ഇനി കളിചിരികളുടെ കാലം

പനമരം : നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ പനമരം പഞ്ചായത്ത് സ്റ്റേഡിയമായ കരിമ്പുമ്മൽ ഗ്രൗണ്ടിൽ നിർമിച്ച കുട്ടികളുടെ പാർക്ക് തുറന്നു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം പാർക്ക് നാടിന് സമർപ്പിച്ചു.

ഏഴുമാസം മുൻപാണ് ഗ്രൗണ്ടിന്റെ മൂലയിൽ കുട്ടികൾക്കായി പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് ഒരുക്കിയത്.

ഒഴിവുസമയങ്ങളിലും വൈകുന്നേരങ്ങളിലും കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന വിധത്തിലാണ് പാർക്കിന്റെ നിർമാണം. ശാരീരിക-മാനസിക വളർച്ചയ്ക്ക് ഉതകുന്ന റൈഡുകൾ, ഊഞ്ഞാലുകൾ, ഇരിപ്പിടങ്ങൾ എന്നിവ പാർക്കിനെ ആകർഷകമാക്കുകയാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനുപുറമേ പ്രവേശനം തികച്ചും സൗജന്യമായി മുതിർന്നവർക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.

അതേസമയം, പഞ്ചായത്ത് സ്റ്റേഡിയത്തിൽ പാർക്ക് ഒരുക്കിയതിൽ കായികപ്രേമികൾക്കിടയിൽ വിമർശനമുണ്ട്. കളിസ്ഥലത്തിന്റെ വിസ്തൃതി കുറയുമെന്നാണ് പ്രധാന ആക്ഷേപം. മാസങ്ങൾ പിന്നിട്ടിട്ടും പാർക്ക് ഉദ്ഘാടനംചെയ്യാൻ അധികൃതർ തയ്യാറാകാത്തത് നേരത്തേ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

ഏതായാലും ലക്ഷങ്ങൾ മുടക്കി നിർമിച്ച പാർക്ക് തുറന്നുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുട്ടികളും നാട്ടുകാരും.

ചടങ്ങിൽസ്ഥിരംസമിതിയധ്യക്ഷൻ ഷാജഹാൻ കോവ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷാൻറി ജോസ്, സ്ഥിരംസമിതിയധ്യക്ഷരായ ജോസ് നിലമ്പനാട്ട്, എൻ.എ. അജിഷ, മൂപ്പൻസ് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഇ. പ്രഭു, സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ഹസീം, കോൺട്രാക്ടർ മുസ്തഫ കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു.