മാത്തൂർ ഊരുകാർക്ക് ദുരിതംതന്നെ

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല
പനമരം : ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ വകയിരുത്തുമ്പോഴും അവഗണന തുടർന്ന് ഇന്നും ദുരിതജീവിതം പേറുന്ന ഒട്ടേറെ കുടുംബങ്ങളാണ് പനമരം പഞ്ചായത്തിലുള്ളത്. ദുരിതജീവിതത്തിന് എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ എണ്ണിക്കഴിയുകയാണ് പനമരം പഞ്ചായത്തിലെ ഒൻപതാം വാർഡായ മാത്തൂർ ഊരുകാർ. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടുകളില്ലാത്തവർ, മലമൂത്രവിസർജനത്തിന് ശൗചാലയങ്ങൾ ഇല്ലാത്തവർ, കുളിമുറിയില്ല, ശുദ്ധജല വിതരണ പദ്ധതികളില്ല, സ്വന്തമായി കിണറുമില്ലാതെ നരകയാതന പേറുകയാണ് ഒരുകൂട്ടം മനുഷ്യരിവിടെ.
ഊരിലെ ബാബു-നിഷ ദമ്പതിമാരുടെ വീട് കാലപ്പഴക്കത്താൽ തകർന്നു വീഴുകയായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള സഹോദരൻ രാജന്റെ വീട്ടിലാണ് മൂന്ന് ചെറിയ കുട്ടികൾ അടങ്ങുന്ന കുടുംബം ഇപ്പോൾ താമസിക്കുന്നത്. ചുമരുകൾ വിണ്ടുകീറിയും മേൽക്കൂര തകർന്നും ചോർന്നൊലിക്കുന്നതുമായ ഒറ്റമുറിയുള്ള ഈ വീടും ഏതു നിമിഷവും തകർന്നടിയുമെന്ന അവസ്ഥയിലാണ്. 90 വയസ്സുള്ള അസുഖബാധിതയായ അമ്മയും ഈ വീട്ടിലാണ് കഴിയുന്നത്. അതിനാൽ സൗകര്യക്കുറവുമൂലം രാജനും കുടുംബത്തിനും കാട്ടിക്കുളത്തെ ഭാര്യ വീട്ടിലേക്ക് താമസം മാറിപ്പോവേണ്ടി വന്നു.
കറുപ്പന് വീടുണ്ടെങ്കിലും താമസിക്കുന്നത് വീടിനോട് ചേർന്ന് ടാർപോളിൻ ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ്. സ്വന്തം വീട്ടിൽ മക്കളുടെ മൂന്ന് കുടുംബങ്ങളിലായി 15-ഓളം പേരാണ് ഉള്ളത്. ഇവർക്കൊന്നും വീടും സ്ഥലങ്ങളുമില്ല. അതിനാലാണ് വാർധക്യത്തിലും ഷെഡ്ഡിൽ കഴിയേണ്ടി വരുന്നത്. വീട് പാസ്സായെന്ന് പറയുന്നതല്ലാതെ വോട്ടിന് വേണ്ടി എത്തുന്നവർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് കറുപ്പൻ പറയുന്നു. 12 വർഷത്തോളമായി ഗീതയുടെ നാല് കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നതും ഷെഡ്ഡിലാണ്.
കുടിവെള്ളം പോലുമില്ല
കിണറും ശുദ്ധജലവിതരണപദ്ധതികളും ഇല്ലാത്തതിനാൽ കുടിവെള്ളംപോലും വഴക്കുകേട്ട് കൊണ്ടുവരികയാണെന്നാണ് ലീല പറയുന്നത്. ആളുകളുടെ ചീത്തപറച്ചിൽ കേട്ട് തലച്ചുമടായി കുടിവെള്ളം എത്തിക്കണം.
ഈ ഊരിനോട് ചേർന്ന് ഒരു തോട് ഒഴുകുന്നുണ്ട്. റോഡിനപ്പുറം ഏക്കറുകളോളം പരന്നുകിടക്കുന്ന മാത്തൂർ പാടങ്ങളാണ്. എല്ലാ മഴക്കാലത്തും ഇവരുടെ ഉന്നതിയിൽ വെള്ളം കയറും.
അപ്പോൾ കുട്ടികളെയും തോളിലേറ്റി നെട്ടോട്ടമോടുകയാണിവർ. ശൗചാലയവും കുളിമുറിയുമില്ലാത്തതിനാൽ പകർച്ചവ്യാധികൾ നിത്യസംഭവമാണിവിടെ. ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കണമെന്നാണ് ഇവരുടെ ആവശ്യം.