മടുത്തു മതിയാക്കുന്നു

പാക്കത്തെ പാടങ്ങളിൽ കൃഷിയൊഴിയുന്നു

വാഴവറ്റ : നെല്ലും വാഴയും കപ്പയുമൊക്കെയായി കൃഷിയാൽ സമൃദ്ധമായിരുന്നു വാഴവറ്റ പാക്കത്തെ വയലുകൾ. ഉപജീവനമാർഗവും വരുമാനവുമെല്ലാം കൃഷിതന്നെയായിരുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ കൃഷി കുറഞ്ഞുതുടങ്ങി. വന്യമൃഗശല്യം നാൾക്കുനാൾ കൂടിവന്നതോടെ പാക്കത്തുനിന്ന്‌ കൃഷിയൊഴിഞ്ഞു തുടങ്ങി. പാടങ്ങളുടെ പലഭാഗങ്ങളും ഇപ്പോൾ തരിശ്ശുഭൂമിയായി കിടക്കുകയാണ്.

കൃഷിയുമായി ഒരുതരത്തിലും മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണ് പ്രദേശത്തെന്ന് കർഷകർ പറഞ്ഞു. നെല്ല്, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷിയെല്ലാം പന്നി നശിപ്പിക്കും. കാവൽ നിന്നിട്ടുപോലും കാര്യമില്ലെന്നും കർഷകർ പറഞ്ഞു. മയിലുകൾ കൂട്ടത്തോടെ പാടത്തിറങ്ങുന്നതിനാൽ നെൽക്കൃഷി വിളവെടുക്കാൻ പോലും കിട്ടില്ല. കാട്ടുപന്നികളും കൂട്ടമായാണ് കൃഷിയിടത്തിലെത്തുന്നത്.

ഈ സാഹചര്യത്തിൽ എങ്ങനെയാണ് കൃഷിചെയ്യുകയെന്നാണ് കർഷകരുടെ ചോദ്യം. കൃഷിചെയ്ത് ഒന്നും കിട്ടാത്ത അവസ്ഥകാരണമാണ് പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങിയതെന്ന് കർഷകനായ വിജയകുമാർ പറഞ്ഞു. കാറ്റടിക്കുമ്പോഴുള്ള ശബ്ദംകേട്ട് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് വരാതിരിക്കാനായി പ്ലാസ്റ്റിക്ക് ചാക്കുകൾ വടിയിൽ കെട്ടി വയലിൽ കുത്തിവെച്ചും പടക്കം പൊട്ടിച്ചുമെല്ലാം തുരത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതോടെയാണ് കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടിവന്നത്. കൃഷിചെയ്യാതായതോടെ പാടങ്ങളിൽ ഇപ്പോൾ കാടുകയറി കിടക്കുകയാണ്.

വന്യമൃഗശല്യം മാത്രമല്ല കടുത്ത തൊഴിലാളിക്ഷാമവും രാസവളങ്ങളുടെ വിലവർധനയും ജലലഭ്യതക്കുറവുമെല്ലാം കർഷകരെ പ്രതിസന്ധിയിലാക്കി.

മുടക്കുമുതൽ പോലും തിരി​േക കിട്ടില്ല

വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണംചെയ്ത് കൃഷിചെയ്താലും വിളവെടുക്കാൻ ഒന്നുമുണ്ടാവില്ലെന്നും കർഷകർ പറയുന്നു.

കൃഷി ചെയ്തുകഴിഞ്ഞാൽ മുടക്കുമുതൽപോലും തിരി​േക കിട്ടില്ല. സാമ്പത്തികബാധ്യത മാത്രമാണ് കർഷകന് മിച്ചംകിട്ടുന്നത്.

കൃഷിയിറക്കുന്നതിന് മാത്രമല്ല കൃഷി സംരക്ഷിക്കുന്നതിനാണ് ചെലവ് കൂടുതൽ. കൃഷിചെയ്ത് നഷ്ടംവന്നാലുള്ള സാമ്പത്തിക ബാധ്യതകാരണം പിന്നീട് കർഷകന് കൃഷിചെയ്യാൻ സാധിക്കുകയുമില്ല.

അങ്ങനെ ഒാരോരുത്തരായി കൃഷിയൊഴിഞ്ഞപ്പോഴാണ് പാടങ്ങൾ തരിശ്ശായി തുടങ്ങിയത്. ഇപ്പോൾ പാടങ്ങളിൽ ചിലതിൽ തീറ്റപ്പുൽക്കൃഷിയാണ് ചെയ്യുന്നത്.