വയനാട് ജൈനസമാജം ദീപാവലി ആഘോഷിച്ചു

കല്പറ്റ : വയനാട് ജൈനസമാജം ദീപാവലി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് അനന്തനാഥ സ്വാമി ജൈനക്ഷേത്രത്തിൽ മുഖ്യപുരോഹിതൻ പ്രദ്യുമ്‌ന സാമിയുടെ നേതൃത്വത്തിൽ പഞ്ചാമൃതപൂജ നടത്തി. ശേഷം മഹാവീരന്റെ ഫോട്ടോ പല്ലക്കിലേറ്റി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി കൃഷ്ണഗൗഡർഹാളിലെത്തിച്ചു.

നീർവാരത്തെ മികച്ച കർഷക അവാർഡ് നേടിയ പുട്ടസാമി ഗൗഡറും കുട്ടിക്കർഷക അവാർഡ് നേടിയ ഹൃദയ്മാനവും ചേർന്ന് പതാക ഉയർത്തി. ജൈനസമാജം പ്രസിഡന്റ് സി.വി. നേമിരാജൻ ഉദ്ഘാടനംചെയ്തു. ആഘോഷകമ്മറ്റി ചെയർപേഴ്‌സൺ ഉദയകുമാരി അധ്യക്ഷത വഹിച്ചു. മികച്ച കർഷക അവാർഡ് നേടിയ പുട്ടസാമി, യശോദര സാമി, കുട്ടിക്കർഷകൻ ഹൃദയ് മാനവ്, മികച്ച വനിതാകർഷക ചൈതന്യ, കായികതാരങ്ങളായ വനജകുമാരി, സുലോചന, ജൈനബന്ധു എഡിറ്റർ രാജവർമൻ, ധാർമി ക്ലാസ് കൺവീനർ സുധറാണി, യോഗാധ്യാപകൻ ജഗദീഷ്, മികച്ച ഹരിതസേനാ പ്രവർത്തക അനിതാ തിലകാനന്ദ് എന്നിവരെ ആദരിച്ചു.

കിരൺജിത് ശർമ രചിച്ച തത്വാർഥ സൂത്രമലയാള വ്യാഖ്യാനം, ഏകഭാവ സ്‌ത്രോത്ര എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. വിവിധമത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. വൈഷ്ണവസമാജം പ്രസിഡന്റ് കെ.ജി. കൃഷ്ണമോഹൻ, മൈലാടിപ്പാറ ചന്ദ്രനാഥ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എൽ. ജയകുമാർ, രത്‌നത്രയ ജൈൻമിലൻ വയനാട് പ്രസിഡന്റ് പ്രസന്നകുമാരി, മഹിളാസമാജം വൈസ് പ്രസിഡന്റ് ഹംസ വേണി, യുവസമാജം പ്രസിഡന്റ് വിബീഷ് ജൈൻ, ആഘോഷ കമ്മിറ്റി കൺവീനർ കെ.എസ്. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു. ജൈനമതത്തിന്റെ 24-ാമത് തീർഥങ്കരനായ വർധമാന മഹാവീരന്റെ 2553 -ാം നിർവാണ വാർഷികദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ജൈനസമാജം നീർവാരം യൂണിറ്റാണ് ഇത്തവണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.