻ അടിയന്തരനടപടികൾ ആരംഭിക്കാൻ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

‘പൂപ്പൊലി’ അന്താരാഷ്ട്ര ഫെസ്റ്റിവലാക്കും

കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പ്രദേശവാസികളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് 'പൂപ്പൊലി' അന്താരാഷ്ട്ര ഫെസ്റ്റിവലാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

അമ്പലവയൽ കാർഷിക കോളേജിലെ അക്കാദമിക്ക് ബ്ലോക്ക്, കാർഷിക സർവകലാശാ ഗവേഷണ വിഭാഗത്തിന്റെ പുതിയവിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞൾ, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് ടി. അവറാൻ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഗംഗാധരൻ ആത്താർ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷൻ പി. ഷഫീക്ക്, കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ടി. സജിതാ റാണി, രജിസ്ട്രാർ പ്രൊഫ. ഡോ. മേരി റജീന, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി. രാജി തുടങ്ങിയവർ സംസാരിച്ചു.