'അമ്മേ, ഞാനും കുപ്പിപാട്ട പെറുക്കാൻവരട്ടെന്നാണ് മകൻ ചോദിക്കുന്നത്, ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരാണ്'
തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറിങ്ങി അഞ്ച് നാടോടികള്‍ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് നവംബര്‍ 27 പുലര്‍ന്നത്. മദ്യലഹരിയിലായ ക്ലീനര്‍ ഓടിച്ച ലോറിയില്‍ പൊലിഞ്ഞത് രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ച് ജീവനുകള്‍. ദീവസങ്ങള്‍ക്കുള്ളില്‍ വാര്‍ത്താമാധ്യമങ്ങളുടെ ഓരത്തേക്ക് ആ വാര്‍ത്ത പിന്തള്ളപ്പെട്ടു. പതിവിലും വേഗത്തില്‍. റോഡില്‍ കിടന്നുറങ്ങുന്നവരെല്ലാം നാടോടികളാവണമെന്നില്ലെന്ന ബോധ്യം പുരോഗമന കേരളത്തിന് ഇല്ലാതെ പോയി. അരവയറെങ്കിലും നിറയ്ക്കാന്‍ പാലക്കാട് അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് മുണ്ടുമുറുക്കി തെരുവിലേക്കിറങ്ങിയ കുടുംബമാണത്. നാടോടികളല്ല. അവര്‍ക്കൊരു നാടുണ്ട്. ശോച്യാവസ്ഥയുടെ അങ്ങേയറ്റമാണെങ്കിലും അവിടെയൊരു വീടുമുണ്ട്. ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തിപ്പെടുന്നവരുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണിത്
പട്ടയമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ ഈ കുടുബങ്ങളെല്ലാം പെടാപാട് പെടുകയാണ്. എന്തുകാര്യത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായ ഈ നാട്ടില്‍ ഇവര്‍ ഇരുട്ടില്‍ തപ്പുകയാണ്. എത്ര പഠിച്ചാലും പാതിവഴിയില്‍ തെരുവിലേക്ക് തന്നെ വലിച്ചെറിയപ്പെടുമെന്ന് ഉറപ്പിലാണ് ഇവിടെത്തെ കുട്ടികളുടെ ജീവിതം. ഇത്രയധികം വെള്ളമുള്ള ഡാമിനരികെ താമസിച്ചിട്ടും ഇവര്‍ കുടിവെള്ളം കിട്ടാനായി ഓടുകയാണ്. പൈപ്പ് കണക്ഷന് കൊടുത്താലും കിട്ടുന്നില്ലെന്നാണ് പരാതി. പ്രസവിച്ച് കിടക്കുമ്പോള്‍ പോലും വെള്ളത്തിനായി കഷ്ടപ്പെടണം
Content Highlights: Video story about thrissur naatika accident