അപകടക്കെണിയൊരുക്കി മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് കെട്ടിടം

ഏതുനിമിഷവും പൊളിഞ്ഞ് തലയിൽവീഴും

സമീപത്തെ ചായക്കട അടച്ചുപൂട്ടി, ഭീതിയോടെ നാട്ടുകാർ

പുല്പള്ളി : ഉപജീവനമാർഗമായ ചായക്കട അടച്ചുപൂട്ടേണ്ടിവന്നു, ജീവഭയമില്ലാതെ ഒരുരാത്രിപോലും അന്തിയുറങ്ങാനാവുന്നില്ല. ഏതുനിമിഷവും നിലംപതിക്കാറായ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെ ബഹുനില ഓഫീസ് കെട്ടിടത്തിന് സമീപം ഭീതിയോടെ കഴിയുകയാണ് ഒരു കുടുംബം. അധികൃതരുടെ നിസ്സംഗതയിൽ ഈ കുടുംബത്തിന്റെ വരുമാനവും സ്വസ്ഥതയുമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. മുള്ളൻകൊല്ലി ടൗണിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് തൊട്ടുചേർന്നുള്ള ചെറിയകെട്ടിടത്തിൽ ചായക്കട നടത്തിയാണ് ചപ്പങ്ങത്തിൽ അബ്ബാസും കുടുംബവും കഴിഞ്ഞിരുന്നത്. ചായക്കടയുടെ ഉള്ളിൽതന്നെയാണ് ഈ കുടുംബം താമസിച്ചുവരുന്നതും. കഴിഞ്ഞ കുറച്ചുമാസം മുൻപുവരെ എല്ലാം നല്ലനിലയിൽ മുന്നോട്ടുപോയിരുന്നതാണ്. എന്നാൽ, ശോച്യാവസ്ഥയിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം തകർന്നുതുടങ്ങിയതോടെ ഈ കുടുംബത്തിന്റെ ജീവിതവും വഴിമുട്ടിയിരിക്കുകയാണിപ്പോൾ.

മൂന്നുനിലകളിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ തകർന്ന്, വലിയ കോൺക്രീറ്റ് പാളികൾ അടർന്ന് താഴേക്കുപതിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ അബ്ബാസിന്റെ ചായക്കടയുടെ മുകളിലേക്കാണ് ഈ കോൺക്രീറ്റ് പാളികൾ വന്നുപതിക്കുന്നത്. കടയിലെത്തുന്നവരുടെ സുരക്ഷയെ കരുതി രണ്ടുമാസംമുൻപ് ചായക്കട അടച്ചുപൂട്ടി. പക്ഷേ, മറ്റുമാർഗമില്ലാത്തതിനാൽ അബ്ബാസും കുടുംബവും ഈ കെട്ടിടത്തിൽതന്നെയാണ് താമസിച്ചുവരുന്നത്. അടുത്തിടെ രാത്രി ഇവർ കിടന്നുറങ്ങുന്ന മുറിക്കുള്ളിലേക്ക്, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സൺഷേഡ് പൊളിഞ്ഞുവീണു. അബ്ബാസിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർത്താണ് കോൺക്രീറ്റ് പാളികൾ മുറിക്കുള്ളിലേക്ക് പതിച്ചത്. ഇവിടെ ഉറങ്ങിക്കിടന്ന കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. പഞ്ചായത്തിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിസ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഒരുമാസം മുൻപ് അബ്ബാസ് പരാതിനൽകിയെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.

ഓഫീസ് പ്രവർത്തനം മൂന്നുമാസം മുൻപ് മാറ്റി

35 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം അൺഫിറ്റാണെന്ന് വർഷങ്ങൾക്ക് മുൻപേ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നതാണ്. അപകടാവസ്ഥ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മൂന്നുമാസം മുൻപ് ഇവിടെനിന്ന്‌ മാറ്റിയിരുന്നു. നിലവിലുള്ള കെട്ടിടം ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. പലയിടത്തും തുരുമ്പിച്ച കമ്പികൾ തെളിഞ്ഞുകാണാം. കോൺക്രീറ്റിൽ വലിയ വിള്ളലുകളും പൊട്ടലുകളുമുണ്ടായിട്ടുണ്ട്. കൈവരികളും സൺഷേഡും എല്ലാം പൊളിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടായതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സമീപത്തെ മറ്റു വ്യാപാരികളുടെയും ടൗണിലെത്തുന്ന പൊതുജനത്തിന്റെയും ജീവന് ഭീഷണിയാണ് ഗ്രാമപ്പഞ്ചായത്തിന്റെ ഈ പഴയ ഓഫീസ് കെട്ടിടം. കെട്ടിടം പൊളിക്കാൻ ജീവനുകൾ പൊലിയാനായി കാത്തിരിക്കുകയാണോയെന്ന പൊതുജനത്തിന്റെ ചോദ്യത്തിന് ഉത്തരവാദിത്വപ്പെട്ട അധികാരികൾക്കും മറുപടിയില്ല. അപകടം വിളിച്ചുവരുത്തി നിൽക്കുന്ന ഈ കെട്ടിടം എത്രയുംവേഗം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.