മഴ കുറഞ്ഞു, ഗൂഡല്ലൂരിൽ കനത്ത വരൾച്ച

ഗൂഡല്ലൂർ : മഴകുറഞ്ഞതോടെ ഗൂഡല്ലൂരിലും പരിസരപ്രദേശങ്ങളിലും ജലാശയങ്ങൾ വറ്റി. വരൾച്ചയും കുടിവെള്ളക്ഷാമവും പലയിടങ്ങളിലും രൂക്ഷമാകുന്നു. ഈ വർഷകാലയളവിൽ തെക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷങ്ങൾ ഏറെ ദുർബലമായിരുന്നു ഗൂഡല്ലൂരിൽ. ജൂൺ മുതൽ നവംബർവരെയുള്ള മാസങ്ങളിലാണ് ഈ മഴക്കാലം. ഇതുവരെ ഏറ്റവും കുറഞ്ഞയളവിലാണ് മഴ ലഭ്യമായതെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മഴ ഏറ്റവും കുറഞ്ഞു.

കടുത്ത വെയിലായതോടെ, നീരൊഴുക്കുകൾ പ്രധാനനദികളിലെല്ലാം നിലച്ചു. ഇത് ഭൂഗർഭ ജലവിതാനം വളരെയധികം കുറയുന്നതിനും കൃഷിയെ ബാധിക്കുകയും ചെയ്തിരിക്കുകയാണ്. പെന്നാനി, വെള്ളരി, ദേവർഷോല, പാടുന്തറ, മൺവയൽ, മണൽവയൽ തുടങ്ങിയ വിദൂരഗ്രാമങ്ങളിലെ കൃഷിസ്ഥലങ്ങളിലെല്ലാം കൃഷിയിടങ്ങൾ ഉണങ്ങിക്കരിഞ്ഞനിലയിലാണ്. പാണ്ഡ്യാർ, മായാർ, ചോളാടി, പെന്നാനി നദികളിൽ നീരൊഴുക്ക് പൂർണമായും കുറഞ്ഞനിലയിലാണ്. ഇത് കുടിവെള്ളപദ്ധതികളെ സാരമായി ബാധിച്ചിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതർ.

തദ്ദേശഭരണ സ്ഥാപനങ്ങളിലും നഗരത്തിലാകെയും കുടിവെള്ളവിതരണം ദിവസങ്ങളുടെ ഇടവേളകളെടുത്താണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇത് കുടിവെള്ളമെത്തിക്കുന്നതിൽ വലിയ പിഴവാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്ന് ജലവിഭവവകുപ്പ്‌ അധികൃതർ പറഞ്ഞു.