പരിസ്ഥിതിലോല കരട് വിജ്ഞാപനം; വില്ലേജ് ഓഫീസുകളിലേക്ക് കർഷകസംഘം മാർച്ച്

കല്പറ്റ : ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതിലോലമായി കരട് വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, തരിയോട്, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, വെള്ളാർമല വില്ലേജുകളിലേക്കാണ് മാർച്ച് നടത്തിയത്.
പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് ജില്ലയെ പൂർണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. കേരളത്തിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി എൽ.ഡി.എഫ്. സർക്കാർ നൽകിയ നിർദേശങ്ങൾ അവഗണിച്ചാണ് വീണ്ടും കരട് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം അന്തിമമാകാനിരിക്കെ സംസ്ഥാന സർക്കാർ ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ആരോപിച്ചു.
കുന്നത്തിടവക വില്ലേജിലേക്ക് നടത്തിയ മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്‌ഘാടനംചെയ്തു. എസ്. ചിത്രകുമാർ അധ്യക്ഷനായി. തിരുനെല്ലി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനംചെയ്തു. ടി.കെ. സുരേഷ് അധ്യക്ഷനായി.
തരിയോട് വില്ലേജ് ഓഫീസ് മാർച്ച് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി. സുരേഷ് ഉദ്‌ഘാടനംചെയ്തു. കെ.എൻ. ഗോപിനാഥൻ അധ്യക്ഷനായി. നൂൽപ്പുഴ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം ജില്ലാ ട്രഷറർ എൻ.പി. കുഞ്ഞുമോൾ ഉദ്‌ഘാടനംചെയ്തു. ഷിജോ പട്ടമന അധ്യക്ഷനായി.
തൃശ്ശിലേരി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ എക്സിക്യുട്ടീവ് അംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. സി.കെ. ശങ്കരൻ അധ്യക്ഷനായി. പേര്യ വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം. ആന്റണി ഉദ്ഘാടനംചെയ്തു. സി.ടി. പ്രേംജിത്ത് അധ്യക്ഷനായി.
തൊണ്ടർനാട് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ചാക്കോ ഉദ്ഘാടനംചെയ്തു. ഫ്രാൻസിസ് ഉരക്കാട്ടിൽ അധ്യക്ഷനായി. കോട്ടപ്പടിയിൽ കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ജെയിൻ ആന്റണി ഉദ്ഘാടനംചെയ്തു. ജോബിഷ് കുര്യൻ അധ്യക്ഷനായി. കിടങ്ങനാട് കർഷകസംഘം ബത്തേരി ഏരിയാ സെക്രട്ടറി ടി.കെ. ശ്രീജൻ ഉദ്‌ഘാടനംചെയ്തു. എം.സി. രവീന്ദ്രൻ അധ്യക്ഷനായി.
പൊഴുതന വില്ലേജ് ഓഫീസിലേക്ക് നടത്തിയ കർഷക ബഹുജനമാർച്ച് ജില്ലാകമ്മിറ്റിയംഗം മുഹമ്മദ്‌കുട്ടി ഉദ്ഘാടനംചെയ്തു. രതീഷ് അധ്യക്ഷനായി. വെള്ളാർമലയിൽ കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. ജിതിൻ അധ്യക്ഷനായി.