വയനാടിന്റെ വികസനപദ്ധതികൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് ആക്ഷൻ കമ്മിറ്റി

സുൽത്താൻബത്തേരി: വയനാടിന്റെ പ്രധാന വികസനപദ്ധതികൾ സംബന്ധിച്ച് നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ചനടത്തി. നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത, ദേശീയപാത 766-ലെ രാത്രിയാത്രാനിരോധനത്തിനുള്ള പരിഹാരം, ഇ. ശ്രീധരൻ നിർദേശിച്ച കോഴിക്കോട്-വയനാട് അതിവേഗ റെയിൽപ്പാത തുടങ്ങിയവ സംബന്ധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നിർദേശങ്ങളാണ് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തത്.
നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയുടെ ഡി.പി.ആർ. തയ്യാറാക്കൽ നടന്നുകൊണ്ടിരിക്കുന്നത് വേഗത്തിലാക്കാൻ ഇടപെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയം റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രിയാത്രാനിരോധനം പരിഹരിക്കാൻ ബന്ദിപ്പുർ വനത്തിൽ ടണൽപാത നിർമിക്കാൻ സുപ്രീംകോടതിയുടെ മുൻപിലുള്ള നിർദേശവും ഇതുസംബന്ധിച്ച കോടതി ഉത്തരവുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഡി.പി.ആർ. കേരളസർക്കാർതന്നെ കർണാടകയുടെ സഹകരണത്തോടെ തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട്-ബത്തേരി അതിവേഗ റെയിൽപ്പാത പദ്ധതി ശ്രദ്ധയിലുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചർച്ചയിൽ മന്ത്രി ടി. സിദ്ദിഖ്, എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ്, പി.വൈ. മത്തായി, അഡ്വ. ജോസ് തണ്ണിക്കോട്, മോഹൻ നവരംഗ്, നാസർ കാസിം, സി.എച്ച്. സുരേഷ് എന്നിവർ പങ്കെടുത്തു.
Content Highlights: The Nilgiri-Wayanad Action Committee discussed key infrastructure projects, including rail routes and the NH 766 night traffic ban, with Chief Minister V.D. Satheesan.