നാടിന് ആംബുലൻസുമായി സെയ്ന്റ് ജൂഡ് അയൽക്കൂട്ടം

സുൽത്താൻബത്തേരി : നാടിനും നാട്ടുകാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയമൊരുക്കി അയൽക്കൂട്ടത്തിന്റെ ആംബുലൻസ്.
പത്തുവർഷത്തോളമായി സാമൂഹികപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മൂലങ്കാവ് സെയ്ന്റ് ജൂഡ് അയൽക്കൂട്ടമാണ് സ്വന്തമായി ആംബുലൻസ് വാങ്ങിയത്. മിതമായ നിരക്കിലും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് സൗജന്യമായും സേവനംലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
15 അംഗങ്ങളുള്ള അയൽക്കൂട്ടത്തിന്റെ വലിയ ആഗ്രഹമായിരുന്നു മൂലങ്കാവ് പ്രദേശത്തേക്ക് ഒരു ആംബുലൻസ് വാങ്ങുകയെന്നത്.
അംഗങ്ങളിൽനിന്ന് പണം പിരിച്ചും ബാക്കിതുക വായ്പയെടുത്തുമാണ് ആംബുലൻസ് വാങ്ങിയത്.
മൂലങ്കാവ് ടൗണിൽ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ നിർവഹിച്ചു. അയൽക്കൂട്ടം പ്രസിഡന്റ് സണ്ണി വിളക്കുന്നേൽ അധ്യക്ഷതവഹിച്ചു. ഫാ. ബെന്നി പനച്ചിക്കൽ, ബത്തേരി നഗരസഭാംഗങ്ങളായ പ്രമോദ് പാളാക്കര, യൂനുസ് അലി, വ്യാപാരിവ്യവസായി പ്രസിഡന്റ് സോമൻ മൂലങ്കാവ്, അനിൽ നൂൽപ്പുഴ, രൂപേഷ് മൂലങ്കാവ്, ബിനോയ്, വർഗീസ് മോളത്ത് തുടങ്ങിയവർ സംസാരിച്ചു.