കരുതലാകാൻ, കരുത്തേകാൻ കൂടെയുണ്ട് ഫൗസിയ

ഇന്ന് അന്താരാഷ്ട്ര വനിതാ പോലീസ് ദിനം
പതിനൊന്നുവർഷം കൊണ്ട് ഒരുലക്ഷത്തിലധികം പേർക്ക് സ്വരക്ഷാക്ലാസെടുത്ത അനുഭവങ്ങളുമായി സിവിൽ പോലീസ് ഓഫീസർ
കല്പറ്റ : ഒരാൾ പെട്ടെന്ന് കടന്നുപിടിക്കാൻവന്നാൽ എന്തുചെയ്യും? എതിരാളിയുടെ മുഖംനോക്കി കൈത്തണ്ടകൊണ്ടൊരു പാം പഞ്ച് കൊടുക്കാം, അപ്പോ പുറകിൽനിന്നാണ് ആക്രമണമെങ്കിലോ? കൈമുട്ടുകൊണ്ടൊരു എൽബോ പഞ്ച് നൽകാം.
- സ്വയംരക്ഷാക്ലാസിലെ ഓരോ സംശയത്തിനും പോലീസ് വനിതാസെൽ സെൽഫ് ഡിഫൻസ് ടീം ലീഡർ വി. ഫൗസിയക്ക് കൃത്യമായ ഉത്തരമുണ്ട്. പതിനൊന്നുവർഷംകൊണ്ട് ഒരുലക്ഷത്തിലധികം പേർക്ക് ക്ലാസെടുത്ത അനുഭവങ്ങളാണ് സിവിൽ പോലീസ് ഓഫീസർ ഫൗസിയയുടെ കരുത്ത്.
2014-ൽ പോലീസ് സേനയിൽ കയറിയ ഫൗസിയ 2015 മുതൽ വിമെൻ സെൽഫ് ഡിഫൻസ് ട്രെയ്നിങ് പ്രോഗ്രാം ലീഡറാണ്. ഒരു ദശകംകൊണ്ട് ആയിരത്തിയഞ്ഞൂറിലധികം പരിശീലനപരിപാടികൾക്കാണ് ഫൗസിയ നേതൃത്വം നൽകിയത്. ഓരോ ക്ലാസും പങ്കെടുക്കാനെത്തിയവരെപ്പോലെ ക്ലാസ് നയിക്കുന്ന ഫൗസിയക്കും പുതിയ അനുഭവമാണ്. സ്‌കൂളുകൾ, കോളേജുകൾ, റെസിഡെൻസ് അസോസിയേഷനുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളുമാണ് ഫൗസിയയുടെ ക്ലാസുകളിലൂടെ ആത്മവിശ്വാസം നേടിയെടുത്തത്.
പഴയകാലത്തുനിന്നും വ്യത്യസ്‌തമായി സ്ത്രീകൾ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങിയതോടെ അവർക്കുനേരേയുള്ള ആക്രമണങ്ങളും അനുദിനം വർധിക്കുകയാണ്. ഇതോടെ വിമെൻ സെല്ലിന് നിരന്തരം ക്ലാസുകളാണ്. ഒരാഴ്ചയിൽ മൂന്ന് ക്ലാസുകൾ സംഘടിപ്പിക്കണമെന്നാണ് മേലുദ്യോഗസ്ഥരുടെ നിർദേശം.
സേനയിൽ അംഗങ്ങൾ കുറവാണെങ്കിലും മറ്റെല്ലാ തിരക്കുകൾക്കിടയിലും ഫൗസിയയും സംഘവും ക്ലാസുകൾക്ക് ഒരു മുടക്കവും വരുത്താറില്ല.
ഒാരോ പരിശീലനത്തിനുശേഷവും പങ്കെടുത്തവരുടെ പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുന്നതാണെന്ന് ഫൗസിയ പറയുന്നു. സ്വയം പ്രതിരോധത്തിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും മാനസികമായ പിന്തുണ നൽകാൻ കഴിയുന്നതാണ് പരിശീലന പരിപാടിയുടെ ഏറ്റവും വലിയ വിജയമെന്നും തനിക്കെതിരേയുണ്ടാകുന്ന ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നതിലുപരി ആ നിമിഷംതന്നെ പ്രതികരിക്കാനുള്ള ആർജവം വീണ്ടെടുക്കലാണ് പ്രധാനമെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞദിവസം തന്റെ ക്ലാസിൽ പങ്കെടുത്ത ഒരു പെൺകുട്ടിക്ക് സ്വന്തം ബന്ധുവിൽനിന്ന് ആക്രമണം നേരിടേണ്ടി വന്നപ്പോൾ ക്ലാസിൽ പഠിപ്പിച്ച അടവുകളാണ് തുണയായതെന്ന് ഫോണിൽ വിളിച്ചുപറഞ്ഞതിന്റെ അനുഭവം ഫൗസിയ പങ്കുവച്ചു. ആക്രമണങ്ങളിൽ ഭയന്ന് പിൻമാറാതെ ആർജവത്തോടെ പ്രതിരോധിക്കാൻ ജില്ലയിലെ വനിതകൾക്ക് ഇൗ പോലീസുകാരിയുടെ പരിശീലനം കരുത്താണ്.