ലക്ഷ്യത്തിലെത്താതെ ഉപകാരമില്ലാതെ... ബത്തേരിയിലെ ആധുനിക മത്സ്യമാർക്കറ്റ്

സുൽത്താൻബത്തേരി: വൃത്തിയുടെ നഗരമെന്ന പേരിന് അപവാദമാകുകയാണ് സുൽത്താൻബത്തേരി നഗരസഭയുടെ ആധുനിക മത്സ്യമാർക്കറ്റ്. നഗരത്തിലെ മത്സ്യ-മാംസ വ്യാപാരങ്ങളെല്ലാം ഒരിടത്താക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മാർക്കറ്റാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കി തെരുവുനായകളുടെ കേന്ദ്രമായി വൃത്തിഹീനമായി നിലകൊള്ളുന്നത്. ചുങ്കം ബസ് സ്റ്റാൻഡിന് പിന്നിലായുള്ള കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് മാർക്കറ്റ്.
ഫിഷറീസ് വകുപ്പിന്റെ രണ്ടുകോടിയോളം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഇന്നുവരെയും പൂർണതോതിൽ പ്രവർത്തിച്ചിട്ടില്ല. ഉദ്ഘാടനംകഴിഞ്ഞ് അനുബന്ധസൗകര്യങ്ങളൊരുക്കുന്നതിന് താമസമുണ്ടായി. അതിനുശേഷമാണ് വ്യാപാരികളെ കൂട്ടമായി ഇവിടേക്ക് മാറ്റിയത്. ഇതിന്റെ വരാന്തയിൽ മാത്രമാണ് കച്ചവടം നടക്കുന്നത്.
ലക്ഷ്യമിട്ടത് എല്ലാം ഒരിടത്ത്
ചുങ്കം, കോട്ടക്കുന്ന് തുടങ്ങിയ മേഖലകളിലായുണ്ടായിരുന്ന മത്സ്യ-മാംസ വ്യാപാരികളെ മുഴുവൻ ഒരിടത്തേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം അസംപ്ഷൻ ജങ്ഷന് സമീപമുണ്ടായിരുന്ന നഗരസഭയുടെ മത്സ്യമാർക്കറ്റ് പൊളിച്ച് പുതിയ വ്യാപാരസമുച്ചയം നിർമിക്കുന്നതിനും ലക്ഷ്യമിട്ടാണ് 2022-ൽ കച്ചവടക്കാരെ ഇവിടേക്ക് മാറ്റിയത്.
പിന്നീട് കച്ചവടം കുറഞ്ഞതോടെ പലരും മറ്റിടങ്ങളിലേക്ക് മാറി. നിലവിൽ മാർക്കറ്റിലെ ഒട്ടേറെ മുറികൾ പൂട്ടിക്കിടക്കുകയാണ്. രൂക്ഷമായ ഗതാഗതക്കുരുക്കും നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ പലയിടത്തും മത്സ്യ-മാംസ വ്യാപാരത്തിന് അനുമതിനൽകിയതുമാണ് ഇവിടത്തെ വ്യാപാരികൾക്ക് തിരിച്ചടിയായത്. ഒഴിഞ്ഞുകിടക്കുന്ന സ്റ്റാൾ മുറികൾ ലേലംചെയ്ത് നൽകുകയും മറ്റുവ്യാപാരങ്ങളും കൂടി അനുവദിക്കുകയും ചെയ്താൽ മാർക്കറ്റ് കുറച്ചുകൂടി സജീവമാക്കാനാകുമെന്ന് വ്യാപാരികൾ പറയുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് കടന്ന് ആളുകൾ മത്സ്യവും മാംസവും വാങ്ങാൻ വരാൻ മടിക്കുകയാണ്. ഉച്ചയോടെതന്നെ തിരക്കൊഴിയും.
മാലിന്യവാഹിനിചുങ്കം ബസ് സ്റ്റാൻഡും മത്സ്യമാർക്കറ്റും സ്ഥിതിചെയ്യുന്ന സ്ഥലം വയൽപ്രദേശമായിരുന്നു. നഗരത്തിലെ ഒട്ടുമിക്ക മാലിന്യവും മഴക്കാലത്ത് കൂടുതലായി ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇതോടൊപ്പം മാർക്കറ്റിലെ ദ്രവമാലിന്യമടക്കം ഈ വയൽപ്രദേശത്തേക്കും തുടർന്ന് കൈപ്പഞ്ചേരി തോട്ടിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഇത് പ്രദേശങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. മാർക്കറ്റിൽനിന്നുള്ള ദ്രവമാലിന്യം ഒഴുകിപ്പോകുന്ന ഓടയ്ക്ക് മുകളിൽ സ്ലാബില്ലാത്തതിനാൽ അസഹനീയമായ ദുർഗന്ധമാണ്. മാർക്കറ്റിന് പിൻഭാഗത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലമാണ്. ഇത് മിക്കപ്പോഴും കാടുമൂടിക്കിടക്കുന്നതിനാൽ പുറമേനിന്നുള്ള മാലിന്യം തള്ളുന്ന ഇടമായും മാറിയിട്ടുണ്ട്.
മാർക്കറ്റ് നവീകരണത്തിന് മാസ്റ്റർപ്ലാൻ തയ്യാറാകുന്നു
മാർക്കറ്റിന്റെ സമഗ്രമായ നവീകരണത്തിന് നഗരസഭ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മാസ്റ്റർപ്ലാൻ സർക്കാരിലേക്ക് സമർപ്പിച്ച് അംഗീകാരം ലഭിക്കുന്നതോടെ നിർമാണം തുടങ്ങാനാകും. ബസ് സ്റ്റാൻഡ് പ്രദേശത്ത് ദ്രവമാലിന്യ സംസ്കരണപ്ലാന്റ്(എസ്.ടി.പി.) സ്ഥാപിക്കാൻ തീരുമാനിക്കുകയും ശുചിത്വമിഷനിൽനിന്ന് 2.13 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഓടയിൽനിന്നടക്കമുള്ള വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിന്റെ നിലവാരത്തിൽ കൈപ്പഞ്ചേരി തോട്ടിലേക്ക് ഒഴുക്കുന്നതിനാണ് പദ്ധതി. ഇതോടൊപ്പം ബസ് സ്റ്റാൻഡും നവീകരിക്കും. നഗരത്തിന്റെ പ്രധാന സ്ഥലത്ത് മാർക്കറ്റ് മാത്രമല്ല ഷീ ലോഡ്ജ്, ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യം, ജിംനേഷ്യം തുടങ്ങിയവയുമടക്കമുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. നിലവിലെ ഓട നവീകരിക്കുന്നതിനായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കെ.എസ്. പ്രമോദ്
(ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ, ബത്തേരി നഗരസഭ)