ഇവർക്കിത് പൊടിയിലമർന്ന മോഹങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ആദ്യക്ഷരം

പൊടിയിലമര്‍ന്ന മോഹങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ആദ്യക്ഷരമായിരുന്നു ഇവര്‍ക്കിത്. 12 വയസ്സുമുതല്‍ 64 വയസ്സുവരെയുള്ള സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം വീല്‍ചെയറിലും മുച്ചക്ര വാഹനത്തിലും കസേരകളിലും ഇരുന്നുകൊണ്ട് താളങ്ങള്‍ കൊരുത്തു. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പൂമ്പാറ്റ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ആദ്യക്ഷരം കുറിയ്കല്‍ നടന്നത്. 22 പേരാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ പാലക്കാട് കേരളശ്ശേരി സ്വദേശി അമൃണേഷാണ്. സംഘത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം 64 കാരന്‍ ചേലക്കരസ്വദേശി രാജുവായിരുന്നു. ഇരുപത്തിനാലാം വയസ്സില്‍ പനിയെതുടര്‍ന്ന് ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ വീണുപോയ രാജുവും ആവേശത്തോടെയാണ് കൊട്ടുപഠിക്കാനെത്തിയത്. പഠിക്കാനുള്ള പുളിമുട്ടിയും കോലും കയ്യില്‍കിട്ടിയപ്പോഴേ ആവേശം ആകാശം തൊട്ടു- കൂടെ വന്നആളിന്റെ കമന്റും വന്നു,.
അത്താണിയിലെ സില്‍ക്‌സ് മൈതാനിയിലെ മരത്തണലില്‍ ഗുരു പെപ്പിന്‍ ജോര്‍ജ്ജിന്റെ വായ്താരിക്കനുസരിച്ച് ഇവര്‍ സ്വയം മറന്ന് കൊട്ടി. തൃശ്ശൂര്‍ പൂരത്തിനിടെ വീണ മരം വീല്‍ചെയറില്‍ തളച്ച ബി.രാമനാഥനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വീല്‍ചെയറിലായതിനുശേഷവും എല്ലാപൂരങ്ങള്‍ക്കുമെത്താറുള്ള ഇദ്ദേഹം വീട്ടില്‍ പാണ്ടിമേളപഠനം ആരംഭിച്ചതും വ്യാഴാഴ്ചതന്നെയായിരുന്നു. മൂന്നരവയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ എല്‍ത്തുരുത്ത് സ്വദേശി ലീന 43-ാം വയസ്സില്‍ ശിങ്കാരിമേളം പഠിക്കാനെത്തിയതും ആവേശത്തോടെയായിരുന്നു. വാഹനാപകടത്തിപെട്ട് വീല്‍ചെയറിലായ ഉണ്ണി പെരിയമ്പലം, ബിജുപോള്‍ തുടങ്ങി ഓരോരുത്തരും ചെണ്ടപഠനത്തിലേക്ക് എത്തിയത് ഉയിര്‍പ്പിന്റെ വഴികളിലൂടെയാണ്. നാലരവയസ്സില്‍ പോളിയോ വന്ന് കാലുരണ്ടും തളര്‍ന്ന ചെറുതുരുത്തി പൈങ്കുളം തെക്കേതോട്ടത്തില്‍ ടി.എന്‍ രാമകൃഷ്ണന്‍ 48-ാം വയസ്സിലാണ് ഈ മോഹസാഫല്യത്തിന് ഇറങ്ങുന്നത്. രണ്ടാം വയസ്സില്‍ പോളിയോബാധിച്ച പാവറട്ടി കാക്കശ്ശേരി സ്വദേശി ചാലൊള്ളിവീട്ടില്‍ സി.ഡി.മിനിയാകട്ടെ നാല്‍പ്പത്തിയാറാം വയസ്സിലും.
ആദ്യദിനം വലംതലയായിരുന്നു പഠനം. ആശാന്റെ വായ്താരിക്കനുസരിച്ച് ശിഷ്യര്‍ ആവേശത്തോടെ കൊട്ടി. മരത്തണലില്‍ കൊളുത്തിവെച്ച വിളക്കിനെ സാക്ഷിയാക്കി വീല്‍ചെയറലിരിക്കുന്ന ഓരോരുത്തരുടെയും മുന്നിലെത്തി വെറ്റിലയും അടയ്കയും നാണയവും ദക്ഷിണയായി ഏറ്റുവാങ്ങിയശേഷമായിരുന്നു പെപ്പിന്‍ ക്ലാസ് ആരംഭിച്ചത്. സഹായിക്കാന്‍ പൂമ്പാറ്റ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ അപര്‍ണയും രാജിയും കൂടെയുണ്ടായിരുന്നു. ഓരോരുത്തരുടെയും താളങ്ങള്‍ ശരിയാക്കിക്കൊണ്ട് പഠനത്തിന്റെ മാറ്റ് കൂട്ടി. രണ്ടുമണിക്കൂര്‍ പഠനത്തിന് ശേഷമാണ് ഈ 22 പേരും പിരിഞ്ഞത്.
തുടര്‍ന്നുവരുന്ന ഞായറാഴ്ചകളിലെല്ലാം ഈ പഠനാവേശം പൂക്കും. വീല്‍ചെയറിലുള്ളവരുടെ ആദ്യശിങ്കാരിമേളസംഘം ആറുമാസംകൊണ്ട് രൂപപ്പെടുത്തുകയാണ് ഉദ്ദേശം. ശിങ്കാരിമേളപഠനത്തിനായി ഇത്തരത്തിലുള്ള നിരവധിപേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടി ഘട്ടം ഘട്ടമായി വിവിധ സ്ഥലങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് ഇവര്‍ ആലോചന. പാലക്കാട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയസ്ഥലങ്ങളില്‍നിന്ന് ആദ്യഘട്ടത്തില്‍തന്നെ അന്വേഷണം വന്നിരുന്നു. വീല്‍ചെയറില്‍ അകപ്പെട്ട് ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പൊതുസമൂഹത്തിലേക്കിറങ്ങാനുള്ള വഴികൂടിയാണിത്. കൂടാതെ ഇതൊരു വരുമാനമാര്‍ഗ്ഗമാക്കാനും പൂമ്പാറ്റ കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.